HomeAround Keralaക്ഷണിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ ഫ്രീക്കന്മാർ ഇടിച്ചുകയറി; കോട്ടയത്ത് ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്; വരന്റെ ബന്ധുവിന്റെ മൂക്കു തകർന്നു

ക്ഷണിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ ഫ്രീക്കന്മാർ ഇടിച്ചുകയറി; കോട്ടയത്ത് ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്; വരന്റെ ബന്ധുവിന്റെ മൂക്കു തകർന്നു

ക്ഷണിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ ഒരുകൂട്ടം ചെറുപ്പക്കാര്‍ ശ്രമിച്ചതോടെ ഓഡിറ്റോറിയത്തില്‍ പൊരിഞ്ഞ അടി. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വിവാഹസത്ക്കാരത്തിനിടെ കൂട്ടത്തല്ല് ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ക്ഷണിക്കാതെ വിവാഹ സദ്യ കഴിക്കാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിലാണ് അടിപിടിയുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഓഡിറ്റോറിയത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കളാണ് വിവാഹ സല്‍ക്കാരത്തില്‍ എത്തി ഭക്ഷണം കഴിക്കാൻ ശ്രമിച്ചത്. ഇവര്‍ കഴിഞ്ഞ കുറേ കാലമായി ഈ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹ സത്കാരത്തിന് എത്തി ഭക്ഷണം കഴിച്ച്‌ മടങ്ങാറുണ്ട്. പലപ്പോഴും ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്.

ഓഡിറ്റോറിയത്തില്‍ എത്തിയ ചെറുപ്പക്കാരെ വരന്‍റെ ബന്ധുക്കള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ വധുവിന്‍റെ ആള്‍ക്കാരാണെന്ന് ഇവര്‍ മറുപടി നല്‍കി. ഇതോടെ വധുവിന്‍റെ ഉറ്റബന്ധുക്കളെ വിളിപ്പിച്ച്‌ ചോദിച്ചപ്പോള്‍ അവരെ അറിയില്ലെന്നായിരുന്നു മറുപടി. ഇതോടെ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹഭക്ഷണം കഴിക്കാനെത്തിയ ചെറുപ്പക്കാരുടെ ആക്രമണത്തില്‍ വരന്‍റെ അടുത്ത ബന്ധുവിന്‍റെ മൂക്കിന്‍റെ പാലം തകര്‍ന്നു. മറ്റൊരു ബന്ധുവിന്‍റെ നെറ്റിയിലും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം ഓഡിറ്റോറിയത്തിന്‍റെ വാതില്‍ പൂട്ടുകയും ഹാളിനുള്ളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിനുശേഷം വഴിയില്‍വെച്ചും ഇവര്‍ ഏറ്റുമുട്ടി. വിവാഹത്തിന് എത്തിയ വധുവരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് പൊലീസ് സംരക്ഷണയിലാണ് മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments