‘തോട്ടയിടാൻ’ പെണ്ണുങ്ങൾ: കേരളത്തിൽ പെൺഗുണ്ടാസംഘം വിലസുന്നു; ആൺഗുണ്ടകളെ വെല്ലുന്ന കൊട്ടേഷന്റെ രീതികൾ ഇങ്ങനെ:

കൊല്ലം ജില്ലയില്‍ പെണ്‍ഗുണ്ടാസംഘം ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഓച്ചിറ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രദേശങ്ങളിലാണ് ഇവര്‍ സജീവമായി ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിക്ക ഗുണ്ടാസംഘങ്ങള്‍ക്ക് പിന്നിലും വനിതകളുണ്ട്. ‘തോട്ടയിടുന്നതും’ ക്വട്ടേഷന്‍ നടപ്പാക്കുന്നതും ഇവരുടെ കാര്‍മികത്വത്തിലാണെന്ന് പൊലീസിന് സൂചന ലഭിച്ചു.

തല്ലാനാണ് ക്വട്ടേഷനെങ്കില്‍ വനിതാഗുണ്ടകള്‍ക്കാണ് ആദ്യ ചുമതല. ‘തോട്ടയിടേണ്ട’ ആളിന്റെ അടുത്ത് അണിഞ്ഞൊരുങ്ങി നിന്നു തട്ടുകയോ മുട്ടുകയോ ചെയ്യും. ക്വട്ടേഷന്‍ ലക്ഷ്യമിടുന്ന ആളിനെ സമീപിക്കുന്ന രീതിയാണ് തോട്ടയിടല്‍. അയാള്‍ ശല്യം ചെയ്‌തെന്നു പറഞ്ഞു ബഹളമുണ്ടാക്കും. സമീപത്തു ഗുണ്ടകള്‍ ഉണ്ടാകും. നാട്ടുകാരെന്ന ഭാവത്തില്‍ അവര്‍ രംഗത്തെത്തി ചോദ്യം ചെയ്യല്‍ തുടങ്ങും. ആളുകള്‍ കൂടുമ്ബോള്‍ തല്ലും. പെണ്ണിനെ ശല്യം ചെയ്തതല്ലേ, രണ്ടു കൊള്ളട്ടേ എന്നു ആളുകള്‍ കരുതും. അടി കൊണ്ടയാള്‍ പൊലീസില്‍ പരാതി നല്‍കില്ല. പാവം എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ നോക്കും.

ഫോണ്‍ മുഖേന പരിചയപ്പെട്ട് ഗുണ്ടാസംഘത്തിന്റെ നടുവിലേക്കു വിളിച്ചു വരുത്തുന്നതാണു മറ്റൊരു രീതി. വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടെയുള്ള സമ്ബന്നരെയാണ് ഇങ്ങനെ വശീകരിക്കുന്നത്. കൈവശമുള്ള പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച്‌, അടികൊടുത്തു വിടുക മാത്രമല്ല, ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക് മെയിലിങ്ങിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യും.