ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻകാഫ് ആണെന്നാണു കരുതുന്നത്. ആ പുസ്തകത്തെ പ്രസിദ്ധ അമേരിക്കൻ പത്രാധിപരും നിരൂപകനുമായ നോർമൻ കസിൻസ് വിശേഷിപ്പിച്ചതിങ്ങനെ: ‘ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങൾ. ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം.’
എന്ത് കൊണ്ട് ഇതു സംഭവിച്ചുവെന്നതിന്റെ മനഃശാസ്ത്ര വിശകലനത്തിനു മുമ്പ് ഇതുകൂടി വായിക്കുക. അറുപതു ലക്ഷം ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായുദ്ധത്തിനു തന്നെ കാരണക്കാരനാവുകയും ചെയ്ത ഹിറ്റ്‌ലറെ ലോകം കണ്ട വലിയ ദുഷ്ട പ്രതിഭയാക്കിയത് പിതാവാണെന്നാണ് ചരിത്രം. ഹിറ്റ്‌ലർ ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ മകനായിരുന്നു. മകൻ തന്നെപ്പോലെ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, ചിത്രകലയിലായിരുന്നു ഹിറ്റ്‌ലറുടെ താൽപര്യം. ആ കഴിവിനെ അംഗീകരിക്കാൻ പിതാവ് തയ്യാറായില്ല. ഹിറ്റ്‌ലറുടെ കുട്ടിക്കാലത്ത് പിതാവ് ക്രൂര മർദനങ്ങൾ അഴിച്ചുവിട്ടു. ചാട്ടവാറു കൊണ്ട് നിർദയം പ്രഹരിച്ചു. പട്ടാളച്ചിട്ടയിലാണ് അദ്ദേഹം ഹിറ്റ്‌ലറെ വളർത്തിയത്. ഒരുദിവസം ക്ലാസിൽ കയറിയില്ല എന്ന കുറ്റത്തിന് ഒരു മരത്തോട് ചേർത്തു വരിഞ്ഞു കെട്ടി ബോധം കെടുന്നതുവരെ അപ്പൻ തല്ലുകയുണ്ടായി. കാലിൽ വീണു കേഴുകയും തറയിൽ കിടന്ന് മൂത്രമൊഴിക്കുകയും ചെയ്യും വരെ അദ്ദേഹം അവനെ മർദിക്കാറുണ്ടായിരുന്നു.
ഹിറ്റ്‌ലറിന് അഞ്ചു വയസ്സായപ്പോൾ അമ്മ സ്വന്തം വീട് വിട്ട് എങ്ങോട്ടോ പോയി. അപ്പൻ തരുന്ന ചാട്ടവാറടി നിശ്ശബ്ദമായി നിന്നു ഹിറ്റ്‌ലർ എണ്ണിക്കൊണ്ടിരുന്നു. നായ്ക്കളെ വിളിക്കുന്ന മാതിരി വിരലുകൾ വായിൽ തിരുകി വിസിലടിച്ചാണ് ആ പിതാവ് അവനെ വിളിച്ചിരുന്നതുപോലും. അപ്പനോട് പകരം വീട്ടാനും പാഠം പഠിപ്പിക്കുവാനും കരുതിക്കൂട്ടി ഹിറ്റ്‌ലർ പഠനം ഉഴപ്പിയതായി ജീവിത ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. വേദനയും പ്രയാസവും പ്രകടിപ്പിക്കാൻ ബാല്യകാലത്ത് ഹിറ്റ്‌ലറിന് അനുവാദമുണ്ടായിരുന്നില്ല. പിന്നീട് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി മാറിയപ്പോഴാകട്ടെ, തന്റെ കൊടും ക്രൂരതകൾ നിമിത്തം കൊടിയ ദുരിതവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മനുഷ്യരോട് അദ്ദേഹത്തിന് അനുകമ്പയോ ദയയോ തോന്നിയില്ല.
മക്കൾ പഠനത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലെത്തണമെന്ന അത്യാർത്തി മാതാപിതാക്കൾക്കുണ്ടാവുമ്പോഴും ഒരു മാർക്ക് കുറഞ്ഞുപോവുമ്പോഴും അക്ഷരങ്ങൾ തെറ്റുമ്പോഴും ക്രൂര പീഡനങ്ങൾ നടത്തുന്ന രക്ഷിതാക്കൾ പുതിയ ഹിറ്റ്‌ലർമാരെ സൃഷ്ടിക്കുകയാണെന്നറിയുന്നില്ല. കുട്ടികളുടെ മനസ്സിൽ മുറിവുണ്ടാക്കിയാൽ വരുന്ന ഭവിഷ്യത്തും മുറിവുണ്ടാക്കുന്നവർ അതുണ്ടാക്കാനുള്ള കാരണവും മനഃശാസ്ത്രപരമായി നമുക്ക് വിലയിരുത്താം. ഒരു വ്യക്തിയുടെ ഉള്ളിലേറ്റ വൈകാരിക മുറിവ് ഉണങ്ങാത്തിടത്തോളം കാലം അയാൾ സ്വയം വേദനിച്ചോ മറ്റുള്ളവരെ വേദനിപ്പിച്ചോ കഴിയും. സാധാരണഗതിയിൽ ഒരാഴ്ചക്കുള്ളിലോ ഒരു മാസം കൊണ്ടോ ആ വേദനയുടെ അനുഭവം അവർ മറന്നേക്കാം. വേദനക്ക് അൽപമെങ്കിലും ആശ്വാസം കിട്ടണമെങ്കിൽ അവരതു മറന്നേ മതിയാവൂ. മനഃശാസ്ത്രജ്ഞന്മാർ ഇതിനെ അടിച്ചമർത്തൽ (Suppression) എന്നു പറയുന്നു. അടിച്ചമർത്തൽ യഥാർത്ഥത്തിൽ വേദനയെ ഇല്ലാതാക്കുകയോ വൈകാരിക മുറിവിനെ ഉണക്കുകയോ ചെയ്യുന്നില്ല. മറിച്ച് വേദനയുടെ ഓർമയെ ബോധ മനസ്സിൽ നിന്നു അകറ്റിനിർത്തുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ ആ വേദന അബോധമനസ്സിൽ ഭവിക്കുകയും വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കത്തക്ക വിധത്തിൽ അവരുടെ പെരുമാറ്റത്തെ വിവിധ തരത്തിൽ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
കാനഡയിലെ ന്യൂറോ സർജനായിരുന്ന ഡോക്ടർ പെൻഫീൽഡ് തലച്ചോർ ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടിയിരുന്ന ഏതാനും രോഗികളിൽ ചില പഠനങ്ങൾ നടത്തി. കുട്ടികൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തലച്ചോറിൽ ലിഖിതമാകുന്നു. തലച്ചോറിൽ റിക്കാർഡ് ചെയ്യുന്നവ പിന്നീട് അവന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കണ്ടെത്തി. കുട്ടിക്കാലത്തെ പീഡനങ്ങൾ കുട്ടികൾക്ക് വിവേചിച്ചറിയാൻ കഴിയാത്തതുകൊണ്ട് തന്നെ എത്ര നിസ്സാരമായ തിരിച്ചടിയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്.
രണ്ടു വയസ്സിന് മുമ്പ് കുട്ടികളെ ശിക്ഷിക്കാത്ത രക്ഷിതാക്കൾ വിരളമാണ്. നിസ്സാര കാരണത്തിനുപോലും കൈ കൊണ്ടെങ്കിലും അടിച്ചിരിക്കും. സ്‌കൂൾ പഠനകാലമാകുമ്പോൾ വായിക്കാത്തതിനും എഴുതാത്തതിനും മാർക്ക് കുറഞ്ഞതിനും ശകാരവും ശിക്ഷയുമായി കുടുംബാന്തരീക്ഷം മലിനപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന പഠനം രക്ഷിതാക്കൾ നടത്തുന്നില്ല. കാരണം രക്ഷിതാവാകാനുള്ള പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാതെയാണ് ഈ റോളിലേക്ക് വരുന്നത്. ഹിറ്റ്‌ലറിന് പോസിറ്റീവ് സ്‌ട്രോക്കല്ല, മറിച്ച് നെഗറ്റീവ് സ്‌ട്രോക്കായിരുന്നു ലഭിച്ചത്. പൊട്ടൻ, മരമണ്ടൻ, മന്ദബുദ്ധി, പിശാച്, ഇബ്‌ലീസ്, ജന്തു, പഹയൻ തുടങ്ങിയ പേരുകൾ കൊണ്ട് കുട്ടികളെ അഭിസംബോധനം ചെയ്യുന്നവർ ഓർക്കുക. ഭാവിയിൽ മറ്റൊരു ഹിറ്റ്‌ലറെ നിങ്ങൾ വാർത്തെടുക്കുകയാണ്. ഒരു വ്യക്തിയുടെ വാക്കിനാലും പ്രവൃത്തിയാലും മറ്റൊരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന മുറിവ് നെഗറ്റീവ് സ്‌ട്രോക്കാണ്. ഇത് ചിലപ്പോൾ വിപരീത ഫലം ഉളവാക്കും.
ചെറുതും വലുതുമായ നിരവധി നെഗറ്റീവ് സ്‌ട്രോക്കുകൾ നാം മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരിക്കുന്നു. ഒരു വസ്തുവിനെയും നിരാശപ്പെടുത്തരുത്. ശപിക്കരുത്, ആക്ഷേപിക്കരുത്. അത് മറ്റുള്ളവരെ അക്രമത്തിലേക്കും പകയിലേക്കും പിണക്കത്തിലേക്കും നയിക്കും. കുഞ്ഞുങ്ങളിൽ കാണുന്ന തെറ്റിനെ നിശിതമായി വിമർശിക്കുന്നതിനു പകരം ലളിത ശൈലിയിൽ ബോധ്യപ്പെടുത്തികൊടുത്താൽ നന്നായിരിക്കും. ശപിക്കുന്നതും മറ്റും ഒരിക്കലും യോജിച്ചതല്ല. 1952-ൽ ന്യൂയോർക്കിലെ തെരുവുകളിലൂടെ ഒരു പന്ത്രണ്ടു വയസ്സുകാരൻ അലഞ്ഞു നടക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹമവനെ കൂടെ കൂട്ടി. അവനെ പുനരധിവസിപ്പിക്കാനായി അദ്ദേഹം പല സ്ഥാപനങ്ങളിലും ചെന്നു. പക്ഷേ, ആരും സ്വീകരിച്ചില്ല. നിർവാഹമില്ലാതെ അവൻ തെരുവിലേക്ക് തന്നെ മടങ്ങി. ആരുടെയും സ്‌നേഹം ലഭിക്കാതെ അനാഥനായി വളർന്ന ആ കുട്ടി എല്ലാ ദുഷ്ട സ്വഭാവങ്ങൾക്കും അടിമയായി. മോഷണവും പിടിച്ചുപറിയും നടത്തി ജീവിച്ചു. അവനാണ് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലയാളിയായ ലീഹാർവെ ഓസ്‌വാൾഡ്.
കുട്ടികൾക്ക് കിട്ടുന്ന അവഗണനകൾ, നെഗറ്റീവ് സ്‌ട്രോക്കുകൾ നിരവധിയാണ്. മണ്ടൻ, പൊട്ടൻ, എന്തിനാണ് നീ സ്‌കൂളിൽ പോവുന്നത്? പോത്തുപോലെ കയറിവരുന്നു, എന്താടോ പഠിച്ചാല്? വല്ല ഹോട്ടൽ ജോലിക്കും പോയിക്കൂടായിരുന്നോ? പൊട്ടനെപ്പോലെ ഇരിക്കും, മനുഷ്യന്റെ സൈ്വര്യം കെടുത്തുന്നു, പറഞ്ഞാൽ തിരിയാത്ത ജന്തു, നീയൊന്നും പഠിച്ചിട്ട് കാര്യമില്ല, നിന്നെക്കൊണ്ടൊന്നും ആവില്ല, തിന്നാൻ മാത്രം അറിയാം! പത്താം ക്ലാസിൽ എത്തുന്നതിനു മുമ്പ് പലപ്പോഴും കുട്ടികൾക്ക് ലഭിക്കുന്ന നെഗറ്റീവ് സ്‌ട്രോക്കുകളാണിവ. ഇത് അവരുടെ ഉപബോധ മനസ്സിലേക്ക് തള്ളിവിടുന്നു. അതുപോലെ ആവാൻ ശ്രമിക്കുന്നു. അവരുടെ മനസ്സ് സ്‌കാൻ ചെയ്യാൻ രക്ഷിതാക്കൾ തയ്യാറാവുന്നുവെങ്കിൽ വായിച്ചെടുക്കാൻ ചില വാചകങ്ങളുണ്ടാകുമായിരുന്നു. ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം, എനിക്ക് എന്തിനാണ് ഇവർ ജന്മം നൽകിയത്? മരിച്ചാൽ മതിയായിരുന്നു! നാട് വിട്ട് പോയാൽ കൊള്ളാം. തുടങ്ങിയവ അവരുടെ മനസ്സിൽ തിളച്ചു മറിയുന്നുണ്ടാകും.
ഭക്ഷണവും വസ്ത്രവും മറ്റു കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നു. അതേ സ്ഥാനത്ത്, നെറ്റിയിൽ ഒരു ചുംബനം മാതാപിതാക്കളിൽ നിന്നു ലഭിക്കുന്നില്ല. പരീക്ഷയിൽ പാസായ വിവരം വന്നുപറയുമ്പോൾ ഒരു ഷൈക്ഹാൻഡ് കിട്ടുന്നില്ല. സ്ലേറ്റിൽ ‘വലിയ ശരി’ വാങ്ങി വരുന്ന കുഞ്ഞിനു ‘വളരെ നന്നായിട്ടുണ്ട് മോനേ’ എന്ന അംഗീകാരത്തിന്റെ വചനം ലഭിക്കുന്നില്ല. സ്റ്റേജിൽ കയറി ഗാനമാലപിച്ചു കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ തോളിൽ തട്ടി ‘ഇനിയും ഉഷാറാവണം, പാട്ട് ഞാൻ ആസ്വദിച്ചു’ എന്ന അഭിനന്ദനം കുട്ടികളെ തേടിയെത്തുന്നില്ല. സ്‌നേഹ സ്പർശനവും നോട്ടവും ആലിംഗനവും തലോടലും പഞ്ചേന്ദ്രിയം ആഗ്രഹിക്കുന്നു. സ്‌നേഹത്തിന് ഓരോരുത്തരും ദാഹിക്കുന്നു. അതു ലഭിക്കാതിരിക്കുമ്പോൾ വികൃതിയിലൂടെ നെഗറ്റീവ് സ്‌ട്രോക്ക് ചോദിച്ചുവാങ്ങുന്നു.
ശിശു ഒരു തൈച്ചെടിയാണ്. അതിന്റെ വളർച്ചയ്ക്ക് ആവശ്യമുള്ള വളവും വെള്ളവും മഞ്ഞും സൂര്യ പ്രകാശവുമെല്ലാം യഥാവസരം ലഭിക്കുന്നില്ലെങ്കിൽ ആ ചെടിനാമ്പ് കരിഞ്ഞ് ഉണങ്ങിപ്പോകും. നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നത് എങ്ങനെയുള്ള മണ്ണിലാണ്? അവരുടെ വളർച്ചക്കാവശ്യമായ അനുകൂല സാഹചര്യങ്ങൾ ലഭിക്കുന്നുണ്ടോ? ചെടി നനയ്ക്കുന്നതിന് രണ്ട് രീതിയിൽ വെള്ളം ഒഴിക്കാം. ഒരു ബക്കറ്റ് നിറയെ വെള്ളം ചെടിയുടെ മുരടിൽ സാവധാനം ഒഴിച്ച് കൊടുക്കുന്നു. അത് ചെടിയുടെ വളർച്ചയ്ക്ക് സഹായകമാകും. അതേസ്ഥാനത്ത് വെള്ളം മുഴുവൻ ചെടിയുടെ മുകളിലൂടെ ശക്തിയിലൊഴിക്കുന്നുവെങ്കിലോ. ചെടി നശിക്കും. പരിലാളന കിട്ടുന്നില്ലെങ്കിൽ നട്ടെല്ല് ചുരുങ്ങിപ്പോകുമെന്ന പഴമൊഴി ഓർക്കുക.
കുട്ടികളെ സ്‌നേഹിച്ചാൽ മാത്രം പോരാ, സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് അവർക്ക് ബോധ്യപ്പെടണം! സ്പർശനത്തിന്റെയും തഴുകലിന്റെയും തലോടലിന്റെയും ആലിംഗനത്തിന്റെയും ഭാഷ മാത്രമേ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുകയുള്ളൂ. അത് ഇന്ന് പല കുഞ്ഞുങ്ങൾക്കും ലഭിക്കുന്നില്ല. ജനിച്ചയുടനെ കുഞ്ഞുങ്ങളോട് കാണിച്ച സമീപനമാണോ രണ്ടോ മൂന്നോ വയസ്സാകുമ്പോൾ നാം കാണിക്കുന്നത്? അവർക്ക് മാനസികോല്ലാസം ലഭിക്കുന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യണം. അവരുടെ കുരുന്നു കരങ്ങളിൽ പോറലേൽക്കാതിരിക്കാൻ ശ്രമിക്കണം. സ്‌നേഹം നഷ്ടപ്പെടുന്നു എന്ന തോന്നൽ അവരിൽ സൃഷ്ടിക്കരുത്. ചെറുപ്പത്തിലുള്ള ഈ പെരുമാറ്റമത്രയും അവരുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുക തന്നെ ചെയ്യും.