HomeHealth Newsഫാറ്റിലിവർ മദ്യപാനികളുടെ മാത്രം രോഗമല്ല

ഫാറ്റിലിവർ മദ്യപാനികളുടെ മാത്രം രോഗമല്ല

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവ രോഗത്തെക്കാളുപരി ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. ഇവയ്ക്കിടയിലേക്ക് എത്തിയ മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ചെറുപ്പക്കാരിലാണ് ഫാറ്റി ലിവർ കൂടൂതലായി കണ്ടുവരുന്നത്.രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളിൽ കൊഴുപ്പു കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. സാധാരണ ഗതിയിൽ ഫാറ്റി ലിവർ അപകടകാരിയല്ല. എന്നാൽ ഒരാൾക്ക് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടായിരിക്കെ എൽ.എഫ്.റ്റിയിൽ അപാകതകളുണ്ടാകുകയും ചെയ്താൽ ഭാവിയിൽ അത് ഗുരുതരമായ കരൾ രോഗങ്ങൾക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങൾക്കും കാരണമായേക്കാം.

ദഹിച്ച എല്ലാ ആഹാരപദാർഥങ്ങളും ഗ്ലൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തെന്നു. ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ സംഭരിക്കുന്നു.

എന്നാൽ കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിലത്തെിയാൽ, കൊഴുപ്പ് വിതരണം ചെയ്യാനാകാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളിൽ നിന്ന് ഉപയോഗത്തിന് കൊഴുപ്പ് എടുക്കുമ്പോഴും കരളിൽ കൊഴുപ്പടിയാം.

കാരണങ്ങൾ
ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. സ്ഥിരമായി മദ്യപിക്കുന്ന 90 ശതമാനം പേരിലും ഫാറ്റി ലിവർ കാണപ്പെടുന്നു. ജീവിതശൈലിയിലെ ക്രമക്കേടുകൾകൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാം. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. കരളിനുണ്ടായേക്കാവുന്ന ഒരുപിടി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് ഡിസീസ് തുടങ്ങിയ ചില അപൂർവ്വ കരൾ രോഗങ്ങളുടെയും ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്.

ലക്ഷണങ്ങൾ

സാധാരണയായി ഫാറ്റി ലിവർ ഉള്ളവരിൽ പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണണമെന്നില്ല. എന്നാൽ ചിലർക്ക് അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്.

പ്രതിരോധം

കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ജീവിതശൈലി ക്രമീകരണത്തിലൂടെയും ലഘുവായ മരുന്നുകളിലൂടെയും ആദ്യഘട്ടത്തിൽ തന്നെ ഫാറ്റി ലിവർ നിയന്ത്രിക്കാം. ഫാറ്റി ലിവറുള്ളവർ മദ്യപാനം പൂർണമായും ഉപേക്ഷിക്കണം. ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും വ്യായാമം ചെയ്യുക. എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ അത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരിച്ചും മരുന്നുകളിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തണം.

ഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ മറ്റ് രക്തപരിശോധനകൾ, ഫൈബ്രോസ്‌കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments