ഓൺലൈൻ ക്ലാസ്സിനിടയിൽ സംഭവിക്കുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: ഇല്ലെങ്കിൽ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം !

104

ഇത് ഓൺലൈൻ പഠനകാലമാണ്.കോവിഡ് നമ്മെ വീട്ടിലേക്ക് ചുരുക്കിയെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈൻ ആയി നടക്കുന്നുണ്ട്. ചിലപ്പോളെങ്കിലും ഇത് കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽനിന്നും രക്ഷപെടാം.

പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. കുട്ടിയുടെ ശ്രദ്ധ തിരിക്കുന്ന മറ്റ് ഘടകങ്ങള്‍ ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നിവര്‍ന്നിരിക്കാന്‍ കഴിയുന്ന രീതിയില്‍ കസേരയും മേശയും ക്രമീകരിക്കുക. നട്ടെല്ലിന് സപ്പോര്‍ട്ട് കിട്ടുന്ന തരം കസേര ഉപയോഗിക്കുക. ഇരുണ്ട മുറിയും അധിക പ്രകാശമുള്ള സ്ഥലവും ഒഴിവാക്കുക.

സ്‌ക്രീന്‍ കുറഞ്ഞത് 30–40 സെന്റീമീറ്റര്‍ അകലത്തില്‍ വയ്ക്കണം. തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നത് കൊണ്ടുള്ള ആയാസം കുറയ്ക്കാനായി ഇടയ്ക്ക് ദൂരെ ഉള്ള ഒരു ബിന്ദുവിലേക്ക് കൂടി നോക്കാന്‍ കുട്ടിയോട് ആവശ്യപ്പെടാം.

ഭക്ഷണക്രമം

സ്‌കൂളില്‍ പോകുന്നില്ലെങ്കിലും കൃത്യമായ ദിനചര്യ പാലിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാം. കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, പ്രഭാത കര്‍മ്മങ്ങള്‍ ചെയ്യുക, സമയത്ത് ആഹാരം കഴിക്കുക എന്നിവ സ്‌കൂള്‍ ഉള്ളപ്പോള്‍ എന്ന പോലെ തുടരാന്‍ പ്രോത്സാഹിപ്പിക്കുക. വൈറ്റമിന്‍ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും.