HomeAround Keralaകുട്ടികളുടെ സൈബർലോകത്തെ ഇടപെടലുകളെക്കുറിച്ച് കേരള പോലീസിന്റെ അതിപ്രധാന മുന്നറിയിപ്പ് ! ഇത് എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കണം...

കുട്ടികളുടെ സൈബർലോകത്തെ ഇടപെടലുകളെക്കുറിച്ച് കേരള പോലീസിന്റെ അതിപ്രധാന മുന്നറിയിപ്പ് ! ഇത് എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കണം !

 

ക്ലാസുകൾ ഓൺലൈൻ ആയതോടെ കുട്ടികൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുതുടങ്ങി. ഇതോടെ സൈബർ ലോകത്തെ കുറ്റവാളികളും പെരുകാൻ തുടങ്ങി. കുട്ടികൾ പഠനത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അതിപ്രധാന കാര്യങ്ങളെക്കുറിച്ച് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ക്‌ളാസ്സുകൾ ഓൺലൈൻ ആയതോടുകൂടി കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വളരെ കൂടിയിരിക്കുന്നു. അതിനോടൊപ്പം തന്നെ കുട്ടികൾക്ക് നേരെ ഓൺലൈൻ അതിക്രമങ്ങളും വർദ്ധിക്കുന്നതിനായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികളിലൂടെമനസിലാക്കാൻ സാധിക്കും. കൊല്ലത്തു അടുത്തിടെ നടന്ന ഒരു സംഭവമാണിത്. പ്രമുഖ നടീനടന്മാരുടെ സോഷ്യൽ മീഡിയകളിലെ ഫാൻ പേജുകളിൽ അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവങ്ങളിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരു കൗമാരക്കാരൻ കൊല്ലം സൈബർ സെല്ലിന്റെ പിടിയിലായി.

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളെ നിരീക്ഷിച്ചു കണ്ടെത്തുകയാണു ഇത്തരം കുറ്റവാളികളുടെ രീതി. ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളിൽ അംഗമാക്കാൻ ക്ഷണിക്കും. സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നൽകാൻ പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകാൻ വിസമ്മതിച്ചാൽ മറ്റു ചിത്രങ്ങൾ മോർഫ് ചെയ്തു ഭീഷണിപ്പെടുത്തും. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചതിക്കുഴിയിൽ ഒട്ടേറെ കുട്ടികൾ അകപ്പെട്ടതായി കണ്ടെത്തി.

ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കൂ.

ഓൺലൈൻ പഠനത്തിനു കുട്ടികൾക്കു നൽകിയിട്ടുള്ള മൊബൈൽ ഫോണും ലാപ്ടോപ് കംപ്യൂട്ടറും അവർ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നു എന്നുറപ്പ‍ാക്കുക.

സമൂഹമാധ്യമ ഉപയോഗത്തിൽ സ്വയം പ്രോട്ടോക്കോൾ ഏർപ്പെടുത്തുക. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

ഇന്റർനെറ്റിൽ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടാൽ അവ തിരിച്ചെടുക്കാനോ പൂർണമായി മായ്ക്കാനോ സാധ്യമല്ലെന്നു തിരിച്ചറിയുക. ആർക്കെങ്കിലും സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകിയാൽ അയാൾ അവ ആരുമായി പങ്കുവയ്ക്കുന്നു, ഏതു മാധ്യമത്തിൽ സൂക്ഷിച്ചുവയ്ക്കുന്നു, ഏതു വിധത്തിൽ സൂക്ഷിക്കുന്നു എന്നിവ കണ്ടെത്തൽ ദുഷ്കരമാണ്.

കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നതു എന്നത് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.

ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക.

ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള അടുത്ത സ്വാതന്ത്ര്യം കുട്ടികളും രക്ഷിതാക്കളും തമ്മിൽ ഉണ്ടാകണം.

വ്യാജ പ്രൊഫൈൽ ഉണ്ടാക്കി, ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം
കുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തിൽ വീഴ്ത്തി ചതിക്കുന്ന സംഘം ഫെയ്സ്ബുക്കിൽ സജീവമാണ്. ഇത്തരം കെണികൾക്കെതിരെ ജാഗ്രത പാലിക്കുക.

ഓർക്കുക…ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.

ഇന്റർനെറ്റിന്റെ സഹായത്തോടെ മറ്റുള്ളവരെ ശല്യം ചെയ്യുക, അധിക്ഷേപിക്കുക, മോർഫ് ചെയ്യുക, അശ്ലീല സന്ദേശങ്ങളോ ഫോട്ടോകളോ വിഡിയോയോ അയയ്ക്കുകയോ കാണിക്കുകയോ ഫോണിൽ സൂക്ഷിക്കുകയോ ചെയ്യുക, അപവാദ പ്രചാരണം നടത്തുക, മറ്റൊരാളുടെ ഇന്റർനെറ്റ് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ കടന്നുകയറുകയോ ചെയ്യുക, മറ്റുള്ളവരുടെ വിവരങ്ങൾ നശിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക, തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങളാണെന്നും കുട്ടികളെ ധരിപ്പിക്കണം.

#keralapolice #onlinesafety

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments