പിതാവ് അകാലത്തില്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ബീഡി വലിപ്പിച്ചും നീലച്ചിത്രങ്ങള്‍ കാണിച്ചും പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശിയ്ക്ക് അതിവേഗ കോടതി 58 വര്‍ഷം തടവും 2.44 ലക്ഷം പിഴയും വിധിച്ചു.
തിരുനെല്‍വേലി വടുകാച്ചി ഉച്ചിക്കുലം നോര്‍ത്ത് സ്ട്രീറ്റില്‍ രാജു എന്ന് വിളിക്കുന്ന രാജീവിനെയാണ് അതിവേഗകോടതി പ്രത്യേക ജഡ്ജ് എന്‍. മന്‍ജിത്ത് ശിക്ഷിച്ച് വിധി പ്രഖ്യാപിച്ചത്. ഐ.പി.സി, പോക്‌സോ ആക്ടുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. അതിജീവിതയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് റബര്‍ ടാപ്പിങ് തൊഴിലാളിയായ പ്രതി താമസിച്ചിരുന്നത്. കുട്ടിയെ രാത്രി കൂട്ടിക്കൊണ്ടു പോയി കഞ്ചാവ് ബീഡി വലിപ്പിച്ചും നീലച്ചിത്രങ്ങള്‍ കാണിച്ചും പീഡിപ്പിക്കുകയായിരുന്നു.
ഇത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കുട്ടി വീട്ടിലെ ജോലിക്കാരിയോട് വിവരം പറഞ്ഞു. പിതാവിന്റെ അകാല വിയോഗത്തിലുള്ള മാനസിക സമ്മര്‍ദം അനുഭവിച്ച് വന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ എടുത്ത കേസില്‍ ആറു മാസത്തിനുള്ളില്‍ വിധി വന്നു എന്ന പ്രത്യേകതയുമുണ്ട്.