HomeNewsLatest Newsനൂറുദിന ക്ഷേമപദ്ധതി പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാർ: 20 ലക്ഷം പേർക്ക് തൊഴിൽ

നൂറുദിന ക്ഷേമപദ്ധതി പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാർ: 20 ലക്ഷം പേർക്ക് തൊഴിൽ

രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ചു. 20 ലക്ഷത്തിലധികം പേർക്ക് തൊഴിലും കൊവിഡ്മൂലം കഷ്ടത്തിലായ വർക്ക് 200 കോടിയുടെ പാക്കേജും ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലേ പ്രഖ്യാപനം എങ്ങനെ:

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുകയും അതിന്റെ വിശദാംശങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുകയുമെന്ന കീഴ് വഴക്കമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ ജനാധിപത്യത്തിന്‍റെ അന്തഃസത്ത ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. വികേന്ദ്രീകൃത ജനാധിപത്യ ഭരണക്രമത്തിലൂടെ നമ്മുടെ സംസ്ഥാനം ലോക ശ്രദ്ധയിലേക്കാണുയര്‍ന്നത്. സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം അനിവാര്യമായ തുടര്‍പ്രക്രിയയാണെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുന്നതിലും കേരളം മുന്നില്‍തന്നെ നില്‍ക്കുകയാണ്.

പ്രകടനപത്രിക നടപ്പാക്കാനുള്ളതാണ്. അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങള്‍ അറിയണം. ഇത് കഴിഞ്ഞ സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ തുടര്‍ന്ന സമീപനമാണ്. അതേ രീതി ഈ സര്‍ക്കാരും അവലംബിക്കും എന്ന ഉറപ്പിന്‍റെ ഭാഗം കൂടിയായി ഒരു കര്‍മ്മ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടി ഇന്നിവിടെ പ്രഖ്യാപിക്കുകയാണ്.

കൊവിഡ് – 19 മഹാമാരിയുടെ ആരംഭഘട്ടത്തില്‍ രോഗവ്യാപനം തടയാനായി ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. അതിന്റെ ഫലമായി സമ്പദ്ഘടന തളര്‍ന്നു. തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായി. അതിന്റെ ആഘാതം നേരിടാന്‍ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികള്‍ കഴിഞ്ഞവര്‍ഷം രണ്ടുഘട്ടമായി നടപ്പിലാക്കിയ 100 ദിനപരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൊവിഡി ന്‍റെ രണ്ടാം തരംഗത്തിന്‍റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു.

ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.

അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്‍റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments