അങ്കമാലിയിൽ അർദ്ധരാത്രി വീടുവിട്ടിറങ്ങിയ ബാലനെ തിരിച്ച് വീട്ടിലെത്തിച്ച് ബംഗാളി യുവാവ്

കുട്ടികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതാകുന്നത് ഇപ്പോൾ മിക്ക ദിവസവും നാം മാധ്യമങ്ങളിൽ വായിക്കാറുണ്ട്. ജനങ്ങൾ ഇതിനെതിരെ ഉണർന്നതോടെ സംശയകരമായി കാണുന്നവർക്കെല്ലാം പണി കിട്ടാൻ തുടങ്ങി. ഇതിന്റെ പേരിൽ പലപ്പോഴും നിരപരാധികൾ ആക്രമിക്കപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികൾ പലയിടങ്ങളിലും ആക്രമിക്കപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതിനിടയിലാണ് നന്മയുടെ ഈ വാർത്ത വരുന്നത്. അർദ്ധരാത്രിയിൽ വീടുവിട്ടിറങ്ങി താൻ ജോലി ചെയ്യുന്ന കടയിലെത്തിയ ഇരിങ്ങാലക്കുട സ്വദേശിയായ ബാലനെ നേരം വെളുക്കുംവരെ സംരക്ഷിക്കുകയും സുരക്ഷിതമായി തിരിച്ച് വീട്ടിൽ എത്തിക്കുകയും ചെയ്തത് ബംഗാൾ സ്വദേശിയായ യുവാവാണ്.

സംഭവം ഇങ്ങനെ: പരീക്ഷ എഴുതാൻ പേടിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരിങ്ങാലക്കുട സ്വദേശിയായ ബാലൻ വീടുവിട്ടിറങ്ങിയത്. വീട്ടിലിരുന്ന ബൈക്കും എടുത്തായിരുന്നു കുട്ടി രാത്രി ഒരുമണിയോടെ പുറത്തിറങ്ങിയത്. ഒളിച്ചോടാനും എന്തെകിലും ജോലി കണ്ടെത്താനുമായിരുന്നു ബാലന്റെ ശ്രമം. ഇതിനിടെയാണ് വെളുപ്പിന് നാലുമണിയോടെ നെടുമ്പാശേരി അയർപോർട്ടിനടുത്തുള്ള ജ്യൂസ് കടയിൽ ബാലൻ എത്തുന്നത്. കുട്ടിയെ അസമയത്തത്‍ അവിടെ ഒറ്റയ്ക്ക് കണ്ടതോടെ ആ സമയം കടയിൽ ഉണ്ടായിരുന്ന ബംഗാളി യുവാവ് ശ്രദ്ധിച്ചു. അടുത്തുവിളിച്ച് കാര്യങ്ങൾ തിരക്കിയതോടെ കുട്ടി ഒറ്റക്ക് വീടുവിട്ടിറങ്ങിയതാണെന്നു യുവാവിന് മനസ്സിലായി. ഇതോടെ തന്ത്രപൂർവ്വം ഇയാൾ കുട്ടിയെ കടയിൽ പിടിച്ചു നിർത്തുകയായിരുന്നു. ഇവിടെ ജോലി തരാമെന്നും മറ്റും പറഞ്ഞതോടെ കുട്ടിക്കും ആശ്വാസമായി.

നേരം വെളുത്തതോടെ, കുട്ടിയെ എങ്ങനെയും വീട്ടിലെത്തിക്കാനായി ബംഗാളി യുവാവിന്റെ ശ്രമം. ഇതിനിടെ കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷണമായി. പോലീസിലും പരാതി നൽകി. വീട്ടിൽ പോയി അനുവാദം വാങ്ങി വരാമെന്നു വിശ്വസിപ്പിച്ച് യുവാവ് കുട്ടിയെ തിരികെ എത്തിക്കാൻ ശ്രമം നടത്തി. എന്നാൽ, സമീപ കാലത്തെ സംഭവങ്ങൾ അറിയാമായിരുന്ന കൂട്ടുകാർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ”തല്ലുന്നെങ്കിൽ തല്ലട്ടെ’ എന്ന് പറഞ്ഞു ഇയാൾ കുട്ടിയേയും കൂട്ടി കുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. കുട്ടി വീട്ടിൽ എത്തിയതോടെ വീട്ടുകാർക്കും പോലീസിനും ആശ്വാസം. നല്ലൊരു പാരിതോഷികവും നൽകി അഭിനന്ദിച്ചാണ് ബംഗാളി യുവാവിനെ പോലീസ് തിരിച്ചയച്ചത്.

താനും ഇത്തരത്തിൽ പതിമൂന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയാണ് ഇവിടെ എത്തിയതെന്നും പിന്നീട് വർഷങ്ങൾക്കു ശേഷം തിരിച്ചു ചെന്നപ്പോൾ തന്റെ മാതാപിതാക്കളുടെ സങ്കടം താൻ കണ്ടതാണെന്നും അതുകൊണ്ടാണ് തല്ലു കിട്ടിയാലും സാരമില്ല, കുട്ടിയെ വീട്ടിലെത്തിക്കുമെന്നു താൻ തീരുമാനിച്ചതെന്നും ബംഗാളി യുവാവ് പറയുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും തങ്ങളിൽ ഭൂരിഭാഗവും കുടുംബം പോറ്റാൻ ഇവിടെ വന്നവരാണെന്നും മുൻവിധിയോടെ തങ്ങളെ ആക്രമിക്കരുതെന്നുമാണ് അപേക്ഷയെന്നും യുവാവ് കൂട്ടിച്ചേർത്തു.