സംസ്ഥാനത്ത്മൂ ന്നു ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം. കഴിഞ്ഞ 24 മണിക്കൂറിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയത്. അതീവ ജാഗ്രത ആവശ്യമുള്ള ഓറഞ്ച് അലെർട്ടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. അൾട്രാ വയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്.
കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലെർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ യുവി ഇൻഡക്സ് അഞ്ചും അതിൽ താഴെയുമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉയരം കൂടിയ മലമ്പ്രദേശങ്ങളിലുമാണ് സാധരണയായി ഉയർന്ന യുവി സൂചിക രേഖപ്പെടുത്താറുള്ളത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.