കൊല്ലം: നെടുവത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. 15-ആം വാര്‍ഡിലാണ് ആര്‍എസ്പി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത്. ഡിസിസി പ്രസിഡന്റ് യുഡിഎഫ് ധാരണ അട്ടിമറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നാണ് ആർ. എസ്. പി യുടെ ആരോപണം.
നെടുവത്തൂര്‍ 15-ആാം വാര്‍ഡിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍ ജി. നായരും ആര്‍എസ്പി സ്ഥാനാര്‍ത്ഥി ശിവകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന ബോര്‍ഡ് വെച്ച് പരസ്പരം ഏറ്റുമുട്ടുന്നത്. രണ്ട് പാര്‍ട്ടികളും സീറ്റിനു വേണ്ടി ഉറച്ച് നിന്നതോടെയാണ് പഞ്ചായത്തില്‍ യുഡിഎഫ് ധാരണ പൊളിഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേത് പേയ്മെന്റ്സീറ്റാണെന്നും, ഡിസിസി പ്രസിഡന്റ് നേരിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നെന്നുമാണ് ആര്‍എസ്പി സ്ഥാനാര്‍ത്ഥി ശിവകുമാറിന്റെ ആരോപണം.
എന്നാല്‍ ആര്‍എസ്പിക്ക് പഞ്ചായത്തില്‍ ശക്തിയില്ലെന്നും പഞ്ചായത്തില്‍ ആര്‍എസ്പിക്ക് സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുകൊടുത്തിട്ടില്ലന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍ ജി. നായര്‍ പറഞ്ഞു.