കുട്ടികളിൽ വൃക്കരോഗം ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രിദ്ധിക്കേണ്ട 5 കാര്യങ്ങൾ

369

കുട്ടികളിൽ ഇന്ന് വൃക്ക രോഗം വർധിച്ചു വരുന്നതായാണ് കാണുന്നത്. കുട്ടികളിലെ വൃക്കരോഗങ്ങള്‍ കണ്ടെത്തുക ഭാവിയില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ചികിത്സ നടത്തുക .വൃക്കരോഗികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ്‌ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കുന്നത്‌. മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലെ വൃക്കരോഗത്തിലെ വര്‍ധനവാണ്‌ വളരെ ഉയര്‍ന്നിട്ടുള്ളത്‌. ലോക വൃക്കദിനത്തോടനുബന്ധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 15 വയസില്‍ താഴെയുള്ള സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ട്രൈബല്‍ സ്‌കൂളിലെ 16 വിദ്യാര്‍ഥികള്‍ക്ക്‌ പ്രാഥമിക വൃക്കരോഗം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ഗൗരവമായി കാണണം.

100 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ രക്‌തം, മൂത്രം, രക്‌തസമ്മര്‍ദം തുടങ്ങിയവയുടെ പരിശോധനയിലാണ്‌ 16 കുട്ടികളില്‍ പ്രാഥമിക വൃക്കരോഗ ലക്ഷണങ്ങള്‍ കണ്ടത്‌. ആരംഭത്തിലെ തന്നെ വൃക്കരോഗത്തിന്റെ തീവ്രത തിരിച്ചറിയാതെ ഇരുവൃക്കകളും തകരാറിലായതിനു ശേഷം ചികിത്സയ്‌ക്കെത്തുന്നതാണ്‌ ഭാവിയില്‍ ഗുരുതരമായ അവസ്‌ഥയിലേക്ക്‌ മാറുന്നത്‌.

മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ വളരെ വേഗംബാധിക്കും. പ്രതിരോധ ശേഷിയുടെ കുറവും ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളും കുട്ടികളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്‌. ഇതിന്റെ ഫലമായാണ്‌ 40 വയസിനു മുകളില്‍ മുതിര്‍ന്നവര്‍ക്കു കാണപ്പെടുന്ന പല രോഗങ്ങളും 15 വയസിനുള്ളില്‍ തന്നെ കുട്ടികളില്‍ കണ്ടെത്തുന്നത്‌. അമിതവണ്ണം പോലുള്ള ജീവിതശൈലീ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ വളരെ നേരത്തെയുണ്ടാകുന്നതു പോലെ വൃക്കരോഗവും മാറിയിരിക്കുന്നു.

വളരെ ഗുരുതരമായ അവസ്‌ഥയിലാണ്‌ പലപ്പോഴും തിരിച്ചറിയപ്പെടുന്നത്‌. വൃക്കയുടെ പ്രാഥമിക ധര്‍മ്മം ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണെങ്കിലും വളര്‍ച്ചയ്‌ക്കാവശ്യമായ ഹോര്‍മോണുകള്‍, കാത്സ്യം തുടങ്ങിയവയും വൃക്ക ഉല്‍പാദിപ്പിക്കുന്നുണ്ട്‌. വൃക്കയ്‌ക്ക് തകരാര്‍ സംഭവിക്കുന്ന ആദ്യ ഘട്ടത്തില്‍ കുട്ടികളില്‍ തളര്‍ച്ച, വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ തുടങ്ങിയവ കാണപ്പെടാറുണ്ട്‌. ഇതിന്റെ ഫലമായി ചില കുട്ടികളില്‍ ശരീരത്തിലെ എല്ലുകള്‍ വളയുന്ന അവസ്‌ഥയുണ്ടാകാറുണ്ട്‌. അതോടൊപ്പം തന്നെ ചില കുട്ടികളില്‍ ഉയരം വയ്‌ക്കാതിരിക്കുക, കൈകാലുകള്‍ക്ക്‌ നീളം വെയ്‌ക്കാതെ അസ്വാഭാവികത പ്രത്യക്ഷമാകുക തുടങ്ങിയവയുമുണ്ടാകും. ഗുരുതരമായ അവസ്‌ഥയിലേക്ക്‌ മാറുമ്പോഴാണ്‌ കൈകാലുകളില്‍ നീര്‍ക്കെട്ട്‌ പ്രത്യക്ഷപ്പെടുന്നത്‌.

കുട്ടികളില്‍ മൂത്രത്തില്‍ പഴുപ്പ്‌ കാണപ്പെടുന്നതും രാത്രിയില്‍ തുടര്‍ച്ചയായി മൂത്രമെഴിക്കാന്‍ തോന്നലുണ്ടാവുകയും മൂത്രം പുറത്തേക്കു പോകുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നതുമെല്ലാം ചിലപ്പോള്‍ സ്‌ഥായിയായ വൃക്ക സ്‌ഥംഭനത്തിലേക്ക്‌ നയിക്കാം. 1 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളിലും 2 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളിലും മൂത്രത്തില്‍ അണുബാധയോ പഴുപ്പോ ഉണ്ടാകുമ്പോള്‍ അതിന്റെ കാരണങ്ങളെ ആദ്യം തന്നെ തിരിച്ചറിയുന്നത്‌ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.

ജന്മനാലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും വൃക്കരോഗം വരാം. കുട്ടികളിലെ വൃക്കരോഗം ആദ്യദിശയില്‍ തന്നെ വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്നത്‌ ഈ ഘട്ടത്തിലാണ്‌. മൂത്രം പുറത്തേക്ക്‌ പോകുന്നതിനുള്ള തടസമാണ്‌ ഇതിന്റെ ആദ്യലക്ഷണങ്ങള്‍. മൂത്രത്തില്‍ പഴുപ്പ്‌, വേദന തുടങ്ങിയവയും ഇതിന്റെ ഭാഗമായ ലക്ഷണങ്ങളാണ്‌. ജനിതകവൈകല്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങളും ഗര്‍ഭകാലത്ത്‌ അമ്മയുപയോഗിക്കുന്ന മരുന്നുകളും ഭക്ഷണവും വരെ ജന്മനാലുള്ള വൃക്ക രോഗങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. ജന്മനാലുള്ള വൃക്ക തകരാറുകള്‍ക്കൊപ്പം പാരമ്പര്യമായ ഘടകങ്ങളും ഇതിനുപിന്നിലുണ്ട്‌. കൗമാരപ്രായത്തിലാണ്‌ പൊതുവേ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത്‌. ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ക്ക്‌ രോഗം കാണപ്പെടാനുള്ള സാധ്യതയും കൂടുതലാണ്‌്. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പാരമ്പര്യഘടകങ്ങള്‍ ഒരേ പോലെയാണ്‌ പ്രത്യക്ഷമാകുന്നത്‌.

ചികിത്സ നേരത്തെ നടത്തുക

വൃക്ക തകരാറിന്റെ തീവ്രതയ്‌ക്കനുസരിച്ചാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. തുടക്കത്തില്‍ തന്നെ വൃക്ക രോഗങ്ങള്‍ തിരിച്ചറിഞ്ഞ്‌ ചികിത്സിച്ചാല്‍ ഭാവിയിലെ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പ്രത്യേകിച്ച്‌ കുട്ടികളില്‍ ഇത്‌ ആദ്യം തന്നെ തിരിച്ചറിയപ്പെടുന്നത്‌ കുറഞ്ഞ കാലയളവിനുള്ളില്‍ ചികിത്സിച്ച്‌ ഭേദമാക്കുവാനും സഹായിക്കും. മൂത്രനാളിയിലുണ്ടാകുന്ന ബ്ലോക്ക്‌ മാറ്റുന്നതിനായി സര്‍ജറി നടത്തേണ്ടി വരും. ഒരു കിഡ്‌നിയില്‍ പഴുപ്പ്‌ കെട്ടിക്കിടക്കുകയാണെങ്കില്‍ അത്‌ നീക്കം ചെയ്യണം. ചികിത്സയിലൂടെ ഭേദമാക്കാവുന്ന വൃക്കരോഗത്തെ അക്യൂട്ട്‌ വിഭാഗത്തിലാണ്‌ പെടുന്നത്‌. വളരെ കുറച്ചു നാള്‍ ഡയാലിസിസ്‌ ഇതിനാവശ്യമായി വരും.

മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍

വൃക്കയ്‌ക്കുണ്ടാകുന്ന തകരാറുകള്‍ ശരീരത്തിലെ മറ്റ്‌ അവയവങ്ങള്‍ക്കും തളര്‍ച്ചയുണ്ടാക്കും. ഇന്ന്‌ പല കുട്ടികളിലും കാണപ്പെടുന്ന ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം, ഡയബറ്റിസ്‌, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, രക്‌തപ്രവാഹത്തില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യത, സ്‌ട്രോക്ക്‌ തുടങ്ങിയവയും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുണ്ട്‌. മറ്റ്‌ അവയവങ്ങളെ പോലെ തന്നെ വൃക്കയുടെ സംരക്ഷണവും പ്രധാനമാണെന്ന തിരിച്ചറിവാണ്‌ ആദ്യമുണ്ടാകേണ്ടത്‌.

മൂത്രാശയ സംബന്ധമായ പല പ്രശ്‌നങ്ങളും വൃക്ക രോഗത്തിന്റെ മുന്നോടിയായി വന്നെത്തുന്നതാണ്‌. മൂത്രം പിടിച്ചു നിര്‍ത്തുന്ന സ്വഭാവം പല കുട്ടികള്‍ക്കുമുണ്ട്‌. രക്ഷിതാക്കള്‍ ഇത്‌ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികളിലെ കിഡ്‌നി സംബന്ധമായ തകരാറുകള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയെന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. കുട്ടിക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ശാരീരികമായ അവശതകളുണ്ടായാല്‍ വളരെ നേരത്തെ തന്നെ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

ഭാവിയില്‍ ഉണ്ടാകാവുന്ന ആശങ്കകള്‍ ഒഴിവാക്കുന്നതിനായി കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം ശ്രദ്ധിക്കുകയും വേണം. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക്‌ വൃക്ക രോഗമുണ്ടെങ്കില്‍ കുട്ടികള്‍ക്കും വരുവാനുള്ള സാധ്യതയുണ്ട്‌. വിദഗ്‌ധമായ പരിശോധന നടത്താന്‍ ശ്രദ്ധിച്ചാല്‍ ഗുരുതരമായ അവസ്‌ഥ ഒഴിവാക്കാം.