ഇടിമിന്നലില്‍ നഷ്ടപ്പെട്ട മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ജെസ്‌നയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ; തിരോധാനത്തിന് പുതിയ വഴിത്തിരിവ്

കാഞ്ഞിരപ്പള്ളിയിലെ ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് സഹായകമായി നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു.

മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ ജസ്ന പതിഞ്ഞിട്ടുണ്ട്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളില്‍. ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജെസ്‌നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജസ്‌നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആണ്‍ സുഹൃത്തിനെയും ചില സഹപാഠികള്‍ തിരിച്ചറിഞ്ഞു.

രാവിലെ ജസ്‌ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ദൃശ്യങ്ങളിലെ സാധ്യതകള്‍ പ്രകാരം മുണ്ടക്കയത്ത് ജസ്‌ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പൊലീസ് സംശയിക്കുന്നു.