ഇവനെ സൂക്ഷിക്കുക; പയ്യന്നൂര്‍ സ്വദേശിയായ ഈ 38 കാരന്റെ കെണിയില്‍ കുടുങ്ങിയത് 50 ഓളം യുവതികള്‍

18

പുനര്‍ വിവാഹത്തിന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന പയ്യന്നൂര്‍ സ്വദേശിയായ 38 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെയാണ് കൊച്ചിയില്‍ വെച്ച്‌ പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് കുമ്ബളയിലെയടക്കം 50 ഓളം യുവതികളാണ് ഇയാളുടെ കെണിയില്‍പെട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗുണ്ടല്‍പേട്ടയിലും വയനാട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി വ്യാപക തിരച്ചില്‍ നടിത്തിവരുന്നതിനിടെ കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

പരസ്യം കണ്ട് വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചെടുത്തശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. വയനാട് മാനന്തവാടി കല്ലോടിയില്‍ താമസിച്ചിരുന്ന ബിജു മലപ്പുറം സ്വദേശിനിയുമായി അടുപ്പത്തിലാവുകയും പിന്നാലെ എറണാകുളം വടുതലയില്‍ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി മുങ്ങുകയുമായിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി ലഭിച്ചതോടെ എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികളെ കബളിപ്പിച്ച്‌ അതിവിദഗ്ദ്ധമായി മുങ്ങുന്ന വിരുതനെ അറസ്റ്റു ചെയ്തത്.