അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ വീട്ടമ്മയെ ചേര്‍ത്തു; ഗ്രൂപ്പ് അഡ്മിന് കിട്ടിയത് എട്ടിന്റെ പണി

അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ വീട്ടമ്മയെ ചേര്‍ത്ത ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്താഖ് അലി ഷെയ്ഖ് (24)ആണ് അറസ്റ്റിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് (Triple XXX) എന്ന് ഗ്രൂപ്പിലാണ് യുവതിയെ അംഗമായി ചേര്‍ത്തത്.

സെപ്തംബറിലാണ് ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് എന്ന ഗ്രൂപ്പില്‍ അംഗമായി വീട്ടമ്മയുടെ നമ്പര്‍ ചേര്‍ത്തത്. സുഹൃത്തുക്കള്‍ പറ്റിച്ച പണിയാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ നിമിഷനേരത്തിനുള്ളില്‍ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പില്‍ വരാന്‍ തുടങ്ങിയതോടെ യുവതി അംഗങ്ങളുടെ നമ്പര്‍ പരിശോധിച്ചു. അഡ്മിനടക്കം 12 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരാരും തന്നെ യുവതിക്ക് പരിചയമുള്ളവരായിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാരുതി ഷെല്‍ഖെ പറഞ്ഞു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഗ്രൂപ്പ് അഡ്മിനായുള്ള തെരച്ചില്‍ ശക്തമാക്കി. ശേഷം വെസ്റ്റ് ബംഗാളില്‍നിന്നുമാണ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കണ്ടെത്തുകയും ഗ്രൂപ്പ് അഡ്മിനായ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുംബൈയിലെ ധാരാവിയില്‍നിന്നുമാണ് ഷെയ്ഖിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ഐടി ആക്റ്റ് 67,67എ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.