ഇനി സ്മാർട്ട് ഫോൺ ഉപയോഗിച്ച് ക്യാൻസർ കണ്ടെത്താം; വിപ്ലവകരമായ കണ്ടുപിടുത്തവുമായി യുവ ശാസ്ത്രജ്ഞൻ

ഫോണിന്റെ സഹായത്തോടെ കാൻസർ കണ്ടുപിടിക്കാവുന്ന പുതിയ ഉപകരണം വികസിപ്പിച്ച് യുവശാസ്ത്രജ്ഞൻ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയായ ബട്ടർഫ്‌ളൈ നെറ്റ് വർക്കിലെ ഗവേഷകനാണ് പുതിയ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ബട്ടർഫ്‌ളൈ ഐക്യു എന്ന് പേരിട്ടിരിക്കുന്ന അൾട്രാ സൗണ്ട് ഉപകരണത്തിന് ഒരു ഇലക്ട്രോണിക് റേസറിന്റെ വലിപ്പം മാത്രമേയുള്ളു. ശരീരത്തിലേക്ക് ശബ്‌ദ തരംഗങ്ങൾ കടത്തിവിട്ട് കാൻസർ കോശങ്ങളെ തിരിച്ചറിയാൻ ഈ ഉപകരണത്തിന് സാധിക്കും.

പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഈ ഉപകരണം കൊണ്ട് എവിടെവച്ചും ശരീരം മുഴുവനായി സ്കാൻ ചെയ്യാൻ സാധിക്കും. ഇത് ഐ ഫോൺ പോലെയുള്ള ഒരു ഉപകരണമാണ്. ചെലവ് കുറഞ്ഞ ഈ ഉപകരണം എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് ജോൺ മാർട്ടിൻ പറഞ്ഞു. ഇത് വ്യാപകമായാൽ കാൻസർ ചികിത്സ കൂടുതൽ വേഗത്തിലും സുരക്ഷിതമായും നടത്താനാകുമെന്നാണ് പ്രതീക്ഷ.

ബട്ടർഫ്‌ളൈ നെറ്റ് വർക്കിലെ ചീഫ് മെഡിക്കൽ ഓഫീസറായ ജോൺ മാർട്ടിൻ കഴിഞ്ഞ ദിവസം ഈ ഉപകരണം ഉപയോഗിച്ച് അദ്ദേഹത്തിന്റെ തന്നെ തൊണ്ടയിലെ കാൻസർ കണ്ടെത്തിയിരുന്നു. പരിശോധനയിൽ മൂന്ന് സെന്റിമീറ്ററോളം തടിപ്പ് കാണുകയും അത് കോശങ്ങളെ ബാധിക്കുന്ന കാൻസർ ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.