പട്ടാപ്പകൽ എക്സൈസ് സംഘത്തെ മുഴുവൻ പറ്റിച്ച് അവരുടെ വാഹനം അടിച്ചുമാറ്റി യുവാവ് ! പത്തനംതിട്ടയിൽ നടന്ന ആ സംഭവം ഇങ്ങനെ

81

പട്ടാപ്പകല്‍ ഒരു സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കി ബൈക്കും കൊണ്ട് കടന്ന് കളഞ്ഞിരിക്കുകയാണ് ഒരു വിരുതന്‍. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പത്തനംതിട്ട എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കബളിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ഒരു യുവാവ് എക്‌സൈസ് ഓഫീസില്‍ എത്തിയത് കഞ്ചാവ് വില്പനയെപ്പറ്റിയുള്ള വിവരം നൽകാനായിരുന്നു. കുമ്പളാം പൊയ്ക എന്ന സ്ഥലത്ത് കഞ്ചാവ് വില്‍പന നടക്കുന്നുണ്ട് എന്നതായിരുന്നു ഇയാള്‍ എക്‌സൈസുകാർക്ക് കൈമാറിയ രഹസ്യ വിവരം. കഞ്ചാവ് വില്‍പനയ്ക്ക് ചിലര്‍ തന്നെ സമീപിച്ചുവെന്നും ഇവരെ കാട്ടിത്തരാമെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഔദ്യോഗിക വാഹനത്തില്‍ പോയാല്‍ കഞ്ചാവ് സംഘത്തിന് എക്‌സൈസുകാരാണ് എന്ന് തിരിച്ചറിയിനാവും എന്നതിനാല്‍ മറ്റൊരു കാറിലായിരുന്നു യാത്ര. എക്‌സൈസ് ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നു.

മണ്ണാറക്കുളഞ്ഞി ഭാഗത്തേക്ക് പോയ സംഘത്തെ യുവാവ് വഴിയില്‍ തടഞ്ഞ് അടവിറക്കി. കാറിലുളള സംഘത്തോട് അവിടെ തുടരാനും താനും അനില്‍ കുമാറും ബൈക്കില്‍ പോയി കഞ്ചാവ് സംഘത്തെ തിരഞ്ഞ ശേഷം വിവരം നല്‍കാമെന്നും യുവാവ് പറഞ്ഞു. ഇത് പ്രകാരം അനില്‍ കുമാറും യുവാവും ബൈക്കുമായി മുന്നോട്ട് പോയി. കുറച്ച് ദൂരത്ത് എത്തിയപ്പോള്‍ യുവാവ് അടുത്ത അടവിറക്കി.താന്‍ തനിച്ച് കഞ്ചാവ് സംഘത്തിന്റെ അടുത്തേക്ക് പോയി സാംപിള്‍ വാങ്ങി വരാം എന്നായി യുവാവ്. അപ്പോള്‍ കഞ്ചാവ് സംഘത്തിന് സംശയം തോന്നില്ലെന്നും അതിന് ശേഷം എക്‌സൈസ് സംഘത്തിന് പോയി ഇവരെ പിടികൂടാം എന്നും ഇയാള്‍ അനില്‍ കുമാറിനോട് നിര്‍ദേശിച്ചു. സംശയത്തിന്റെ ഒരു പഴുത് പോലും ഇല്ലാത്തതിനാല്‍ അനില്‍ കുമാര്‍ ബൈക്ക് കൊടുത്ത് വിടുകയും ചെയ്തു.

കഞ്ചാവ് സാംപിളുമായി ഇയാള്‍ വരുന്നതും കാത്തിരുന്ന് കാല് കഴച്ചപ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥന് പറ്റിക്കപ്പെട്ടതായി മനസ്സിലായത്. കാറില്‍ മറ്റൊരിടത്ത് കാത്തിരുന്ന് വിയര്‍ത്ത എക്‌സൈസ് സംഘത്തെ വിളിച്ച് വരുത്തി തിരച്ചില്‍ നടത്തിയെങ്കിലും കളളന്റെയും ബൈക്കിന്റെയും പൊടി പോലും കിട്ടിയില്ല.