കോട്ടയം അരീപ്പറമ്പ് കൊലപാതകം; പെൺകുട്ടിയെ കൊന്നത് ക്രൂരപീഡനത്തിന് ശേഷം; പ്രതിയുടെ ഞെട്ടിക്കുന്ന മൊഴിയിൽ പറയുന്നത് ഇങ്ങനെ:

31

കോട്ടയം അരീപ്പറമ്പിൽ പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതിയുടെ കുറ്റസമ്മതം. പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്തതിനെ തുടർന്ന് പെൺ‌കുട്ടിയുടെ കഴുത്തിൽ ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കി അബോധാവസ്ഥയിലാക്കി. ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കിയതോടെ ശ്വാസം മുട്ടിയാണു പെൺകുട്ടി മരിച്ചതെന്നും അജേഷ് വെളിപ്പെടുത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ മാലം കുഴിനാഗനിലത്തിൽ അജേഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

പെൺകുട്ടിയെ അജേഷിലേക്ക് അടുപ്പിച്ച മൊബൈൽ ഫോൺ തന്നെയാണ് അരുംകൊലയുടെ തെളിവ് പുറത്തു വിട്ടത്. പെൺകുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈ‍ൽ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടർന്നു വീട്ടിൽ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കൾ മൊഴി നൽകി. പെൺകുട്ടിയുടെ സഹോദരീ ഭർത്താവും ബന്ധുക്കളും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോൾ സഹോദരീ ഭർത്താവാണ് ഫോൺ എടുത്തത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പെൺകുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാൽ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാർ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു.

കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അജേഷിന്റെ ഒട്ടേറെ കോളുകൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.