സൂക്ഷിക്കുക: സംസ്ഥാനത്ത് ആദ്യമായി പടർന്നുപിടിക്കുന്ന കോംഗോ പനിയുടെ ലക്ഷണങ്ങൾ ഇതാണ്: പ്രതിരോധമാർഗങ്ങളും അറിയാം

ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

ലക്ഷണങ്ങള്‍ ഇവയാണ്:

പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, കഴുത്ത് തിരിക്കാൻ പറ്റാതെവരിക, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അസുഖം ബാധിച്ചവരിൽ 40ശതമാനം വരെയാണ് മരണ നിരക്ക്.

പ്രതിരോധ മാർഗങ്ങൾ:

1. ചെള്ള് നാശിനികൾ ഉപയോഗിച്ചു ചെള്ളിനെ നശിപ്പിക്കുക.

2. വസ്‌ത്രങ്ങളിൽ ചെള്ള് ഉണ്ടോ എന്നു പരിശോധിക്കണം.

3. ശരീരത്തിൽ ലോഷൻ പുരട്ടുക (അസുഖം വന്ന പ്രദേശത്തുള്ളവർ മാത്രം), ഗ്ലൗസ് ഉപയോഗിക്കണം.

4. ഡെയറി ഫാമുകൾ ശാസ്‌ത്രീയമായി ‘മാനേജ്’ ചെയ്യുക (പ്രത്യേകിച്ച് അസുഖം വന്ന സ്‌ഥലങ്ങളിൽ).