മഞ്ഞപ്പിത്തം പടരുന്നതായി അധികൃതർ: പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ:

199

മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തമാണ് ഇപ്പോൾ കണ്ടുവരുന്നത്.

രോഗബാധിതന്റെ മലം, ഛർദിൽ എന്നിവയിലൂടെ രോഗാണു പുറത്തുവരും. ഇവ കലർന്ന വെള്ളം, ആഹാരം എന്നിവ ഉപയോഗിക്കുമ്പോൾ രോഗകാരണമായ വൈറസ് ശരീരത്തിൽ പ്രവേശിക്കും. ഈച്ചയും മറ്റ് പ്രാണികളും രോഗം പരത്തുന്നതിന് കാരണമാകാറുണ്ട്. കരളിനെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്.

ലക്ഷണങ്ങൾ

പനി, തലവേദന, ക്ഷീണം, ഓക്കാനം, കണ്ണിന് മഞ്ഞനിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. യഥാസമയം രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകാം.

ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കണം. കുടിവെള്ള ഉറവിടങ്ങൾ കൃത്യമായ ഇടവേളകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. മലവിസർജനത്തിന് ശേഷവും ആഹാരത്തിന് മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. മലമൂത്രവിസർജനം കക്കൂസിൽ മാത്രം നടത്തണം. ചെറിയ കുട്ടികളും രോഗബാധിതരും ഉപയോഗിക്കുന്ന നാപ്കിനുകൾ ശരിയായ വിധം സംസ്കരിക്കണം. ആഹാരസാധനങ്ങൾ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്തവിധം അടച്ച് സൂക്ഷിക്കണം. ആഹാരം വിളമ്പുന്ന പാത്രങ്ങളും ഉപകരണങ്ങളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കണം. മഞ്ഞപ്പിത്ത ലക്ഷണം കണ്ടാൽ ഉടൻ ശരിയായ വൈദ്യസഹായം തേടുകയും നന്നായ് വിശ്രമിക്കുകയും ചെയ്യണം.