HomeAround KeralaErnakulamബൈക്കില്‍ ഭാര്യയെയും കുട്ടികളെയും കൊണ്ട് യാത്ര പോയെന്ന് വീമ്പിളക്കിയ യുവാവിന് ശ്രീജിത്ത് നല്കിയ മറുപടി ആരുടേയും...

ബൈക്കില്‍ ഭാര്യയെയും കുട്ടികളെയും കൊണ്ട് യാത്ര പോയെന്ന് വീമ്പിളക്കിയ യുവാവിന് ശ്രീജിത്ത് നല്കിയ മറുപടി ആരുടേയും കണ്ണുനനയ്ക്കുന്നത്

കഴിഞ്ഞദിവസം ഒരു യുവാവ് സഞ്ചാരി ട്രാവല്‍ ഫോറം എന്ന ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റിട്ടിരുന്നു. താനും ഭാര്യയും രണ്ടു കുട്ടികളും അപകടം നിറഞ്ഞ റോഡിലൂടെ ബൈക്കില്‍ ആതിരപ്പള്ളിയില്‍ പോയെന്നും പോകുന്ന വഴി പുലിയോ കടുവയോ പിടിച്ചില്ലെന്നും ഇയാള്‍ കുറിച്ചിരുന്നു. അഹങ്കാരം നിറഞ്ഞ രീതിയിലുള്ള പോസ്റ്റിനെതിരേ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ പോസ്റ്റിന് മറുപടിയായി ശ്രീജിത്ത് കെ. ജനകന്‍ എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്:

ശ്രീജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

അഹങ്കാരത്തിന് കൈയ്യും കാലും വെച്ചിങ്ങനെ അര്‍മാദിക്കരുത് സുഹൃത്തേ.. കോ പാസഞ്ചര്‍ ഹെല്‍മറ്റില്ലാത്തത് (3 പേരുമായി, അതില്‍ 5 ഉം, 10 ഉം വയസ്സുള്ള കുട്ടികളും) പോലുള്ള ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ 60കിലോമീറ്റര്‍ വേഗതയില്‍, അപാകതകളും മുന്നറിയിപ്പുകളും ചൂണ്ടിക്കാണിച്ച Sanchari Travel Forum ത്തിലെ മെംബേഴ്‌സിനെ വാശിക്കു വെല്ലുവിളിച്ചു നിങ്ങള്‍ യാത്ര നടത്തി. അപകടങ്ങള്‍ മുന്‍കൂട്ടി അറിയിച്ച് വരുന്നതെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്..?

എന്റെ ജീവിതം ഒന്നു പറയാം. 2013 ല്‍ എന്റെ വീട്ടില്‍ നിന്ന് (മൂവാറ്റുപുഴ) എന്റെ മകനും ഭാര്യയുമായി എന്റെ ആള്‍ട്ടോ കാറില്‍ ഭാര്യയുടെ ഒരു എക്‌സാമിനായി കൊല്ലത്തേക്ക് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ടു. വീടിനടുത്തുള്ള കുടുംബക്ഷേത്രത്തില്‍ നേര്‍ച്ചയിട്ടു തുടങ്ങിയ യാത്ര.

പോകുന്ന വഴിയില്‍ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലും കയറി. ഭക്തനായ എന്റെ കൂടെ എന്നും ദൈവമുണ്ട് എന്ന് വിശ്വസിച്ചു നടത്തിയ യാത്ര. കൊല്ലം എത്തുന്നതിനു തൊട്ടു മുന്‍പ് ചവറ യില്‍ വെച്ച് മഴയത്ത് തെറ്റായ ദിശയില്‍ ഒരു പ്രായമായ മനുഷ്യന്‍ ഓടിച്ചു വന്ന ഒരു ഇന്നോവയില്‍ അന്ന് തകര്‍ന്നു പോയതാണെന്റെ കുടുംബത്തിന്റെ സന്തോഷം. എന്റെ ഒന്നര വയസുള്ള മകന്‍ മരണപ്പെട്ടു.. എന്റെ കണ്മുന്പില്‍ വെച്ച്… ഏതോ മുജ്ജന്മ പാപം കൊണ്ടു എന്റെ ബോധം നശിച്ചിരുന്നില്ല.. ആഘാതത്തില്‍ ഭാര്യയുടെ ബോധം പോയിരുന്നു.. ഞങ്ങളെ രക്ഷപെടുത്തിയവര്‍ ഒത്തിരി വാഹനങ്ങളെ കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല..

ഒടുവില്‍ നിര്‍ത്തിയ ഒരു ഓട്ടോയില്‍ ഞങ്ങളെ അവര്‍ വാരികയറ്റിയപ്പോള്‍ ബോധം നശിക്കാത്ത എന്റെ മടിയില്‍ അവനെ അവര്‍ കിടത്തി.. വാരിയെല്ല് തകര്‍ന്ന്…ഞാനും, എന്റെ ഭാര്യയും നാല് ദിവസം ICU വില്‍ കിടന്നു.

മാനസികവും, ശാരീരികവും ആയ ചികിത്സയും..കൗന്‍സെല്ലിങ്ങുകളും ഒത്തിരി ചെയ്തതിനു ശേഷം..ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ആ ആഘാതത്തില്‍ നിന്ന് കുറച്ചെങ്കിലും റിക്കവറി നേടാന്‍ കഴിഞ്ഞത്. അതിനു ശേഷം എനിക്ക് മറ്റൊരു മകന്‍ പിറന്നു. പിന്നെയുള്ള എന്റെ വാഹനത്തില്‍ ഞാന്‍ നോക്കിയത് സുരക്ഷ മാത്രമായിരുന്നു. കാര്‍ എടുത്തപ്പോള്‍ ചൈല്‍ഡ് സീറ്റും കൂടി എടുത്തു. ABS ERD, AIR BAG ഉള്ള വാഹനം നോക്കി എടുത്തു. 12 വയസ്സ് വരെ അവനെ മുന്‍ സീറ്റില്‍ ഇരുത്തില്ല എന്നു തീരുമാനിച്ചു.

ഇരുചക്രവാഹനം ഏതായാലും (ഏറ്റവും സുരക്ഷിതമല്ലാത്ത വാഹനം; ആരായാലും ഒന്നു വീണാല്‍ ആദ്യം റോഡില്‍ ഇടിക്കുന്നത് തലയായിരിക്കും) അവനെ 12 വയസ്സു പ്രായം വരെ കയറ്റി യാത്ര ചെയ്യില്ല എന്നു തീരുമാനിച്ചു. അഥവാ വേണ്ടി വന്നാല്‍ തെറിച്ചു പോകാതെ എന്നെ ബന്ധിപ്പിച്ചു നിര്‍ത്താന്‍ Child Safety Belt വാങ്ങിച്ചു. അവന്റെ തലക്ക് ചേരുന്ന ISI mark ഉള്ള ഹെല്‍മറ്റും.

മിസ്റ്റര്‍…ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖം പുത്ര വിയോഗമാണെടോ..! അതും കണ്മുന്നില്‍…! ഒരിക്കലും അതില്‍ നിന്ന് നിങ്ങള്‍ക്ക് മോചനമുണ്ടാവില്ല.. ഓരോ നിമിഷങ്ങളും നീറി..നീറിയുള്ള ജീവിതം. തന്റെ ഒരു നിമിഷത്തെ ധിക്കാരം കൊണ്ടു ചിലപ്പോള്‍ നിങ്ങളും, നിങ്ങളെ സ്‌നേഹിക്കുന്നവരും ചിലപ്പോള്‍ ആയുഷ്‌ക്കാലം കണ്ണീരു കുടിക്കേണ്ടി വരും… അങ്ങനെ നിങ്ങള്‍ക്ക് വരാതിരിക്കട്ടെ… സന്തോഷം എന്നത് ജീവിതത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചു വരില്ല എന്നറിഞ്ഞ എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന്, പച്ചയായ സത്യത്തില്‍ നിന്നു പറഞ്ഞതാണിതെല്ലാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments