HomeAround Keralaവീടുകളിലെ മലിനജലം കളയാൻ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കാമോ? സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന്റെ സത്യാവസ്ഥ...

വീടുകളിലെ മലിനജലം കളയാൻ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കാമോ? സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

പോസ്റ്റ് ‘സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം.’ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്റാണിത്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ്? ഈ രംഗത്തു വിദഗ്ദനായ സുരേഷ് സി പിള്ള പറയുന്നത് ഇങ്ങനെ:

വെള്ളം കയറിയ മുറികള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഫേസ് ബുക്കിലും വാട്സപ്പിലുമൊക്കെ കറങ്ങി നടക്കുന്നു. അതായത് ഭാരത്തിന്റെ 1000 മടങ്ങ് വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്ന സോഡീയം പോളീ അക്രിലേറ്റ് തറയില്‍ പാദം മൂടി വെള്ളം ഉള്ള 100 sq. ft. മുറിയില്‍ ഏകദേശം 200 ഗ്രാം പൊടി വിതറിയാല്‍ ആ വെള്ളം മുഴുവന്‍ ഉണങ്ങി പരല്‍ രൂപത്തില്‍ ആകും. എന്നാണ്‌ പറയുന്നത്. സംഗതിയൊക്കെ ശരിയാകാം. എല്ലാവരുടേയും സംശയം ഈ രാസവസ്തു അപകടകരമാണോ അല്ലയോ എന്നാണ്‌ ? അതിലേക്ക് കടക്കും മുന്‍പ് മറ്റൊരു ചോദ്യം ചോദിക്കട്ടെ..

നമ്മുടെ വീടുകളില്‍ പാദം വരെ വെള്ളം നില്‍ക്കുകയാണെങ്കില്‍ എന്താണ്‌ സാധാരണയായി ചെയ്യുക? ഒരു വൈപ്പര്‍ ഉപയോഗിച്ച്‌ അത്രയൊന്നും ആയാസമില്ലാതെ അടിച്ച്‌ പുറത്തേക്ക് കളയും. ഇനി ഇപ്പറയുന്ന സോശിയം പോളി അക്രിലേറ്റ് ഉപയോഗിച്ചാലോ? ആദ്യം അത് മുറി മുഴുവന്‍ വിതറണം. അതും ഒരു പോലെ എല്ലായിടത്തും എത്തണം. എങ്കില്‍ മാത്രമേ 1000 ഇരട്ടീ വെള്ളം വലിച്ചെടുക്കൂ. അതായത് വെള്ളം വലിച്ചെടുക്കാന്‍ ഇത് നന്നായി ഇളക്കിക്കൊടുക്കണം. ഇങ്ങനെ ഇളക്കി വെള്ളമൊക്കെ വലിച്ചെടുത്താല്‍ തന്നെ ഇതൊന്ന് അടിച്ച്‌ വാരി എടുക്കണ്ടേ? പിന്നെ വെള്ളപ്പൊക്കത്തില്‍ മുറിയിലേക്ക് കയറുന്ന വെള്ളം അഴുക്കില്ലാത്ത തെളിഞ്ഞ ശൂദ്ധജലം ഒന്നുമല്ലല്ലോ. പോളി അക്രിലേറ്റ് വെള്ളത്തെ മാത്രമേ വലിച്ചെടുക്കൂ. കലങ്ങിയ വെള്ളം ആണെങ്കില്‍ ആനുപാതികമായി അതിന്റെ ആഗിരണ ശേഷിയും സ്വാഭാവികമായും കുറയും. സംഗതി പുല്ല് തിന്നുന്ന ഏട്ടിലെ പശു ആണെങ്കിലും പ്രായോഗിക തലത്തില്‍ എത്ര കണ്ട് ഇത് ഉപകാരപ്പെടുമെന്ന് ചിന്തിക്കുക.

ഇനി ഇത് അപകടകരമാണോ അല്ലയോ എന്ന് നോക്കാം. സാനിട്ടറി നാപ്കിനുകളിലും ഡയപ്പറുകളിലുമൊക്കെ ഉപയോഗിക്കുന്ന ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരവുമല്ലാത്തത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഒരു രാസവസ്തുവാണ്‌ സോഡീയം പോളീ അക്രിലേറ്റ്. പൊടി രൂപത്തില്‍ ശ്വസിച്ചാല്‍ അല്ലറ ചില്ലറ തുമ്മലും ചീറ്റലുമൊക്കെ ഉണ്ടാവുകയല്ലാതെ മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയുന്നു. കണ്ണില്‍ വീഴാതെ നോക്കുകയും വേണം .

ചുഴലിക്കാറ്റും പേമാരിയും അതിനു ശേഷമുള്ള വീട് വൃത്തിയാക്കലുമൊക്കെ എല്ലാ വര്‍ഷവും ഒരു ആചാരം പോലെ അനുഷ്ടിച്ച്‌ പോരുന്ന അമേരിക്കക്കാര്‍ ഇങ്ങനെ ഒരു സാധനത്തിന്റെ സാദ്ധ്യതകള്‍ പ്രായോഗിക തലത്തില്‍ ഉണ്ടെങ്കില്‍ എപ്പോഴോ ഉപയോഗത്തില്‍ കൊണ്ടുവന്നേനെ. ഇതുകൊണ്ട് വൃത്തിയാക്കുന്നതിലും എളുപ്പം നമ്മള്‍ സാധാരണ വൈപ്പറും മോപ്പറും ചൂലും ഒക്കെ ഉപയോഗിച്ച്‌ വെള്ളം അടിച്ച്‌ കളയുന്നത് ആയിരിക്കും. സോഡിയം പോളി അക്രിലേറ്റ് ഉപയോഗിച്ച്‌ മുറീ വൃത്തിയാക്കാമെന്ന ആശയം പങ്കുവച്ച കര്‍ണ്ണാടകത്തിലെ ചില സ്കൂള്‍കുട്ടീകളെക്കുറിച്ചുള്ള ഒരു വാര്‍ത്ത കണ്ടു നോക്കുക.അതില്‍ കാണിക്കുന്നുണ്ട് എങ്ങിനെയാണ്‌ ഇതുകൊണ്ട് മുറി വൃത്തിയാക്കുന്നതെന്ന്. കണ്ടതിനു ശേഷം പറയുക ഇങ്ങനെ വൃത്തിയാക്കുന്നതാണോ എളുപ്പം അതൊ നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ വൃത്തിയാക്കുന്നതാണോ എന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments