HomeSportsഓസീസിനെതിരായ ഏകദിനപരമ്പര; രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി

ഓസീസിനെതിരായ ഏകദിനപരമ്പര; രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി

ബ്രിസ്ബേൻ: ഓസീസിനെതിരെ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ബ്രിസ്ബേനിലെ വുല്ലൂഗബ്ബ‍യിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ആസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49ാം ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും അതും പാഴായി. 127 പന്തിൽ 124 റൺസാണ് രോഹിത് സ്കോർ ചെയ്തത്. ആരോൺ ഫിഞ്ച്, ഷോൺ മാർഷ്, ജോർജ് ബെയ് ലി എന്നിവരുടെ അർധസെഞ്ച്വറിയാണ് ഓസീസ് വിജയത്തിൻെറ നട്ടെല്ലായത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 2-0ന് മുന്നിലെത്തി.

നേരത്തെ തൻെറ പത്താം ഏകദിന സെഞ്ച്വറിയും ഓസ്ട്രേലിയക്കെതിരായ അഞ്ചാം സെഞ്ച്വറിയുമാണ് രോഹിത് ശർമ ഇന്ന് നേടിയത്. 11 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ 171 റൺസാണ് രോഹിത്ത് നേടിയത്. രോഹിത്തിന് പുറമെ വിരാട് കോഹ് ലിയും (59) അജിൻക്യ രഹാനെയുമാണ് ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത്. രോഹിത് ശർമ-വിരാട് കോഹ് ലി സഖ്യം രണ്ടാം വിക്കറ്റിൽ 125 റൺസാണ് കൂട്ടിച്ചേർത്തത്. ക്യാപ്റ്റൻ എം.എസ് ധോണിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനുവേണ്ടി ഓപണർമാരായ ഷോൺ മാർഷും ആരോൺ ഫിഞ്ചും 71 വീതം റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി അടിച്ച ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് 46 റൺസെടുത്ത് പുറത്തായി. പിന്നീട് ഒരുമിച്ച ജോർജ് ബെയ് ലിയും (76), ഗ്ലെൻ മാക്സ്വെലും (26) ചേർന്ന് ഓസ്ട്രേലിയയെ കൂടുതൽ നഷ്ടം ഉണ്ടാക്കാതെ വിജയത്തിൽ എത്തിക്കുകയായിഒരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments