വാട്സാപ്പിലൂടെ ഓൺലൈൻ ചൂതാട്ടം: തളിപ്പറമ്പിൽ പിടിയിലായ സിദ്ദിഖ് നടത്തിയിരുന്ന തട്ടിപ്പിന്റെ ആഴമറിഞ്ഞു പോലീസ് ഞെട്ടി !

182

ഓണ്‍ ലൈന്‍ ചൂതാട്ടം നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. പരിയാരം കോരന്‍പീടിക സ്വദേശിയും തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ മാട്ടാളന്‍ സിദ്ധീഖ് (48) നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. നേരത്തെ ഒറ്റനമ്പര്‍ ചൂതാട്ടക്കേസില്‍ അറസ്റ്റിലായ ഇയാള്‍ വാട്‌സ് ആപ്പിലൂടെയാണ് കഴിഞ്ഞ കുറേക്കാലമായി ചൂതാട്ടം നടത്തിയിരുന്നത്.

കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കം ഒരു യൂണിറ്റ് 10 രൂപ നല്‍കി വാങ്ങുന്നവര്‍ക്ക് അതേ നമ്പര്‍ വന്നാല്‍ 5000 രൂപയാണ് ലഭിക്കുക. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഓണ്‍ലൈന്‍ ലോട്ടറി നിയന്ത്രിക്കുന്നത്. ഉന്നത ബന്ധങ്ങള്‍ ഉള്ള ഇയാളെ പൊലിസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഞായറാഴ്ച രാവിലെ തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത് ചൂതാട്ടം നടത്തിക്കൊണ്ടിരിക്കെ ഇയാളെ പൊലിസ് പിടികൂടുകയായിരുന്നു. സിദ്ദിഖില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇയാള്‍ പതിവായി ഉപയോഗിക്കുന്ന രണ്ട് ഫോണുകള്‍ പൂര്‍ണ്ണമായും ലോട്ടറി ചൂതാട്ടത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.