മലയാലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചയാൾ പിടിയിൽ. സംഭവത്തിൽ 52 വയസുകാരനാണ് അറസ്റ്റിലായത്. മലയാലപ്പുഴ സ്വദേശിനിയായ കലയുടെ പരാതിയിലാണ് ഭർത്താവ് ബിജു അറസ്റ്റിലായത്. 2020 ലായിരുന്നു കലയുടെയും ബിജുവിന്റെയും വിവാഹം.
വിവാഹം നടക്കുന്ന സമയത്ത് ബിജുവിന് 47 വയസായിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ തന്നെ ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പലപ്പോഴും ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ പതിനൊന്നാം തീയതി ബിജു കലയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. പിന്നാലെ ഇയാളുടെ കയ്യിൽ നിന്നും വഴുതി മാറിയ കല ഓടി രക്ഷപെടുകയായിരുന്നു. ശേഷം ഇവർ മലയാലപ്പുഴ പോലീസിന് പരാതി നൽകി.
തുടർന്നാണ് പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ കല അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജു പതിവായി മർദിച്ചിരുന്നുവെന്ന് കലയുടെ പരാതിയിൽ പറയുന്നു. 11ന് ക്രൂരമായ മർദനത്തിൽ നിന്ന് രക്ഷപ്പെട്ട് പന്തളം പൂഴിക്കാടുള്ള താൽക്കാലിക അഭകേന്ദ്രമായ ‘സ്‌നേഹിത’ യിൽ എത്തുകയായിരുന്നു.