കമ്പകക്കാനം കൂട്ടക്കൊല തെളിയിച്ചത് കേരള പോലീസിന്റെ ‘സ്പെക്‌ട്ര’ എന്ന അതിനൂതനവിദ്യ; ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും തുണയായ ആ ടെക്നോളജി ഇങ്ങനെ:

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിഞ്ഞു. ഇടുക്കി സ്വദേശികളായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സാമ്ബത്തിക തട്ടിപ്പും മന്ത്രവാദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്‌ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ പോലീസിന്‍റെ സ്പെക്‌ട്ര വഴി സാധിക്കും. ഇതേ സംവിധാനമാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണ്ണായക തുമ്ബ് ഉണ്ടാക്കാനും ഉപകരിച്ചത്.

കൊലപ്പെട്ട കൃഷ്ണന്‍റെ സഹായിയായ അനീഷാണ് കേസിലെ പ്രധാനപ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂട്ടുപ്രതിയും ഉടന്‍ അറസ്റ്റിലാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇയാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

തൊടുപുഴ വണ്ണപ്പുറം കമ്ബകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്. കൃഷ്ണന്റെ മകന്റെ മൃതദേഹത്തിലാണു കൂടുതല്‍ മുറിവുകള്‍. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നിര്‍ണായകമായതെന്നും സൂചനയുണ്ട്.