ശ്രദ്ധിച്ചില്ലെങ്കില്‍ മൊബൈൽ ഫോണുകളോടുള്ള അമിത ആസക്തി കുട്ടികളെ ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ബാധിക്കാം. കുട്ടിയുടെ കരച്ചിലിനോ വാശിക്കോ വഴങ്ങി ഫോണ്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും മറുപടി. യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം ഉപകരണങ്ങള്‍ കൊടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നതാണ് സത്യം. ഭക്ഷണം കഴിക്കുമ്ബോഴും പഠിക്കുമ്ബോഴും കളിക്കുമ്ബോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്ബോഴും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. ഈ ശ്രദ്ധ കുട്ടി പ്രായപൂര്‍ത്തിയാകുന്നത് വരെയും ഉണ്ടായിരിക്കണം. തിരക്കേറിയ ജീവിതത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തുവാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്.
കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം. പലപ്പോഴും കുട്ടികളുടെ വാശി അവസാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ ചെയ്യുന്ന എളുപ്പവഴിയാണ് മൊബൈല്‍ ഫോണ്‍ കൊടുക്കുക എന്നത്. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുപോലെ തന്നെ വളരെ അപകടകരമായ ഒന്നാണ് മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനുകള്‍, മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ വേഗത്തില്‍ കുട്ടികളില്‍ റേഡിയേഷന്‍ ബാധിക്കും.കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം ഭാവിയില്‍ വന്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവിക നിലയെ തന്നെ തകരാറിലാക്കിയേക്കും. പകല്‍ നീണ്ട നേരം ഫോണ്‍ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. രാത്രിയിലാണെങ്കില്‍ മൊബൈല്‍ ഉപയോഗം കണ്ണുകളൊണ് ബാധിക്കുക. രണ്ട് മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഫോണോ കമ്ബ്യൂട്ടറോ അനുവദിക്കരുത്. കുട്ടികളുടെ ഫോണ്‍ ഉപയോഗം വിലയിരുത്താനായി ഒരു നിയമാവലി ഉണ്ടാക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം. കുട്ടികള്‍ ഫോണിലൂടെ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, പാസ്വേര്‍ഡ്, ആപ്ലിക്കേഷനുകള്‍, ഏത് സമയത്താണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണം. ഇനി ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ഒരിക്കലും കുട്ടികളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.