HomeAround Keralaഭർത്താവിനെ കൊന്ന ശേഷം സജിത കാമുകനെ യാത്രയാക്കിയത് സമ്മാനങ്ങൾ നൽകി: കൊച്ചിയിൽ അരങ്ങേറിയ ആരും കൊലയുടെ...

ഭർത്താവിനെ കൊന്ന ശേഷം സജിത കാമുകനെ യാത്രയാക്കിയത് സമ്മാനങ്ങൾ നൽകി: കൊച്ചിയിൽ അരങ്ങേറിയ ആരും കൊലയുടെ ചുരുളുകൾ അഴിയുന്നതിങ്ങനെ:

ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ട കോടതി യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിത(39)യ്ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു സജിതയ്ക്കു ശിക്ഷ വിധിച്ചത്.

ഭര്‍ത്താവ് പോള്‍ വര്‍ഗീസ് (42) ആണു മരിച്ചത്. സജിതയ്ക്കു കോട്ടയം പാമ്ബാടി സ്വദേശി പാമ്ബാടിക്കണ്ടത്തില്‍ ടിസന്‍ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണു ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായി ടിസന്‍ കുരുവിള പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം ഇയാളെ കോടതി വിട്ടയച്ചു.

2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പു സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. തുടര്‍ന്ന് മയങ്ങിയെന്ന് ഉറപ്പായശേഷം കാമുകനൊപ്പം ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച്‌ അമര്‍ത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം കാമുകനെ പറഞ്ഞയച്ച്‌ സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു.

തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നു.

തൃക്കാക്കര സിഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി വി.കെ.സനില്‍കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാക്കി തീര്‍ക്കുന്നതിനും ഇവര്‍ ശ്രമിച്ചതായി കോടതി കണ്ടെത്തി. ഇവരുടെ ആവശ്യപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുന്നതിനും പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി അനുവദിച്ചു.

മക്കളെ മറ്റൊരു മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു സജിതയുടെ പദ്ധതി. എന്നാല്‍ പരിധിയില്‍ കൂടുതല്‍ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാല്‍ പോള്‍ വര്‍ഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമര്‍ത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടര്‍ന്ന് കാമുകനെ പറഞ്ഞു വിടുകയും ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയില്‍ കാമുകന്‍ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്ബില്‍ വിളഞ്ഞ കൈതച്ചക്ക കടലാസില്‍ പൊതിഞ്ഞു നല്‍കിയാണ്. പോലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പോലീസ് ടിസന്‍ കുരുവിളയെ കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ കോടതിയില്‍ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടിസന്‍ കുറ്റവിമുക്തനായത്.

ഭര്‍ത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച്‌ പരസ്യം നല്‍കിയതിനെ തുടര്‍ന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയില്‍ ജോലി ചെയ്യുകയായിരുന്ന ടിസണ്‍ തുടര്‍ച്ചയായി സജിതയുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസണ്‍ കുരുവിളയ്‌ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്.

എന്നാല്‍ മക്കളെ ഒഴിവാക്കാനും പറ്റില്ല. തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസന്‍ സജിതയോടു പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭര്‍ത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവര്‍ ഇത്തരമൊരു കടുംകൈക്ക് മുതിര്‍ന്നത്. എല്ലാം കഴിഞ്ഞാല്‍ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസന്‍ നാട്ടിലുള്ളപ്പോള്‍ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടര്‍ന്നാണ് അമിത അളവില്‍ മയക്കു മരുന്നു കൊടുത്ത് ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

അതേസമയം പോള്‍ വര്‍ഗീസിനെ വാഹനാപകടം ‘സൃഷ്ടിച്ചു’ കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പോലീസിനു മൊഴി നല്‍കിയിരുന്നു. പ്രഭാത ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയാല്‍ ബൈക്കില്‍ പോകുമ്ബോള്‍ അപകടം സംഭവിക്കുമെന്നായിരുന്നുവത്രെ കണക്കു കൂട്ടല്‍. എന്നാല്‍ അപകടത്തില്‍ മരിക്കാതെ ഗുരുതരമായി പരിക്കേറ്റാല്‍ നീക്കം പാളുമെന്നു ടിസന്‍ തന്നെ പറഞ്ഞതിനാല്‍ കിടപ്പു മുറിയില്‍വച്ചു കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ കാമുകിക്കൊപ്പം ജീവിക്കാന്‍ സജിത അവരുടെ ഭര്‍ത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താന്‍ തീരുമാനിച്ചിരുന്നതായി അന്ന് ടിസന്‍ പോലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്ബോള്‍ മലമ്ബുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയില്‍ നഴ്സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്ന ഇയാള്‍ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.

അതേസമയം അയല്‍വാസികളോടും ബന്ധുക്കളോടും തൂങ്ങിമരണമാണെന്നും സ്വാഭാവിക മരണമാണെന്നും പരസ്പര വിരുദ്ധമായി പറഞ്ഞതാണ് സജിതയെ കുടുക്കിയത്. കൊല നടത്തിയ രാത്രിയില്‍ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു വരുത്തി മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തില്‍ ചില പാടുകള്‍ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടു കൊടുത്തില്ല.

തുടര്‍ന്ന് പോലീസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. മരണത്തില്‍ സംശയം തോന്നിയ പോലീസ് ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഭാര്യയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനിടെ ലഭിക്കുകയും ചെയ്തു.

പോലീസ് അന്വേഷണം ശക്തമാക്കിയപ്പോള്‍ ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച്‌ ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നല്‍കി. തൂങ്ങാനുപയോഗിച്ച കയര്‍ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവര്‍ പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ ദുരൂഹത തോന്നിയ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തത്.

കടപ്പാട്: കെ വാർത്ത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments