
കാലാവധി കഴിഞ്ഞതുമൂലം വിറ്റഴിക്കാനാകാതെ വന്ന 50 ലക്ഷത്തോളം ലിറ്റർ ബിയർ ബിവറേജസ് കോർപറേഷൻ നശിപ്പിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ വാങ്ങിക്കൂട്ടിയവയാണിത്. മദ്യവിൽപ്പനശാലകളിലൂടെ കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും വിറ്റഴിക്കേണ്ട ബിയറുകളാണിവ. നിയമപ്രകാരം ബിയർ ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നശിപ്പിക്കണം. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നതിനാൽ അതിനനുസരിച്ചാണ് കോർപറേഷൻ വാങ്ങിയിരുന്നത്. പതിവുരീതി മാറ്റിയതോടെയാണ് ബിയർ നശിപ്പിക്കേണ്ടി വരുന്നത്. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നത് അവഗണിച്ചാണ് ഈ പ്രാവശ്യം ലക്ഷക്കണക്കിന് കെയ്സ് ബിയർ വാങ്ങിയത്. കോർപറേഷന് സാധാരണയിൽ കവിഞ്ഞ വിലക്കിഴിവും മറ്റാനുകൂല്യങ്ങളും നൽകിയ കമ്പനിയിൽ നിന്നായിരുന്നു വാങ്ങൽ.
വിറ്റഴിക്കാനാകാതെ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതിനാൽ കോർപറേഷന്റെ സംഭരണശാലകളിലും വിൽപ്പനശാലകളിലും പുതിയ സ്റ്റോക്ക് സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണ്. 50 ലക്ഷത്തോളം ലിറ്റർ ബിയർ ഉൾക്കൊള്ളുന്ന 70 ലക്ഷത്തോളം കുപ്പികൾ നശിപ്പിക്കണമെങ്കിൽ അവ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലെത്തിക്കണം. ഇതിനായും തുക ചിലവിടേണ്ട അവസ്ഥയിലാണ് ബിവറേജസ് കോർപറേഷൻ.