വിവാഹ സത്കാരത്തിനുശേഷമുളള മാലിന്യം റോഡില്‍ തളളിയ വീട്ടുകാർക്ക് പോലീസ് കൊടുത്തത് അടിപൊളി ഗിഫ്റ്റ് ! കയ്യടിച്ച് നാട്ടുകാർ !

82

വിവാഹ സത്കാരത്തിനുശേഷമുളള മാലിന്യം റോഡില്‍ തളളിയ വിവാഹ വീട്ടുകാർക്ക് പോലീസ് കൊടുത്തത് എട്ടിന്റെ പണി. വീട്ടുകാരെ സ്ഥലത്ത് വിളിച്ചുവരുത്തി അവരെക്കൊണ്ടുതന്നെ മാലിന്യം മുഴുവന്‍ നീക്കം ചെയ്യിച്ചു. സംഭവം പുറത്തറിഞ്ഞതോടെ മാതൃകാപരമായി പ്രവര്‍ത്തിച്ചതിന് പോത്തുകല്ലിലെ പൊലീസുകാര്‍ക്ക് നിരവധിപേര്‍ അഭിനന്ദനം രേഖപ്പെടുത്തി. നിലമ്ബൂരിനുസമീപം പോത്തുകല്ലിലായിരുന്നു സംഭവം. കഴിഞ്ഞ പത്തിനായിരുന്നു വിവാഹ സത്കാരം നടന്നത്. തുടര്‍ന്ന് മാലിന്യം പ്രധാന റോഡായ സുല്‍ത്താന്‍പടി -പൂക്കോട്ടുമണ്ണ റോഡിന്റെ വശത്ത് തളളി. പിറ്റേന്നാണ് വിവരം നാട്ടുകാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കൊവിഡ് നിയന്ത്രണം ഉളളതിനാല്‍ വിവാഹസത്കാരം നടത്താന്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതി വേണ്ടിയിരുന്നതിനാല്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി.

അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. ഉറപ്പിനുവേണ്ടി സി സി ടി ദൃശ്യങ്ങളും പരിശോധിച്ചു. അതോടെ അണ്ടിക്കുന്നിലെ വീട്ടുകാരാണ് മാലിന്യം തളളിയതെന്ന് ഉറപ്പിച്ചു. ഇനിമേലില്‍ ഇത്തരത്തിലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യംതളളിയവര്‍ക്ക് ഇത്തിരി കടുത്ത പണിതന്നെ കൊടുക്കാന്‍ തീരുമാനിച്ചു. വീട്ടുകാരെ വിളിച്ച്‌ പൊലീസ് കാര്യം പറഞ്ഞപ്പോള്‍ തങ്ങള്‍തന്നെ മാലിന്യം നീക്കാമെന്ന് അവര്‍ സമ്മതിച്ചു. അവരോടൊപ്പം നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ പരിസരം ഉള്‍പ്പടെ മണിക്കൂറുകള്‍ക്കകം ക്ളീനാക്കി.