HomeAround Keralaപ്രസവസമയത്ത് കുഞ്ഞുങ്ങൾ മാറിപ്പോയി; മൂന്നുവർഷത്തിനു ശേഷം തിരിച്ചറിഞ്ഞപ്പോൾ ആ മാതാപിതാക്കൾ ചെയ്തത്: ഇത് സിനിമയെ വെല്ലുന്ന...

പ്രസവസമയത്ത് കുഞ്ഞുങ്ങൾ മാറിപ്പോയി; മൂന്നുവർഷത്തിനു ശേഷം തിരിച്ചറിഞ്ഞപ്പോൾ ആ മാതാപിതാക്കൾ ചെയ്തത്: ഇത് സിനിമയെ വെല്ലുന്ന സംഭവ കഥ

ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് മാറിപ്പോയ കുഞ്ഞുങ്ങളെ മൂന്ന് വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞിട്ടും കൈമാറാന്‍ കഴിയാത്ത അവസ്ഥയില്‍ രണ്ട് കുടുംബങ്ങള്‍. ഡിഎന്‍എ പരിശോധന നടത്തി കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടും ഇത്രയും നാള്‍ വളര്‍ത്തിയ കുഞ്ഞിനെ പിരിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ അച്ഛനമ്മമാര്‍. എന്നാല്‍, മൂന്ന് വര്‍ഷത്തിനു ശേഷം കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടും ഇത്രയും കാലം സ്വന്തം കുഞ്ഞായി വളര്‍ത്തിയ കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന അച്ഛനമ്മമാരെ വിട്ടുപിരിയാന്‍ കുട്ടികളും ഒരുക്കമായിരുന്നില്ല. ഇതോടെയാണ് സ്വന്തം മക്കളെ വേണ്ടെന്ന് ഇരു കൂട്ടരും തീരുമാനിച്ചത്.

ആസാമിലെ ദരംഗ് ജില്ലയിലാണ് സിനിമാകഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ ഇത്രയും നാളും പാലൂട്ടി മുഴുവന്‍ സ്നേഹവും നല്‍കി വളര്‍ത്തിയ കുഞ്ഞ് നഷ്ടമാകും എന്നതാണ് ഈ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ ഈ കുഞ്ഞുങ്ങള്‍ ഇനി വളര്‍ത്തച്ഛനമ്മമാര്‍ക്കൊപ്പം തന്നെ കഴിയും. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള സഹാബുദ്ദീന്‍ അഹമ്മദ്-സല്‍മാ ദമ്പതികളുടെയും ബോറോ വിഭാഗത്തിലെ അനില്‍-സെവാലി ബോറോ ദമ്പതികളുടെയും കുഞ്ഞുങ്ങളാണ് പരസ്പരം മാറിപ്പോയത്. 2015 മാര്‍ച്ച് 11നായിരുന്നു ദാരംഗിലെ മംഗള്‍ദായി സിവില്‍ ആശുപത്രിയില്‍ സെവാലിയും സല്‍മയും രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവ ശേഷം, അധികൃതര്‍ അബദ്ധത്തില്‍ പരസ്പരം കുഞ്ഞുങ്ങളെ മാറി ബന്ധുകള്‍ക്ക് കൈമാറുകയായിരുന്നു.

ആശുപത്രി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുകൂട്ടരിലും കുഞ്ഞ് മാറി പോയോ എന്ന സംശയം ജനിച്ചത്. ആശുപത്രിയില്‍ നിന്നും വന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ മുഖത്തിന് ആകെ മാറ്റം വന്നതായി തോന്നി. കുഞ്ഞിന് ഞങ്ങളുടെ കുടുംബത്തിലെ ആരുടെയും മുഖവുമായി സാമ്യമില്ല. എന്നാല്‍, പ്രസവ സമയത്ത് അതേ ആശുപത്രിയിലുണ്ടായിരുന്ന വനിതയുടെ മുഖവുമായി സാമ്യമുള്ളതായി തോന്നി. സംശയം ഭര്‍ത്താവിനോട് പറയുകയും ചെയ്തുവെന്ന് സല്‍മ പറയുന്നു. ആശുപത്രിയെ സമീപിച്ചെങ്കിലും പരാതി അധികൃതര്‍ തള്ളുകയായിരുന്നു. ഭാര്യയുടെ മാനസിക നില പരിശോധിക്കൂ എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് സഹാബുദ്ദീന്‍ അഹമ്മദ് പറയുന്നു.

അന്ന് ആശുപത്രിയില്‍ പ്രസവം നടന്ന ദമ്പതികളുടെ വിവരത്തിന് വിവരാവകാശരേഖ സമര്‍പ്പിക്കുകയും ആ ദിവസം ഒരു ബോറോ വനിത ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു. പിന്നീട്, അനില്‍സെവാലി ദമ്പതികള്‍ക്ക് കത്തയയ്ക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. കുട്ടികളെ കണ്ടപ്പോള്‍ തന്നെ ഓരോ മാതാപിതാക്കളും സ്വന്തം കുട്ടികളെ തിരിച്ചറിഞ്ഞു. എന്നാല്‍, സത്യം അറിയാതെ കുഞ്ഞിനെ തിരിച്ചുകൊടുക്കാന്‍ ബോറോയുടെ അമ്മ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഡിഎന്‍എ പരിശോധനക്ക് നിര്‍ദേശിച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments