
പിസിഒഎസ് എന്നറിയപ്പെടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഇന്ന് മിക്ക സ്ത്രീകള്‍ക്കും ഉള്ള പ്രശ്‌നമാണ്. ഇത് ഒരു ഹോര്‍മോണ്‍ ഡിസോഡറാണ്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. അണ്ഡാശയത്തില്‍ ഉണ്ടാകുന്ന സിസ്റ്റുകളുടെ സാന്നിദ്ധ്യം, ക്രമം തെറ്റിയുള്ള ആര്‍ത്തവം, ആര്‍ത്തവം ഇല്ലാതെ വരിക, അമിതമായ ആൻഡ്രോജൻ, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ എന്നിവയാണ് പിസിഒഎസ് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്‌നം.
വൈറ്റ് ബ്രെഡ്, വെള്ള അരി, മധുരമുള്ള ധാന്യങ്ങള്‍ എന്നിവ പോലുള്ള ഉയര്‍ന്ന ഗ്ലൈസെമിക് ഇൻഡക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇൻസുലിന്റെ പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനാല്‍ തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി ബ്രൗണ്‍ റൈസ്, ഓട്‌സ് പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക. സംസ്‌കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്ക് പകരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പാലുല്‍പ്പന്നങ്ങളും പിസിഒഎസ് ഉള്ള ചില സ്ത്രീകള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ബദാം പാല്‍, തേങ്ങാപ്പാല്‍, കശുവണ്ടിപ്പാല്‍ എന്നിവ പോലുള്ള ഡയറി ഇതരമാര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകള്‍ അധികം കഴിക്കുന്നത് ഗുണകരമല്ല. ഫിഷ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരിമിതപ്പെടുത്തണം. പ്രത്യേകിച്ച് പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും. ഇവയ്‌ക്ക് പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ, പരിപ്പ്, ഒലീവ് ഓയില്‍, സാല്‍മണ്‍ ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഉയര്‍ന്ന കഫൈൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഹോര്‍മോണ്‍ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കോഫി പോലുള്ള കഫൈൻ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക. പകരം ഹെര്‍ബല്‍ ടീകള്‍ കുടിക്കാം. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ മദ്യം കരളിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ബാലൻസ്, ഇൻസുലിൻ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകാറില്ല. എന്നാല്‍ ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ലക്ഷണങ്ങളും സങ്കീര്‍ണതകളും വഷളാക്കാൻ സാദ്ധ്യതയുണ്ട്. ഇൻസുലിനും പ്രധാന പ്രശ്‌നമാണ്. ശരിയായ രീതിയില്‍ ഇൻസുലിൻ ഉപയോഗിക്കാൻ പ്രയാസമുണ്ടാകും. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.