വൃഷണത്തിലെ കാൻസർ മാരകമാകും മുൻപ് തിരിച്ചറിയാം, ഈ ചെറിയ ലക്ഷണങ്ങളിലൂടെ !

9

താമസിച്ച് നിര്‍ണയിക്കപ്പെടുന്നതാണ് മിക്ക കാൻസർ കേസുകളിലും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.രോഗം കണ്ടെത്താൻ സമയമെടുക്കുന്നതോടെ പലയിടത്തേക്കും പകരുന്നതിനും ചികിത്സയും രോഗമുക്തിയും സങ്കീര്‍ണമാകുന്നതിനും കാരണമാകുന്നു. ക്യാൻസര്‍ സമയബന്ധിതമായി കണ്ടെത്തണമെങ്കില്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണണം. അല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് ചെയ്യുന്നത് പതിവാക്കണം. വൃഷണത്തെ ബാധിക്കുന്ന ക്യാൻസറില്‍ പുരുഷന്മാരില്‍ കണ്ടേക്കാവുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ച് ഇനി പറയാം.

വൃഷണത്തില്‍ വേദനയില്ലാത്ത മുഴയോ തടിപ്പോ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക. കാരണം ഇത് ക്യാൻസര്‍ ലക്ഷണമായി വരാവുന്നതാണ്. അതുപോലെ തന്നെ വൃഷണത്തിന്‍റെ വലുപ്പത്തിലോ ഘടനയിലോ കട്ടിയിലോ എല്ലാം വ്യത്യാസം വരുന്നുവെങ്കില്‍ അക്കാര്യവും ശ്രദ്ധിക്കണം. സ്വകാര്യഭാഗത്ത് എപ്പോഴും ചെറിയ വേദന അനുഭവപ്പെടുന്നുവെങ്കിലും പരിശോധന നടത്തുന്നത് ഉചിതമാണ്. ഒരുപക്ഷേ ക്യാൻസര്‍ രോഗത്തിന്‍റെ സൂചനയായിട്ടാകാം ഈ വേദന. വൃഷണസഞ്ചിക്ക് കനം കൂടുക, വൃഷണത്തിന്‍റെ ചുറ്റുമായി നീര് വന്ന് നിറയുന്ന അവസ്ഥ, സ്തനങ്ങള്‍ അസാധാരണമായി വളര്‍ച്ച പ്രാപിക്കുക- ഇവിടെ ചെറിയ വേദന അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ശ്രദ്ധിക്കണം. ഇതെല്ലാം വൃഷണത്തെ ബാധിക്കുന്ന ക്യാൻസറിന്‍റെ സൂചനകളാകാം. സ്തനവളര്‍ച്ച സംഭവിക്കുന്നത് രോഗത്തിന്‍റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നാണ്. പതിനഞ്ച് വയസ് മുതല്‍ മുപ്പത്തിയഞ്ച് വയസ് വരെയുള്ളവരാണ് ഏറെയും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. പക്ഷെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലേതെങ്കിലും കാണുന്നപക്ഷം സ്വയം രോഗം നിശ്ചയിക്കരുത്. ഉടൻ തന്നെ ഒരു ഡോക്ടറിന്റെ സഹായം തേടണം.