HomeAround Keralaഅഞ്ചു മിനുട്ട് എന്നത് കേട്ടത് അഞ്ചു ലക്ഷം എന്ന്; കുട്ടിയെ കാണാതായ പിതാവ് പിന്നെപിടിച്ചത് സമാനതകളില്ലാത്ത...

അഞ്ചു മിനുട്ട് എന്നത് കേട്ടത് അഞ്ചു ലക്ഷം എന്ന്; കുട്ടിയെ കാണാതായ പിതാവ് പിന്നെപിടിച്ചത് സമാനതകളില്ലാത്ത പുലിവാൽ….

11കാരനും പിതാവും പോലീസിനെ വലച്ചത് മണിക്കൂറുകളോളം. വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന തെറ്റിദ്ധാരണയില്‍ പോലീസ് അന്വേഷണത്തിനായി ചെലവിട്ടത് മണിക്കൂറുകള്‍. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശമാണ് പൊല്ലാപ്പുണ്ടാക്കിയത്. ഇതോടെ കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ നല്കണമെന്ന് പിതാവ് തെറ്റിദ്ധരിച്ചതാണ് പോലീസിനെ വട്ടംകറക്കിയത്. നോയിഡയിലെ ഛിജാര്‍സി പ്രവിശ്യയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

പിതാവിന്റെ പലചരക്ക് കടയില്‍ നിന്ന് ആറാം ക്ലാസുകാരനായ കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറയുകയുകയും മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിടുകയും ചെയ്യുക പതിവാണ്. പതിവുപോലെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയും കുട്ടി പണപ്പെട്ടിയില്‍ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തുകയും ഇതേതുടര്‍ന്ന് വഴക്ക് പറയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്‌കൂളിലേക്ക് പോയ കുട്ടി വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാതെ ഒരു അപരിചിതന്റെ മോട്ടോര്‍ബൈക്കില്‍ കയറി 12 കിലോമിറ്ററോളം സഞ്ചരിച്ച്‌ ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച്‌ കുട്ടി ചിന്തിക്കുന്നത്. വഴിയില്‍ കണ്ട ആളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച്‌ പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളില്‍ അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറഞ്ഞു.

ഇതോടെ പോലീസ് ഉണർന്നു. വിളിച്ച ഫോണിലേക്ക് പോലീസ് തിരികെവിളിച്ചപ്പോള്‍ അത് സ്വിച്ച്‌ ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി പോലീസ് ഫോണുടമയെ കണ്ടെത്തി. അയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ തെരുവില്‍ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി.
സത്യങ്ങളറിഞ്ഞതോടെ കുടുങ്ങിയത് കുട്ടിയുടെ പിതാവാണ്. മകന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് ഒടുവില്‍ അയാള്‍ പോലീസില്‍ നിന്ന് തടിയൂരുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments