തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ പാറോട്ടുകോണം സ്‌നേഹ ജംഗ്ഷന് സമീപം ടി.സി 14/1180 (2)ല്‍ മയൂര്‍ ദ്വീപില്‍ പുഷ്പാംഗദൻ (85), ഭാര്യ ശാന്ത(82) എന്നിവരാണ് മരിച്ചത്. ഭാര്യ ശാന്തയെ കൊലപ്പെടുത്തിയശേഷം പുഷ്പാംഗദൻ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെയാണ് വീടിന്റെ രണ്ട് കിടപ്പുമുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഇരുവരും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. പകല്‍ സമയങ്ങളില്‍ സമീപത്തെ വീട്ടിലെ സ്ത്രീ ആഹാരം പാകം ചെയ്യാനും പുറംജോലികള്‍ ചെയ്യാനും ഇവിടെ എത്താറുണ്ട്. പതിവുപോലെ ഇന്നലെ രാവിലെ ഇവരെത്തി വിളിച്ചിട്ടും അകത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി വാതില്‍ തള്ളി തുറന്നപ്പോഴാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ കട്ടിലില്‍ നിന്ന് നിലത്തുവീണ നിലയിലായിരുന്നു ശാന്തയുടെ മൃതദേഹം കിടന്നിരുന്നത്. ഇവരുടെ കഴുത്തില്‍ കുത്തേറ്റിരുന്നു. മുറിയില്‍ നിന്ന് ഒരു കത്തിയും പൊലീസ് കണ്ടെത്തി. മറ്റൊരു മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പുഷ്പാംഗദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കൈത്തണ്ടയിലും മുറിവുണ്ട്. മണ്ണന്തല പൊലീസ്, ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.