HomeAround Keralaഉടലും മനസ്സും: പാർശ്വവൽക്കരിക്കപ്പെട്ട ട്രാൻസ്‌ജെണ്ടർ ജീവിതങ്ങളെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറൽ !

ഉടലും മനസ്സും: പാർശ്വവൽക്കരിക്കപ്പെട്ട ട്രാൻസ്‌ജെണ്ടർ ജീവിതങ്ങളെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറൽ !

 

ഉടലും മനസ്സും:

“നിന്നിലെ മനസ്സിനെ ഞാൻ തിരിച്ചറിയുന്നഇടത്താണ് ഞാനും നീയും ഒരുപോലെ മനുഷ്യനാവുന്നത്…”

എന്നെയൊന്ന് കേൾക്കാമോ…?
എനിക്ക് പറയാനുള്ള കാര്യങ്ങളല്ല നിങ്ങൾ കേൾക്കേണ്ടത്…. മറിച്ച് ഈ വരികൾക്കുള്ളിൽ ഞാൻ ചുരുക്കിവെച്ചിരിയ്ക്കുന്ന ഒരു പറ്റം ആളുകൾക്ക് പറയാനുള്ള കാര്യങ്ങളാണ് കേൾക്കേണ്ടത്…..

അവർക്കായ് മാത്രമാണ് നിങ്ങളുടെ അൽപ്പ സമയം മാറ്റി വെയ്ക്കേണ്ടത്… അത് ചിലപ്പോൾ ഇനിയും തിരിച്ചറിവ് എത്താത്തവർക്ക്‌ പുതിയൊരു തിരിച്ചറിവാവം….

ഇന്ന് ഭൂമിയിൽ ജീവന്റെ തുടിപ്പ് അവശേഷിക്കുന്ന ഓരോ മനുഷ്യനും സ്വന്തമെന്ന് പറയാൻ ഒരു ഉടലും മനസ്സും ഉണ്ടാവും…

എന്നാൽ മനസ്സും ഉടലും വിത്യസ്ഥമായി ജനിക്കുന്ന ഒരുപറ്റം മനുഷ്യരും നമ്മുടെ സമൂഹത്തിൽ ഇല്ലേ…?…

അതേ അവർ അൾക്കുട്ടത്തിൽ തനിച്ചാക്കപ്പെടേണ്ടവർ അല്ല മറിച്ച് “അവർ അൾക്കുട്ടത്തിൽ വ്യത്യസ്ഥരാണ്…

“ഈ തിരിച്ചറിവാണ് സമൂഹത്തിന് വേണ്ടത്…

ഞാൻ ഈ പറഞ്ഞത് മറ്റാരെക്കുറിച്ചുമല്ല…..
“പണ്ടൊരിക്കൽ…..

ഒരു മഴക്കാലമായിരുന്നു.ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം.കേവലം പന്ത്രണ്ടിന്റെ ചവിട്ടുപടി മാത്രം എത്തിയ പ്രായം….
കൃത്യമെന്നോണം എട്ടാം നമ്പറുകാരൻ പ്രസന്റ് പറഞ്ഞതും മഴയത്ത് ഓടി വന്നപ്പോൾ തലയിൽ വീണ വെള്ളം കൈകൊണ്ട് തട്ടി മാറ്റി ക്ലാസ്സ്‌ റൂമിന്റെ വാതിലിൻ മുൻപിൽ നിന്നും അവൻ വിളിച്ചു പറഞ്ഞു..

നമ്പർ “ണയാൻ” പ്രസന്റ് മിസ്സ്‌….

ക്ലാസ്സിലിരുന്ന കുട്ടികൾ പലരും അവന്റെ മുഖത്തേയ്ക്ക് നോക്കി “ഒൻപത്” എന്നും പറഞ്ഞ് വാ പൊത്തിച്ചിരിച്ചു….

അവൻ അത് കണ്ടതോ കേട്ടതോ ആയ ഭാവം നടിക്കാതെ മുൻബഞ്ചിൽ തന്നെ ഇരുന്നു…അവൻ ഒരു ആൺക്കുട്ടി മാത്രമായിരുന്നു…. അവന്റെ മനസ്സും ശരീരവും ഒരു ആൺക്കുട്ടിയുടെതായിരുന്നു എന്നിട്ടും അറ്റൻഡൻസ് നമ്പർ ഒൻപത് ആയതിന്റെ പേരിൽ മാത്രം അവനെ കളിയാക്കുന്ന എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള കുട്ടികൾ… ഈ കളിയാക്കിച്ചിരികൾ ഉയരാൻ കാരണം ഒന്നേയുള്ളു നമ്മുടെ സമൂഹം….

ഡാ നിന്റെ നമ്പർ മിസ്സിനോട്‌ പറഞ്ഞാൽ മാറ്റിത്തരും നീ പിന്നെ കളിയാക്കൽ കേൾക്കണ്ടടാ എന്ന് ഉറ്റ മിത്രം അവനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി കെട്ട് അവനോട് വല്ലാത്ത ബഹുമാനമാണ് അന്ന് തോന്നിയത്….

മെല്ലെ തന്റെ സുഹൃത്തിന്റെ തോളിൽ കൈ വെച്ചു കൊണ്ട് അവൻ പറഞ്ഞു

“ഡാ ഞാൻ എന്തിന് എന്റെ നമ്പർ മാറ്റിത്തരാൻ മിസ്സിനോട് പറയണം?
ഈ ഒൻപത് എന്ന നമ്പറിന് എന്ത ഇപ്പൊ ഇത്ര കുഴപ്പമുള്ളത്….?

നീ ഉൾപ്പെടേയുള്ള കൂട്ടുകാർ ഞാൻ അറ്റൻഡൻസ് പറയുമ്പോൾ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കാണാറുണ്ട് എപ്പോഴെങ്കിലും അതിന്റെ പേരിൽ എന്റെ മുഖത്ത് ഒരു ചമ്മലോ സങ്കടമോ നീ കണ്ടിട്ടുണ്ടോ…? ഇല്ലല്ലോ….?”

മനുഷ്യനായി ജനിച്ചാൽപ്പോരാ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ പഠിക്കണം”
എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്…
ഞാൻ ഒരു മനുഷ്യനാടാ എനിക്ക് ഇപ്പൊൾ അത്ര മാത്രമേ പറയാനുള്ളു……എന്നിട്ട് ഒരു ചെറു പുഞ്ചിരിയും…..

കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോൾ മരുന്ന് കുറിച്ച ഡോക്ടർ അന്നത്തെ ആ ഒൻപതാം നമ്പറുകാരൻ ആയിരുന്നു. അവന്റെ ചെറു പുഞ്ചിരി അതുപോലെതന്നെ ആ മുഖത്ത് ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം അവന്റെ അമ്മയുടെതായിരുന്നു ഒപ്പം ആ വാചകവും
“മനുഷ്യനായി ജനിച്ചാപ്പോരാ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ പഠിക്കണം”…ഏറെ ബഹുമാനം ഇന്നുമുണ്ട് ഡോക്ടർ ജി….

—————————————-

സ്ഥിരമായി ജീൻസും ഷർട്ടും ധരിച്ചുകൊണ്ട് പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് വരാന്തയിലൂടെ നടന്നു വരുന്ന ഒരു പെൺകുട്ടി….

ഷർട്ടിന്റെ കൈ മുകളിലേയ്ക്ക് മടക്കി നല്ല ഭംഗിയായി വെയ്ക്കാൻ മറക്കാറില്ല…
നിൽപ്പും നോട്ടവും നടപ്പും ആൺക്കുട്ടിളെപ്പോലെ…
നൃത്തത്തേക്കാളും സംഗിതത്തേക്കാളും കായിക മേഖലയിൽ മിടുക്കി… അതുകൊണ്ട് തന്നെ നിരവധി സമ്മാനങ്ങളും അവളെത്തേടി എത്തിയിരുന്നു ….
ഞാൻ ഉൾപ്പടെ പലരും അവൾ നടന്നു പോകുമ്പോൾ നോക്കി നിൽക്കാറുണ്ടായിരുന്നു. കാരണം ഒന്നേയുള്ളു
“പെണ്ണുടലിലെ ആൺമനസ്സ് …”….

ആണും പെണ്ണും കെട്ടവൾ എന്ന് അടക്കം പറഞ്ഞ് അവളെ… നോക്കി നിൽക്കുന്നവരിൽ പലരും കളിയാക്കുന്നത് പലതവണ കെട്ടിട്ടുമുണ്ട്…
ഒരിക്കൽ കോളേജ് ഓഡിറ്റോറിയത്തിലെ തിക്കിലും തിരക്കിലും കിട്ടിയ കസേരയിൽ ചാടിക്കയറി ഇരുന്നപ്പോൾ തൊട്ടപ്പുറത്ത് അവളും കൂട്ടുകാരികളും…

മുൻപേ പരിചയപ്പെടാൻ ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒട്ടും മടിക്കാതെ ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു ഒപ്പം കോമേഴ്‌സ് ആണല്ലേ ഡിപ്പാർട്മെന്റ്…? എന്ന് ചോദിച്ചു…
വളരെ സ്നേഹപൂർവ്വം അവളും തിരികെ സംസാരിച്ചു…. അവൾക്ക് കിട്ടിയ പുരസ്‌കാരങ്ങൾ കേട്ട് എന്റെ കണ്ണ് തള്ളിയത് കണ്ടത് കൊണ്ടാവാം അവസാനം അവൾ വീട്ടുകാര്യങ്ങൾ പറയാൻ തുടങ്ങി

“എന്റെ അമ്മച്ചിയ്ക്കും അപ്പച്ചനും ഞങ്ങൾ അഞ്ചു മക്കളാണ് എനിക്ക് മുത്തത് നാല് ഏട്ടൻമ്മാർ.
എല്ലാവരും നല്ല പ്രായമുള്ളവരായി ഇപ്പൊ…

കാത്തിരുന്നു കാത്തിരുന്നു അവസാനമായി കിട്ടിയ കുടുംമ്പത്തിലെ ഒരേയൊരു പെൺതരിയാണ് ഞാൻ.
എന്റെ ഏട്ടൻമ്മാരുടെ പൊന്ന് അനുജത്തി…
എനിക്കും അവരാണ് ഹീറോസ്…
ഇന്നേവരെ അവരുടെ ഇഷ്ടങ്ങൾ മാത്രമാണ് എന്റെ ഇഷ്ടങ്ങൾ …
ഞാൻ ഈ ഇട്ടേക്കുന്ന ഡ്രസ്സ്‌ താൻ കണ്ടോ…?
കുഞ്ഞേട്ടൻ പിറന്നാളിന് ഇടാൻ വേണ്ടി ഫ്ളിപ്കാർട്ടിൽ നിന്നും വാങ്ങിയതായിരുന്നു …
പുള്ളി പോയപ്പോ ഞാൻ ഇങ്ങ് പൊക്കി ഒപ്പം ഒരു കണ്ണ് ഇറുക്കി ചിരിച്ചു….
സ്പോർട്സിൽ ചാമ്പിയനാണ് എന്റെ രണ്ടാമത്തെ ഏട്ടൻ അതേ ഐറ്റം തന്നെയാണ് എനിക്കും ഇത്തവണ പ്രൈസ് വാങ്ങിത്തന്നതും എന്റെ പ്രിയ കോച്ചായിരുന്നു പുള്ളി….
ഈ കൈ ഇങ്ങനെ മടക്കി വെയ്ക്കുന്നതാണ് എന്റെ മൂത്ത ഏട്ടന് ഇഷ്ടം അടിപൊളി അല്ലായോ….? പുള്ളിക്കാരൻ പണ്ടേ കുറച്ച് സ്റ്റൈലിഷ് ആണ്….
ഈ കഴുത്തിൽക്കിടക്കുന്ന മാല കണ്ടോ ഇത് നടുക്കത്തെ ചേട്ടന്റെ കൈയ്യിൽ നിന്നും അടിച്ചു മാറ്റിയതാ ….
അവൾ പറയുന്നത് എല്ലാം കേട്ടുതലയാട്ടി ഇരുന്നുകൊണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി….
ഇയാൾ എന്തിനാണ് ചിരിക്കുന്നത്…?
എന്ന് ഉടനടി ചോദ്യം എത്തി…
ഹേ ഒന്നൂല്ലടൊ എന്ന് ഞാൻ മറുപടി പറഞ്ഞതും … അവൾ വീണ്ടും സംസാരം തുടങ്ങി….

ചിരിയുടെ കാര്യം എനിക്ക് പിടികിട്ടി എടൊ താൻ കരുതും പോലെ ഞാൻ ഒരു ആണും പെണ്ണും കേട്ട ആളൊന്നുമല്ല….ഞാൻ പെൺകുട്ടി ആടോ… നല്ല ഒന്നാംതരം കോട്ടയംകാരി അച്ചായത്തി…എന്റെ അച്ചായൻമ്മാരെ കണ്ടു വളർന്നു വളർന്നു അവരില്ലാതെ എനിക്ക് ജീവിക്കാൻ പറ്റാതെ ആയി…ഊണിലൂം ഉറക്കത്തിലും അവരാണ് മനസ്സിൽ…രണ്ട് കൊല്ലം മുൻപ് അവര് നാലാളുംകൂടി അപ്പച്ഛനേം അമ്മച്ചിയേം എന്നേം കൂട്ടാതെ ഒരു ട്രിപ്പ്‌ പോയി പിന്നെ തിരിച്ചു വന്നത് പള്ളി പറമ്പിലേയ്ക്ക് ആയിരുന്നു.. കീറി മുറിച്ച നാല് വെള്ളം തുണിക്കെട്ടുകൾ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…

ഒപ്പം ചിരിച്ചുകൊണ്ട് സോറി സോറി ഞാൻ അറിയാതെ നന്ദനത്തിലെ നവ്യയായിപ്പോയി… വീണ്ടും അവൾ തുടർന്നു എടൊ അഞ്ചിൽ നാല് പേര് പോയി പക്ഷെ ശരീരംകൊണ്ട് മാത്രമാണ് പോയത് അവരുടെ മനസ്സ് ഇപ്പോഴും എന്റെ കൂടെയുണ്ട്…

അവരുടെ മനസ്സ് എനിക്ക് സമ്മാനിച്ചപ്പോൾ ഞാൻ എന്റെ ഉടല് നാലായി പകുത്തുകൊണ്ട് അവർക്ക് പുതിയൊരു ജീവൻ ഏകൻ നോക്കി അത്രെ ഉള്ളു ഈ കോലത്തിന്റെ കഥ…

അതുകൊണ്ട് ഞാൻ ഈ കോളേജിൽ ഒരു ആണും പെണ്ണും കെട്ടവൾ ആയി…. സന്തോഷം മാത്രം……
എന്നിട്ട് ഒരു ചിരിയും കക്ഷി സ്വയം പാസാക്കി….
അതുകേട്ടപ്പോൾ വല്ലാത്ത ഒരുതരം മരവിപ്പ് മനസ്സിൽ കയറി അവളുടെ ഒപ്പമിരുന്ന നിമിഷത്തെ അറിയാതെ ഞാൻ ശപിച്ചുപ്പോയി….
അവളുടെ വാക്കുകൾക്ക് മറുപടി ഒന്നും പറയാതെ ഞാൻ അവളുടെ കൈകളിൽ ഒന്ന് ഇറുക്കി പിടിച്ചു….
കുറച്ചു മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് അവളുടേതായിരുന്നു…
ആ പ്രൊഫൈൽ ഫോട്ടോയിൽ പുഞ്ചിരിച്ചുകൊണ്ട് നല്ല പതിയോടൊപ്പം നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ അവളുടെ അന്നത്തെ ആ ഈറനണിഞ്ഞ കണ്ണുകൾ ഓർമ്മ വന്നു….

കൂടപ്പിറപ്പികൾക്കായി ജീവിച്ചവൾ…

—————————————
അതെ..

..കൂടപ്പിറപ്പികൾക്കായി ജീവിച്ചവൾ…

————————————-

നമ്മുടെ ഡോക്ടർ സാറും സ്പോർട്സ് തരാവും മനസ്സും ഉടലും രണ്ടായിപ്പോയത് കൊണ്ടല്ല ഒൻപതെന്നും ആണും പെണ്ണും കെട്ടവൾ എന്നും ആളുകൾ വിളിച്ചതും പുച്ഛിച്ചു കളിയാക്കിയതും മറിച്ച് വെറും ഒരു അറ്റൻഡൻസ് നമ്പറിന്റെ പേരിലും പ്രിയപ്പെട്ട വസ്ത്രം ധരിച്ചതിന്റെ പേരിലും മാത്രമാണ്….

അതാണ്‌ നമ്മുടെ സമൂഹം….

————————————–

ഇത് വായിക്കുന്ന നിന്നോടാണെനിയ്ക്ക് പറയാനുള്ളത്….

ആണും പെണ്ണുമായി ജനിച്ചിട്ട് പോലും വസ്ത്രധാരണം കൊണ്ടും അറ്റൻഡൻസ് നമ്പർ കാരണവും ആളുകൾ കളിയാക്കി ചിരിക്കുന്നുവെങ്കിൽ ഇടയ്ക്ക് എങ്കിലും മനസ്സ് വേദനിച്ചു എങ്കിൽ…

ഉടലും മനസ്സും രണ്ടായി പിറന്ന ആളുകളുടെ മുഖത്തേയ്ക്ക് ശിഖണ്ടി എന്ന് വിളിച്ചുകൊണ്ട് കർക്കിച്ചു തുപ്പുന്ന അവസ്ഥയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കുക…

ആ അവസ്ഥ ചിന്തിച്ചു നോക്കാൻ പോലും നിനക്ക് മനസ്സ് വരുന്നില്ലയെങ്കിൽ ഞാൻ നിന്നെ വിളിക്കും..

“വിവരമില്ലാത്ത സാമൂഹിക ജീവി”…

നീ മനുഷ്യനല്ല കാരണം നിനക്ക് മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ സാധിക്കുന്നില്ല…

————————————-

ഒരു വൈകുന്നേരം കൈയ്യിലെ വാച്ചിൽ ആറര കഴിഞ്ഞിരിക്കുന്നു..
നേരത്തെ ഇരുട്ടു വീണിരിക്കുന്നതുകൊണ്ട് തന്നെ മനസ്സിൽ ആവട്ടെ വല്ലത്ത പേടി കൊണ്ട് പാതിരാത്രിയായ ഫീൽ…
നിൽക്കുന്ന ലൊക്കേഷൻ കോട്ടയം നാഗമ്പടം സ്റ്റാൻഡും…

തിരികെ വീട്ടിലേയ്ക്ക് മടങ്ങാൻ പല ആളുകളും അവിടെയുണ്ട് പക്ഷെ പരിചയം ഉള്ള ഒരു മുഖം പോലുമില്ല എന്നതാണ് മനസ്സിലുതിച്ച പാതിരാ സൗന്ദര്യത്തിനു കാരണം….
പേടി മനസ്സിലുണ്ടെങ്കിലും കൈയ്യിൽ മൊബൈൽ ഉള്ളത് ഒരു ആശ്വാസമായിരുന്നു അടുത്ത ബസ്സ് വരുന്നതുവരെ അതിൽ തോണ്ടിക്കൊണ്ട് ഇരിയ്ക്കാമെന്നു കരുതി ബാഗിലെ അവസാനത്തെ അറയ്ക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ഫോൺ കൈയ്യിൽ എടുത്ത് അതിനെ കുത്തി എഴുനേൽപ്പിച്ചു കൊണ്ട് സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന ഇരിപ്പിടത്തിൽ പോയി ഇരുന്ന് വേറെ എങ്ങോട്ടും വിക്ഷിക്കാതെ തോണ്ടൽ തുടങ്ങി…
അപ്പോൾ അതാ വലത്തേ കൈയ്യിൽ ആരോ പെട്ടെന്ന് തോണ്ടി ഒന്ന് ഞെട്ടിയെങ്കിലും ആ ഭാവം മുഖത്ത് കാണിക്കാതെ തിരിഞ്ഞു നോക്കിയതും മാത്‍സ് ഡിപ്പാർട്മെന്റിലെ എന്റെ ബസ് മേറ്റ്‌…
തോണ്ടിയ കൈ താഴേയ്ക്ക് താഴ്ത്താതെ തൊട്ടപ്പുറത്തിരുന്ന ഉടലും മനസ്സും രണ്ടായി പിറന്നവൾക്ക് നേരെ കണ്ടിട്ട് ഭയം തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ നീട്ടിയപ്പോൾ ….
ശരിക്കും ഭയന്നത് ആ സ്ത്രീ ആയിരുന്നു.. ഒപ്പമിരുന്ന എന്റെ അരികിൽ നിന്നും ഒരക്ഷരം മിണ്ടാതെ സങ്കടവും ചമ്മലും കലർന്ന മുഹത്തോടെ അവൾ എഴുനേറ്റ് പോയി…

പിന്നീട് ഞാൻ വീണ്ടും പല തവണ ആ സ്ത്രിയെ കണ്ടു വീടിനുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ ടെലിവിഷൻ സ്‌ക്രീനിൽ…ഇന്നെനിക്ക് അവരിടൊപ്പം ഇരിക്കാൻ സാധിക്കാത്ത വിധം അവർ വളർന്നിരിക്കുന്നു….

ചമ്മൽ നിറഞ്ഞ അന്നത്തെ ആ മുഖത്ത് ഇന്ന് അഭിമാന ത്തിന്റെ പുഞ്ചിരി കാണാം….

——————————–

വിദ്യാസമ്പന്നതയുടേയും,പണത്തിന്റെയും, പതവിയുടേയും, കച്ചവടചന്തകളുടേയും വൻകിട മാനംമുട്ടുന്ന വ്യവസായ സാമൂച്ചയങ്ങളുടേയും മെട്രോ എന്ന ഇമ്മിണി വലിയ പുഴുവിന്റെയും
(മെട്രോ ട്രെയിൻ ഓടി വരുന്നത് കാണുമ്പോൾ ഭംഗിയുള്ള ഒരു വലിയ പുഴുവിനെപോലെ തോന്നാറുണ്ട് )

നാട്….

ആദ്യ ജോലിക്കായ് എറണാകുളം എന്ന സിറ്റിയിലേയ്ക്ക് വണ്ടി കയറിയത് എല്ലാവരെയുംപ്പോലെതന്നെ നിരവധി സ്വപ്‌നങ്ങളെഴുതിയ പുസ്തക താളുകള്മായായിരുന്നു….

ഒരു രാത്രിയിൽ ഓവർ ടൈം ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങി കൂട്ടുകാരുമൊത്ത് നടന്ന് അടുക്കാൻ പറ്റുന്ന ദൂരമുള്ള ഹോസ്റ്റലിനെ ലക്ഷമാക്കി വേഗം നടന്നപ്പോൾ അടുക്കിയിട്ട ലോറികൾക്കിടയിലേയ്ക്ക് ഒരു പെൺതരി ഒളിച്ചു മാറുന്നത് കണ്ടു എത്തി നോക്കവേ ഒപ്പം മുണ്ടായിരുന്ന ഒരു പെൺകുട്ടി പറഞ്ഞു…

ചേച്ചി അത് മറ്റേ കേസ് ആണ്…
ആരാണ് കാൾ ഗേൾ?
എന്നൊരു ചോദ്യം തിരിച്ചു ചോദിച്ചപ്പോൾ അടുത്ത ആളുടെ വക മറുപടി വന്നു അതായിരുന്നു എങ്കിൽ തിരക്കേടില്ലായിരുന്നു ഇത് അതൊന്നുമല്ല… പിന്നെ?… ”
ഒൻപത്”
ആളെ പറ്റിക്കുന്ന ആണും പെണ്ണുക്കെട്ട വർഗം…ഹ്മ്മ് എന്ന് ഉറച്ചൊന്ന് മുളിയപ്പോൾ പെൺകുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ ഓഫീസിൽ നിന്നും കൂട്ടുവന്ന ആൺതരിയുടെ മറുപടി കെട്ട് നിവർത്തിയിട്ടിരുന്ന കൈ അറിയാതെ ചുരുണ്ട് പോയി…

“പെണ്ണുങ്ങളെ കാണുമ്പോൾ പുറകോട്ട് ഒളിക്കും ആ വേശികൾ…. ശവങ്ങൾ…എനിക്കൊക്കെ നല്ല ശരീരം ഉള്ളതാണ് തിരിച്ചു വരുമ്പോൾ കേറി പിടിക്കാനായി പിറകെ ഓടി വരാതെ സൂക്ഷിക്കണം “….

ഇതായിരുന്നു ആ മഹാന്റെ വാക്കുകൾ…..

പിറ്റേന്ന് ഈ വാക്കുകൾ എഴുത്തിനോട് അടങ്ങാത്ത പ്രണയവും, സിനിമ സ്വപ്‌നവും ആക്കിയ എന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയോട്
പറഞ്ഞുകൊണ്ട് ഓഫീസിൽ എത്തിയ ശേഷം അവനോട് ഒട്ടും മടിയ്ക്കാതെ ചോദിച്ചു..

“നീ ഇന്നലെ തിരിച്ചു പോയപ്പോൾ അവിടെ കണ്ട ട്രാൻസ് നിന്റെ പിറകെ വന്നോ…. ഇല്ല എന്ന് മറുപടി…നീ ഇത് വായിക്കുന്നുണ്ടെങ്കിൽ നീ അവരെ വിളിച്ച വിളികൾക്ക് ഒരു ലോഡ് പുച്ഛം മാത്രം കുഞ്ഞേ നിന്നോട്….കഷ്ടം…

അന്ന് അവൻ പറഞ്ഞ ആ വാക്കുകൾ മനസ്സിൽ കിടന്ന് തിളച്ചതുകൊണ്ടും… ലോറിയുടെ മറവിൽ ഒളിക്കുന്ന മുഖത്തെ നിസ്സഹായതയും…
ടെലിവിഷൻ സ്‌ക്രീനിൽ അന്ന് കണ്ട അഭിമാനത്തിന്റെ മുഖവും… കോവിഡ് കാലത്ത് സമൂഹം നേരിട്ട ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകളെ അവർ എങ്ങനെ പോരാടി വിജയിച്ചു എന്നതും മുൻനിർത്തി മനസ്സിലുദിച്ച ഡോക്യുമെന്ററിയെ മുറികെ പിടിച്ചുകൊണ്ട് ഞാനും എന്റെ പ്രിയ സുഹൃത്തും അവരെത്തേടി ഇറങ്ങി….

നിരവധി പേരോട് സംസാരിക്കാൻ അവസരം ഉണ്ടായി ഹൃദയം നനയിപ്പിക്കുന്ന നിരവധി കഥകൾ അറിയാൻ സാധിച്ചു…

ചിലരുടെ അനുഭവങ്ങൾ ഒരു ഡോക്യുമെന്ററിയിൽ ഒതുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിപ്പോലും തോന്നിയ നിമിഷം….

കാറിൽ ഇരുന്നുകൊണ്ട് രാത്രിയിലെ അവരുടെ അവസ്ഥ ക്യാമറിയിൽ ആക്കി അവരുടെ അരികിലേക്ക് ഇറങ്ങി ചെന്നപ്പോൾ

“ഇത്ര രൂപ തന്നാൽ ഞാൻ വരാം ” എന്ന മറുപടിക്ക്‌ ചോദ്യമെന്നോണം എന്റെ സുഹൃത്ത് പറഞ്ഞു… മറ്റൊന്നും എനിക്ക് താല്പര്യമില്ല എന്നോട് അൽപ്പസമയം സംസാരിക്കാൻ മനസ്സ് കാണിക്കാമോ…എനിക്ക് നിങ്ങളുടെ അനുഭവം അറിഞ്ഞാൽ മാത്രം മതി… ആദ്യം കുറച്ചു മടി കാണിച്ചു എങ്കിലും അവർ സമയം ചിലവഴിക്കാൻ തയ്യാറായി…

ഒപ്പം അവരുടെ പല സുഹൃത്തുക്കളുടേയും നമ്പറുകളും തന്നു… എല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം അവർ ആദ്യം പറഞ്ഞ തുകയും കൈയ്യിലേക്ക് വെച്ച് നീട്ടി….

വേണ്ട സർ, ചെയ്യുന്ന തൊഴിലിൽ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഇത് ചെയ്യുന്നത് അതിന്റെ സാഹചര്യം നിങ്ങൾക്ക് ഞാൻ വിവരിച്ചു തരുകയും ചെയ്തു… എനിക്ക് ഈ പണം വേണ്ട ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങില്ല….എങ്കിലും നിർബന്ധുച്ചു തന്നെ പൈസ കളികളിൽ കൊടുത്തുകൊണ്ട് തിരിച്ചു മടങ്ങി….

ആണും പെണ്ണുമായി ജീവിക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഒട്ടുതന്നെയില്ല.. ഞങ്ങളുടെ മനസികാവസ്ഥ ഞങ്ങളെ കൊണ്ട്ചെന്ന് എത്തിക്കുന്നതാണ് ആ വഴിയിലേക്ക്..
എത്ര തിരിച്ചു സഞ്ചരിക്കാൻ ആഗ്രഹമുണ്ടായാലും ലക്ഷ്യ സ്ഥാനത്തേയ്ക്ക് വലിച്ചുകൊണ്ട് പോകുകയാണ് ചെയ്യുന്നത് ഞങ്ങളുടെ മനസ്സ്….. ഈ മനസ്സ് ഒരു മഹാത്ഭുതമാണ്…

“ആഗ്രഹം ഉണ്ടായിട്ടല്ല ബാല്യകാലം മുതൽ മാനസികാവസ്ഥ മുതലെടുത്തുകൊണ്ടുള്ള ചൂഷണം… വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒപ്പമിരിക്കുന്ന കുട്ടികളുടെയുൾപ്പടേയുള്ള കളിയാക്കിയുള്ള ഒൻപത് എന്ന വിളികൾ… കൂടെ ഇരിക്കാൻ മടി കാണിക്കുന്ന സഹപാഠികളുടെ മുഖം അധ്യാപകരുടെ പുച്ഛം കലർന്ന നോട്ടം… ഞങ്ങളിൽ പലരുടേ യും വിദ്യാഭ്യാസമെന്ന സ്വപ്‌നം അവിടെ അവസാനിക്കുന്നു…. ആണും പെണ്ണും കെട്ടവൾ /കെട്ടവൻ എന്ന നാട്ടുകാരുടെ കുത്തിനോവിക്കലുകൾ കാരണം വിട്ടുകാരുടെ അഭിമാനം രക്ഷിക്കാൻ നാടും വീടും വിട്ട് ഇറങ്ങി ജീവിക്കാനായി ജോലിയ്ക്ക് വേണ്ടി മറ്റൊരുത്തന്റെ മുൻപിൽ യാചിച്ചു നിൽക്കുമ്പോൾ അവരും ചോദിക്കും നീ ഏതാ വർഗം… ആണോ പെണ്ണോ… രണ്ടും കേട്ടതാണെങ്കിൽ ഇറങ്ങിക്കോ….പിന്നെ രാത്രിയുടെ മറവിൽ തുണി ഉരിയുക എന്നത് മാത്രമാണ് ഏക ആശ്രയമെന്ന തിരിച്ചറിവിൽ ആ ജോലി തിരഞ്ഞെടുക്കുന്നു…

പകൽ വെളിച്ചത്തിൽ ഒൻപത്, ശിഖണ്ടി, ആണും പെണ്ണും കെട്ടവൻ, അങ്ങനെ എന്തൊക്കെ പേര് വിളിക്കാവോ അതൊക്കെ വിളിച്ചിട്ട് ഒട്ടും കുറ്റബോധം ഇല്ലാതെ രാത്രിയുടെ മറവിൽ ഞങ്ങളുടെ മടികുത്തഴിയ്ക്കുന്ന പലരുടേയും പേരാണ്

“മാന്യൻ “….
ഈ ആട്ടും തുപ്പും കളിയാക്കിയുള്ള നോട്ടവും പുച്ഛവും അവസാനിപ്പിക്കാനായി ഇല്ലാത്ത കാശ് എന്ത് കഷ്ടപ്പാടും സഹിച്ചു ഉണ്ടാക്കി ശരീരത്തെ കിറി മുറിച്ച് മരണത്തെക്കാൾ വലിയ വേദന വർഷങ്ങൾ സഹിക്കാം എന്ന ഉറച്ച തീരുമാനത്തിൽ സർജറി ചെയ്തു ഒരു പെണ്ണായി മാറിയാലും അവസാനം പേര് “ഒൻപത്” തന്നെ….എങ്കിലും മനസ്സിൽ ഒരു തൃപ്തി സ്വയം തോന്നും ഞാനും ഒരു പെണ്ണായി… ഒരു കോൺഫറൻസ് കാളിന്റെ മറുതലയ്ക്കൽ മുകമായിരുന്നു ഞാൻ കേട്ട ഏതാനും വാക്കുകൾ മാത്രമാണ് ഇവ….

ഇന്ന് 2021…. പഴയ കാലത്തെ അപേക്ഷിച്ചു സമൂഹം ഒരുപാട് മാറിയിരിക്കുന്നു…

ഇരുട്ടിന്റെ മറയില്ലാതെ 40%ത്തിനുമുകളിൽ ആളുകൾ ഇവരെ ചേർത്തു പിടിക്കാൻ തുടങ്ങിയിരിക്കുന്ന….
അതിന് നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രം പറയാം… കഴിഞ്ഞു ദിവസം ഒരു സുഹൃത്ത് പങ്ക് വെച്ച ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് പാലാ അൽഫോൻസാ കോളേജിലേ ഹോം സയൻസ് ഡിപ്പാർട്മെന്റ് നടത്തുന്ന മുലയൂട്ടൽ ദിനാചരണം എന്ന പരിപാടിയുടെ ഭാഗമായി “ആ അമൃതം” എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാൻ പ്രെമുഖ സെലിബ്രിറ്റി മേക്അപ്പ്‌ ആർട്ടീസ്റ്റ് രഞ്ജു രഞ്ജിമാർ മുഖ്യ അതിഥി ആയി…
എങ്കിലും മിച്ചമുള്ള ഇപ്പോഴും അവരെ അംഗീകരിച്ചു കൂടെ നിർത്താൻ മടി കാണിക്കുന്ന സാമൂഹിക ജീവികളോട് അവരും മനുഷ്യരാണ് ….

നമ്മളെപ്പോലെ തന്നെ ജീവിക്കാൻ ആഗ്രഹമുള്ള ചോരയും മാംസാവും വികാരങ്ങളും വിചാരങ്ങളും സ്വപ്‌നങ്ങളും എല്ലാം ഉള്ള മനുഷ്യർ ….
അവരുടെ മനസ്സ് അങ്ങനെ ആയിപ്പോയതിന് ആ പാവങ്ങൾ എന്ത് പിഴച്ചു…
നിന്നേയും എന്നേയും സൃഷ്ടിച്ച അതേ ദൈവം തന്നെയാണ് അവനും ജീവന്റെ തുടിപ്പും ജീവിതത്തിന്റെ ഭംഗിയും നൽകിയത്…
നാം ആയിട്ട് എന്തിന് ആ ജീവിതത്തിന്റെ ഭംഗിക്ക്‌ ഭങ്കം വരുത്തണം….?…
അവരും ജീവിക്കട്ടെ ഉടലും മനസ്സും രണ്ടായി എങ്കിലും അവരും സമൂഹത്തിന്റെ ഭാഗമാണ്….

————————————-
ആണിന്റെ ഉടലിൽ പെണ്ണിന്റെ മനസ്സോടെ ജനിക്കുന്നതും പെണ്ണുടലിൽ ആണിന്റെ മനസ്സോടെ ജനിക്കുന്നതും നമ്മളിൽ ഒരാള്‌ തന്നേയല്ലേ???….

നിങ്ങൾ പറയൂ… നമ്മളിൽ ഒരാൾ തന്നെയല്ലേ?

– ശ്രീജ ജയകുമാർ —

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments