പൊതുകുളങ്ങളിൽ കൂട്ടമായി കുളിക്കുന്നത് തടയാൻ ചെന്ന പോലീസ് രക്ഷകരായി; യുവാവിന് പുനർജ്ജന്മം; ബിഗ് സല്യൂട്ട് കേരള പോലീസ് !

14

പൊതുകുളങ്ങളിൽ കൂട്ടമായി കുളിക്കുന്നത് തടയാൻ ചെന്ന പോലീസ് രക്ഷകരായി,യുവാവിന് പുനർജ്ജന്മം. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ വാർത്ത വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുകുളങ്ങളിൽ കൂട്ടമായി കുളിക്കുന്നത് തടയാൻ ചെന്ന പോലീസ് സംഘം വെള്ളത്തിൽ മുങ്ങിത്താണ യുവാവിന്റെ രക്ഷകരായി.ചേരൂർ റഹ്‌മത്ത് നഗറിലെ മുഹമ്മദ് ഫിറോസ് എന്ന പത്തൊൻപതുകാരനാണ് നിയമപാലകരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്. പരവനടുക്കത്തിനടുത്ത പാലിച്ചിയടുക്കം കൈന്താറിലെ പൊതുകുളത്തിലാണ് സംഭവം.ഇവിടെ വൈകുന്നേരങ്ങളിൽ പല ഭാഗങ്ങളിൽനിന്ന് ചെറുപ്പക്കാർ നീന്തിക്കുളിക്കാൻ എത്തുന്നത് നാട്ടുകാർ മേൽപ്പറമ്പ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം എത്തിയപ്പോൾ കുളിച്ചുകൊണ്ടിരുന്ന യുവാക്കൾ ഓടിപ്പോയി.

കുളക്കടവിൽ വസ്ത്രങ്ങൾ ഇട്ടിരിക്കുന്നത് കണ്ട് എസ്.ഐ. എം.പി. പദ്മനാഭനും ഡ്രൈവർ രഞ്ജിത്തും സിവിൽ പോലീസ് ഓഫീസർ കൃപേഷും ഇറങ്ങിനോക്കിയപ്പോൾ യുവാവ് മുങ്ങിത്താഴുന്നതാണ് കണ്ടത്. കൈ ഉയർത്തിപ്പിടിച്ചിരുന്നു. രഞ്ജിത്ത് യൂണിഫോമോടെ 15 അടി ആഴമുള്ള കുളത്തിലേക്ക് എടുത്തുചാടി. രണ്ടുതവണ മുങ്ങിത്താണ് തപ്പിയെങ്കിലും ആളെ കിട്ടിയില്ല. മൂന്നാമത്തെ മുങ്ങലിൽ ഫിറോസിന്റെ കൈയിൽ പിടിക്കാനായതാണ് ജീവന്റെ പിടിവള്ളിയായത്. പദ്മനാഭനും കൃപേഷും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി.ഇതിനിടെ, ഓടിപ്പോയ ഫിറോസിന്റെ ചങ്ങാതിമാരും തിരികെ എത്തിയിരുന്നു. അവശനായ ഫിറോസിന് പോലീസുകാർ കൃത്രിമശ്വാസം നൽകിയെങ്കിലും അനക്കമില്ലായിരുന്നു. കരയ്‌ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകിയശേഷമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എസ്.ഐ.പത്മനാഭൻ എം പി, സിവിൽ പോലീസ് ഓഫീസർ കൃപേഷ് എം വി എന്നിവരുടെ സഹായത്തോടെയാണ് യുവാവിനെ പോലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്. പ്രഥമശുശ്രൂഷ കിട്ടിയതോടെ ഫിറോസ് കൺതുറന്നു. പോലീസ് വിവരമറിയിച്ച് ഫിറോസിന്റെ ബന്ധുക്കളുമെത്തി. നീന്തൽ പഠിക്കാനാണ് ഫിറോസ് കുളത്തിലിറങ്ങിയത്. കോവിഡ് നിയന്ത്രണം തുടരുന്നതുവരെ കുളിയും നീന്തലും വിലക്കി ഇവിടെ മേൽപ്പറമ്പ് പോലീസ് ബോർഡ് സ്ഥാപിച്ചു.