ശ്രദ്ധിക്കുക, ഈ പച്ചക്കറികളുടെ ഒറ്റത്തവണത്തെ ഉപയോഗം പോലും നിങ്ങളിൽ ക്യാൻസർ ക്ഷണിച്ചുവരുത്തും

കറിവേപ്പിലയും മല്ലിയിലയും പൊതിനയുമെല്ലാം മലയാളികളുടെ വിഭവങ്ങളിൽ നിന്ന് ഒഴിച്ച് കൂടാൻ വയ്യാത്ത കാര്യങ്ങളാണ്. കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ പുറത്തു വിട്ട പരിശോധനാ റിപ്പോർട്ടിൽ കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മാരക വിഷം കലർന്ന പച്ചക്കറികളാണെന്ന് കണ്ടെത്തി. പച്ച കാപ്‌സിക്കത്തിൽ ഡൈമത്തോയേറ്റിന്റെ സാന്നിധ്യം കണ്ടപ്പോൾ സെലറിയിലും പാലക്ക് ചീരയിലും ഫെൻവാലറേറ്റിന്റെ അപകടകരമായ സാന്നിധ്യമാണ് കണ്ടെത്തിയത്.

മല്ലിയില, കറിവേപ്പില, ബീൻസ്, പച്ചമുളക്, കോവക്ക, പുതിനയില, മാമ്പഴം എന്നിവയുടെ ഓരോ സാമ്പിളിലും പ്രൊഫെനഫോസ് കണ്ടെത്തി. പച്ചമുളകിന്റെ ഒരു സാമ്പിളിൽ ട്രയസോഫോസും കണ്ടു. കറിവേപ്പിലയിൽ നിയന്ത്രിത വിഭാഗത്തിൽ പെടുന്ന ക്‌ളോർപൈറിഫോസ്, സൈപർമെത്രിൻ എന്നിവയുടെ അവശിഷ്ടവും കണ്ടു. വിവിധ ജില്ലകളിലെ പച്ചക്കറിക്കടകൾ, സൂപ്പർഹൈപ്പർ മാർക്കറ്റുകൾ, പച്ചക്കറിച്ചന്തകൾ എന്നിവിടങ്ങളിൽ നിന്നാണ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്. കൃഷി വകുപ്പും കാർഷിക സർവകലാശാലയും കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെ ശേഖരിച്ച് പരിശോധിച്ച പച്ചക്കറി സാമ്പിളുകളിലും പ്രൊഫെനഫോസ്, ട്രയസോഫോസ് എന്നീ കീടനാശിനികളുടെ അംശം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളിലെ കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകളിൽ നിന്നും ജൈവപച്ചക്കറി മാർക്കറ്റുകളിൽ നിന്നും ശേഖരിച്ച 31 ഇനം പച്ചക്കറികളുടെ സാമ്പിളിൽ ഒന്നിൽ പോലും വിഷാംശം കണ്ടില്ല. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ 51 മുളകുപൊടിയുടെ സാമ്പിൾ പരിശോധിച്ചതിൽ 21 എണ്ണത്തിലും എത്തയോൺ തുടങ്ങിയ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. പച്ചക്കറികളിൽ മാത്രമല്ല, മുട്ടയിലും മീനിലും ഇറച്ചിയിലുമെല്ലാം മാരക വിഷങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മൂവാറ്റുപുഴയിലും കോഴിക്കോട് മുക്കത്തും മീൻ കറി പാകം ചെയ്തു കഴിഞ്ഞും തിളച്ചു കൊണ്ടിരുന്ന വാര്‍ത്ത പടര്‍ന്നത് കഴിഞ്ഞ മാസമാണ്. മംഗളൂരുവിൽ വിഷമീൻ കഴിച്ച് 152 പേര‍്‍ ചികിത്സ തേടിയത് ആഴ്ചകൾക്ക് മുമ്പ്. ദിവസവും കുറഞ്ഞ അളവില്‍ വിഷം കഴിക്കുന്നവരാണ് മലയാളികൾ. പച്ചക്കറികളിൽ, പലവ്യഞ്ജനങ്ങളിൽ, മത്സ്യത്തിൽ, മാംസത്തിൽ, കുടിവെള്ളത്തിൽ വരെ വിഷത്തിന്റെ തുള്ളികൾ തൊട്ടിട്ടുണ്ട്.