കേരളത്തിൽ വരാനിരിക്കുന്നത് അപ്രതീക്ഷിത മഴയും പിന്നാലെ കൊടും ചൂടും; വിചിത്ര പ്രതിഭാസത്തിനു പിന്നിലെ കാരണം ഇങ്ങനെ:

7

കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തുടങ്ങിയ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഡല്‍ഹി സി.എസ്.ഐ.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന ഗവേഷകനുമായ ഡോ. ജെ.സുന്ദരേശന്‍ അവതരിപ്പിച്ച പ്രബന്ധത്തിൽ കേരളത്തിൽ വരാനിരിക്കുന്നത് അപ്രതീക്ഷിത മഴയും പിന്നാലെ കൊടും ചൂടുമെന്നു റിപ്പോർട്ട്. ഭാവിയില്‍ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതുമൂലം ഇപ്പോള്‍ കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരിക്കുകയും മറ്റിടങ്ങളില്‍ അപ്രതീക്ഷിത മഴയുണ്ടാവുകയും ചെയ്യും.

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതോടെ നീരാവിയുടെ അളവ് കൂടി, അപ്രതീക്ഷിതമായ കനത്തമഴ പെയ്യുമെന്ന ആശങ്കയും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1990നുശേഷം കേരളത്തിലും ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി ഉയര്‍ന്നിട്ടുണ്ടെന്നും ഈ പ്രദേശങ്ങളില്‍ വേനല്‍മഴയും കൂടിയിട്ടുണ്ടെന്നും പഠനം പറയുന്നു. ഇതുമൂലം മണ്‍സൂണ്‍ കാലത്ത് മഴ കുറയുകയും മണ്‍സൂണിന് മുന്‍പോ ശേഷമോ കനത്തമഴയുണ്ടാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവാണിത്.