HomeHealth Newsകുട്ടികളെ ശിക്ഷിക്കാം; എന്നാൽ നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകൾ കുട്ടികളുടെ മാനസികാരോഗ്യം പാടെ തകർക്കും !

കുട്ടികളെ ശിക്ഷിക്കാം; എന്നാൽ നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകൾ കുട്ടികളുടെ മാനസികാരോഗ്യം പാടെ തകർക്കും !

കുട്ടികൾക്ക് ശാരീരികാരോഗ്യം മാത്രം പോര. അവർക്ക് മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാൽ കുട്ടികളുടെ മാനസികാരോഗ്യം അവര്‍ വളരുന്ന ചുറ്റുപാടുകളെ ആശ്രയിരിക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും നിര്‍ണായക പങ്കുണ്ട്. കുട്ടികള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശാസിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ പലപ്പോഴും കുട്ടികളുടെ മാനസികാരോഗ്യം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം വിഷയങ്ങളില്‍ സാധാരണഗതിയില്‍ രക്ഷിതാക്കളില്‍ ചില തെറ്റായ പ്രവണതകള്‍ കണ്ടുവരുന്നു. രക്ഷിതാക്കളുടെ ചില സമയത്തെ അതിരു കടന്ന പെരുമാറ്റം. കുട്ടികളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കാറുണ്ട്.

 

ഓരോ കുട്ടിയുടേയും സ്വഭാവമനുസരിച്ച് വ്യത്യസ്ഥമായ രീതിയിലാകണം രക്ഷിതാക്കള്‍ കുട്ടികളെ സമീപിക്കേണ്ടത് എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദരുടെ അഭിപ്രായം. കുട്ടികളോട് എന്ത് പറയണം, എന്ത് പറയരുതെന്ന കാര്യത്തില്‍ ചില മാര്‍ഗരേഖകള്‍ മനശ്ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കാറുണ്ട്. ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങളുടെ കുട്ടികൾ മാനസികാരോഗ്യത്തോടെ മുന്നോട്ട് ജീവിക്കും.
1. കുട്ടികളുടെ തീരുമാനങ്ങളെ മാനിക്കുക

തെറ്റുകള്‍ പഠനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്ക് ഉണ്ടാകേണ്ടതാണ്. കുട്ടികളുടെ ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ അവരെ അബദ്ധങ്ങളില്‍ ചാടിച്ചേക്കാം. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ അവരെ പൂര്‍ണമായി തള്ളിപ്പറയുന്നതിന് പകരം, തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അത് ഇനി ആവര്‍ത്തിക്കരുതെന്ന് പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ ജീവിതത്തിലെ ചെറിയ തീരുമാനങ്ങള്‍ എടുക്കാന്‍ പോലും കുട്ടികള്‍ക്ക് പേടിയായിരിക്കും.
2. നിങ്ങളുടെ കുട്ടി മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്

നിങ്ങളുടെ കുട്ടി മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടികളെ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്ന കാര്യമാണ് മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നത്. ‘നിന്റെ പ്രായത്തില്‍ ഞാന്‍ അങ്ങനെയായിരുന്നു, അടുത്ത വീട്ടിലെ കൂട്ടിയെ കണ്ട് പഠിക്ക്’- ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ സാധാരണയായി രക്ഷിതാക്കള്‍ കുട്ടികളോട് പറയാറുള്ളതാണ്. ഇത് ഓഴിവാക്കി നമ്മള്‍ കുട്ടിയായിരുന്നപ്പോള്‍ അനുഭവിച്ച പ്രശ്നങ്ങള്‍ മനസിലാക്കി വ്യക്തമായ ധാരണയോടെ വേണം കുട്ടികളെ സമീപിക്കാന്‍. കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം സ്നേഹത്തോടെ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്.
3. സഹോദരങ്ങളുമായി താരതമ്യം വേണ്ട

സാധാരണഗതിയില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കുക അവരുടെ സഹോദരങ്ങളെ ചൂണ്ടിക്കാണിച്ചായിരിക്കും. ‘ചേച്ചിയേക്കണ്ട് പഠിക്ക്, അവരെപ്പോലെ ആയിക്കൂടെ’- എന്നിങ്ങനെ. ഇത്തരം ഉപദേശങ്ങള്‍ സഹോദരങ്ങളോട് വൈരാഗ്യം വരാന്‍ കാരണമാകും. ഇതിന് പുറമെ തന്നോട് എല്ലാവര്‍ക്കും വെറുപ്പാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാകും.
4. മറ്റുള്ളവരുടെ മുന്‍‌പില്‍ വച്ച് കുറ്റപ്പെടുത്തരുത്

നിങ്ങളുടെ കുട്ടി നിങ്ങളുടെ സ്വന്തമാണ്. അവനെ ശിക്ഷിക്കുന്നത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി. കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മാനസിക ആഘാതം ഉണ്ടാക്കുന്ന കാര്യമാണിത്. മറ്റുള്ളവരുടെ മുന്‍‌പില്‍ വച്ച് രക്ഷിതാക്കള്‍ കുട്ടികളെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തുന്നത് തെറ്റായ ഒരു പ്രവണതയാണ്. ഇത് അവരുടെ പഠനത്തേയും മറ്റും കാര്യമായി ബാധിക്കും. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടിയായിരിക്കും. ഇത് കാലക്രമേണ എല്ലാകാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാനുള്ള പ്രവണത കുട്ടികളില്‍ സൃഷ്ടിക്കും.
5. മോശമായ പദങ്ങള്‍ കുട്ടികള്‍ക്ക് നേരെ ഉപയോഗിക്കരുത്
കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അവര്‍ക്കുനേരെ മോശമായ പദങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റായ ഒരു പ്രവണതയാണ്. ഇത്തരം അനുഭവങ്ങള്‍ കുട്ടികളുടെ മനസിനെ മോശമായ രീതിയില്‍ ബാധിക്കും. മറ്റ് കുട്ടികളുടെ മാതാപിതാക്കളെപ്പോലെ അല്ലല്ലോ എന്റെ അച്ഛനും അമ്മയും എന്ന ചിന്ത അവര്‍ക്ക് ഉണ്ടായേക്കാം. ഇത് കുട്ടികളുടെ മനസില്‍ അക്രമവാസന വളരുന്നതിന് കാരണമാകും.
6. വീട്ടിലെ സംസാരം സൂക്ഷിക്കാം

അച്ഛനുമമ്മയും തമ്മില്‍ സദാ കാശുണ്ടാക്കുന്നതിനെക്കുറിച്ചും പണത്തെ ചുറ്റിപ്പറ്റിയും മാത്രമാണ് സംസാരമെങ്കില്‍, തീര്‍ച്ചയായും ഏറ്റവും വലിയകാര്യം അതു തന്നെയാണെന്ന് കുട്ടികള്‍ വിചാരിക്കും. പണം ഒരത്യാവശ്യവസ്തു ആണെന്ന ബോധമാണല്ലോ വേണ്ടത്. ആ തരത്തിലുള്ള സംഭാഷണങ്ങള്‍ മനഃപൂര്‍വ്വം തന്നെ ഉണ്ടാവണം. സാഹിത്യം, കല, ചരിത്രം, ലോകം, ഭൂമി, തമാശകള്‍, കുസൃതികള്‍, ശാസ്ത്രവിവരങ്ങള്‍ എന്നീ കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ ചര്‍ച്ച ചെയ്യുന്നത് കുട്ടികളുടെ മാനസികാരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാനസിക ആരോഗ്യം നശിച്ച കുട്ടികൾ നിങ്ങളുടെ കാലശേഷം ഈ ലോകത്ത് ഒറ്റപ്പെട്ടു പോകും. അതുകൊണ്ട് ഇപോഴേ സൂക്ഷിക്കുക. കതിരിൽ വളം വച്ചിട്ട് കാര്യമില്ലല്ലോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments