“അപ്പോൾ തലയിണ മുഖത്തുവച്ചു, മരിക്കുമെന്നു കരുതിയില്ല സാറേ”കൊല്ലം കുണ്ടറ കൊലപാതകത്തിൽ പ്രതിയായ ഭർത്താവിന്റെ വെളിപ്പെടുത്തൽ !

111

കുണ്ടറയിൽ ഭർത്താവ് ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയ കൃതിയെന്ന യുവതി എഴുതിയ, ഭർത്താവ് തന്നെ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് പുറത്ത്. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു കൃതിയുടെയും വൈശാഖിന്റേയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഈ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് കൃതി വൈശാഖിനെ വിവാഹം ചെയ്തത്. വൈശാഖിന്റെ ജോലിസംബന്ധമായ ബുദ്ധിമുട്ടുകൾക്കായി കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം വായ്പ നൽകുയിരുന്നു. ഇതിനു പിന്നാലെ വീടിന്റെ ആധാരവും വൈശാഖ് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ഇത് നൽകാൻ കൃതിയോ വീട്ടുകാരോ തയ്യാറായില്ല. ഇതിനേത്തുടർന്ന് ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. കൃതി മകളേയും കൂട്ടി സ്വന്തം വീട്ടിലേക്കും മാറിത്താമസിച്ചു. ഇന്നലെ വൈകും‌നേരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാവീട്ടിലെത്തിയതായിരുന്നു വൈശാഖ്. ആറുമണിക്ക് കൃതിയുടെ റൂമിൽ കയറി വാതിലടച്ച വൈശാഖ് 9 മണിയായിട്ടും തുറക്കാഞ്ഞതോടെ കൃതിയുടെ അമ്മ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ ഭർത്താവ് വൈശാഖ് ബൈജു വിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് ഭാര്യ കൃതിയുമായി വഴക്കിട്ടു. ദേഷ്യം മൂർച്ഛിച്ചതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു കൃതി. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നുമാണ് വൈശാഖ് പൊലീസിനോട് പറഞ്ഞത്. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് കൃതിയുടെ അമ്മ കതകിൽ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങുകയായിരുന്നു.