കേരളത്തിലെ കുട്ടികളിൽ ‘നോമോഫോബിയ’ വര്‍ധിക്കുന്നതായി പഠനം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

36

മക്കളുടെ മൊബൈല്‍ അമിത ഉപയോഗംകുട്ടികളിൽ കൂടിവരികയാണ്. ഇത് വല്ലാത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ചെറിയ അസുഖങ്ങളെത്തുടര്‍ന്നാണ് ഡോക്ടര്‍മാരെ മാതാപിതാക്കള്‍ ആദ്യം സമീപിക്കുന്നത്. അസുഖങ്ങളില്ലെന്ന് ബോധ്യപ്പെടുമ്ബോള്‍ ഡോക്ടര്‍മാര്‍ കൗണ്‍സലിങ് ശുപാര്‍ശ ചെയ്യും. ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ 14-നും 22-നുമിടയിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രശ്‌നം കൂടുതല്‍. വയറുവേദന, കാലുവേദന, പുറംവേദന, ഛര്‍ദി, തലകറക്കം, തൊണ്ടവേദന എന്നിവയാണ് കൂട്ടികള്‍ പറയുന്ന അസുഖങ്ങള്‍. സ്‌കൂളിലോ കോളേജിലോ പോകേണ്ടെന്ന് പറഞ്ഞാല്‍ അസുഖം വേഗംമാറും.

മൊബൈലുമായി ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം 88 ശതമാനം കുട്ടികളിലും കണ്ടുവരുന്നതായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും കൗണ്‍സലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം കുറവ്, ആളുകളോട് സഹകരിക്കാതിരിക്കല്‍, മൊബൈലില്‍ എപ്പോഴും നെറ്റ് പ്രവര്‍ത്തിപ്പിക്കല്‍, രക്ഷാകര്‍ത്താക്കള്‍ വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കല്‍, വൈകി ഉറക്കം തുടങ്ങിയവ പ്രത്യക്ഷ ലക്ഷണങ്ങളാണ്.

അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേരളത്തിലും ശരിയെന്ന് തെളിയുന്നതായി വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. മൊബൈല്‍ ഇല്ലാതെയിരിക്കുന്നത് ആലോചിക്കാനേ കഴിയാത്ത ‘നോമോഫോബിയ’ എന്ന രോഗം യുവതീയുവാക്കളില്‍ വ്യാപകമാകുന്നുവെന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.എ. ചാക്കോ പറയുന്നു. സംസ്ഥാനത്ത് 15-നും 22-നുമിടയിലുള്ളവരിലാണ് ഈ പ്രശ്‌നം കൂടുതല്‍.