ഭക്ഷണം ഓർഡർ ചെയ്തശേഷം തട്ടിപ്പു നടത്തുന്ന പുതിയരീതി കേരളത്തിലും !തൃശൂരിലെ ഹോട്ടലുടമയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക: തട്ടിപ്പ് ഇങ്ങനെ:

187

ഹോട്ടലുകളിലേക്ക് വിളിച്ചു ഭക്ഷണം ആവശ്യപ്പെട്ട ശേഷം തുക നല്‍കാനെന്ന പേരില്‍ ബാങ്ക് അക്കൗണ്ടും എടിഎം കാര്‍ഡ് നമ്പറും പാസ്‌വേഡും ചോര്‍ത്തിയെടുത്തു പണം തട്ടുന്ന ഉത്തര്‍പ്രദേശിലെ മഥുരയിലെ കൊള്ളസംഘത്തലവന്‍ ദില്‍ബാഗ് (23) പിടിയില്‍. ബിഷംഭര ഗ്രാമ സ്വദേശിയായ ദില്‍ബാഗ് പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി തൃശൂരില്‍ നടത്തിയ തട്ടിപ്പു കുരുക്കായി. സമാനരീതിയില്‍ പലരില്‍ നിന്നു സംഘം പണം തട്ടിയതായി സിറ്റി പോലീസ് അന്വേഷണസംഘം കണ്ടെത്തി.

തൃശൂരിലെ ഒരു ഹോട്ടലിന്റെ ഫോണ്‍ നമ്പറിലേക്കു വിളിച്ചു പട്ടാളക്കാരനെന്നു പരിചയപ്പെടുത്തുകയായിരുന്നു. ക്യാമ്പിലെ നിരവധി സൈനികര്‍ തൃശൂരിലെത്തിയതായും വലിയ തുകയ്ക്കുള്ള ഭക്ഷണം വേണമെന്നും ഓര്‍ഡര്‍ ചെയ്തു. പാഴ്‌സല്‍ തയ്യാറാക്കാനായിരുന്നു നിര്‍ദേശം. തയ്യാറാക്കിയ ഭക്ഷണം എടുക്കാന്‍ ആരുമെത്താത്തതിനെ തുടര്‍ന്നു കടയുടമ ഇയാളെ ബന്ധപ്പെട്ടു. തിരക്കാണെന്നും തനിക്ക് എത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയശേഷം മറ്റൊരാളെ പറഞ്ഞയക്കാമെന്നു ദില്‍ബാഗ് വിശദീകരിച്ചു.

ബാങ്ക്അക്കൗണ്ടും വിവരങ്ങളും വാട്‌സ്ആപ് വഴി നല്‍കിയാല്‍ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണമയക്കാമെന്നും വിശ്വസിപ്പിച്ചു. അതിനിടെ വിദഗ്ധമായി കടയുടമയുടെ എ.ടി.എം. വിവരങ്ങളും പാസ്‌വേഡും കരസ്ഥമാക്കി. അക്കൗണ്ടില്‍ നിന്നു വന്‍ തുകയും തട്ടിയെടുത്തു. പണം നഷ്ടമായി എന്നറിഞ്ഞതോടെ ഉടമ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കു പരാതി നൽകുകയായിരുന്നു.