തലസ്ഥാന നഗരിയിൽ വിൽക്കാൻ കൊണ്ടുവന്ന 12.5 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളുരു വഴിയാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. ഇവ വിൽപന നടത്തിയിരുന്ന തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി മധു കെ.പിള്ള, മണക്കാട് സ്വദേശി സതി എന്നിവരാണ് പിടിയിലായത്.
മധു കെ. പിള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തകനും സതി സി.ഐ.ടി.യു പ്രവര്‍ത്തകനുമാണ്. ഇവർ നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.
ബംഗളൂരുവില്‍ നിന്ന് ട്രെയിനിലെത്തിച്ച കഞ്ചാവ് മണക്കാട്ടെ സതിയുടെ വീട്ടില്‍ എത്തിച്ച് വില്‍പ്പന നടത്താനുള്ള നീക്കത്തിനിടെയാണ് മുക്കോലയ്ക്കലിൽ നിന്നും ഇന്ന് രാവിലെ എക്സൈസ് സംഘം പിടികൂടിയത്. ഇരു പാർട്ടികളിലെയും പ്രവർത്തകരാണെന്ന് വിവരം ലഭിച്ചിരുന്നെന്നും എന്നാൽ ഒരു പാർട്ടിയിൽ നിന്നും ഇടപെടലൊന്നും ഉണ്ടായില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നടപടികൾ പൂർത്തിയാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.