ഈ 5 കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിക്കൂ; നിങ്ങൾ നോർമ്മലായ മനുഷ്യനാണോ എന്നറിയാം !

61

ഞാൻ നോർമ്മലാണോ ?  ഒരു മന:ശാസ്ത്രജ്ഞനെ ഒതുക്കത്തിൽ കിട്ടിയാൽ പലരും മനസ്സിൽ  അറിയാതെ ചോദിക്കുന്ന ചോദ്യമാണിത്.”എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ സാറെ” എന്ന കുതിരവട്ടം പപ്പുവിന്റെ  വട്ടുചോദ്യം നമ്മെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.  ചില ദുർബല നിമിഷങ്ങളിൽ പിരി മുറുകി വരുന്നതായും ചിന്തകൾക്ക് തീ പിടിച്ചതു പോലെയും, ഇരുന്നാൽ നടക്കാനും, നടന്നാൽ കിടക്കാനും, കിടന്നാൽ പറക്കാനുമൊക്കെ  തോന്നിപ്പോകുന്ന വല്ലായ്മകളിൽ അറിയാതെ നമ്മളും ചോദിച്ചു പോയിട്ടില്ലേ, ”ശരിക്കും എനിക്കു വട്ടാണോ” ?

രോഗിയുടെ കൂടെ വന്നയാളെ അബദ്ധത്തിൽ അഡ്മിറ്റാക്കിയ അമളികൾ മന:ശാസ്ത്രജ്ഞർക്കും പറ്റിയിട്ടുണ്ട്. ഒരു വ്യക്തിയുടെ മാനസികനിലയെ നോർമ്മലെന്നോ അബ്നോർമ്മലെന്നോ തിരിച്ചറിയാൻ മന:ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ചില അളവുകോലുകളെ പരിചയപ്പെടുന്നത് നമ്മുടെ മാനസികാരോഗ്യത്തെ സംരക്ഷിക്കാനും നമ്മളെത്തന്നെ കൂടുതൽ ആരോഗ്യമുള്ളവരായി നിലനിർത്താനും സഹായിക്കും.

സ്വയം അറിയുക

മാനസികാരോഗ്യത്തിന്റെ ഒന്നാം പടി സ്വയമുള്ള അറിവിലും ഇഷ്ട്ടത്തിലുമാണിരി-ക്കുന്നത്. ഒരു ‘പ്രേമം’ സിനിമയുടെ കെട്ടടങ്ങിയിട്ടില്ല ഇന്നും യുവ മനസ്സുകളിൽ. അറിയുക, പ്രേമം ആരംഭിക്കേണ്ടത് ആലുവാപ്പുഴയുടെ തീരത്തോ, പള്ളിയിലോ കോളെജിലോ വച്ചൊന്നുമല്ല. അത് ഒരു കണ്ണാടിയുടെ മുൻപിൽ തുടങ്ങണം. കണ്ണാടിയിൽ കാണുന്ന എന്നെക്കണ്ട് ആദ്യമേ പറയണം, ”എനിക്ക് നിന്നെ ഇഷ്ടായി” എന്ന്.

തലയ്ക്കകത്ത് പത്തിന്റെ വിവരമില്ല, കണ്ടാലും ഗ്ലാമറില്ല. എന്തിനിങ്ങനെ ജീവിക്കുന്നോ ആവോ?  അപകർഷതയാണ് പല മാനസിക  പ്രശ്നത്തിന്റെയും തുടക്കം.  ഒരു പൂവുകൊണ്ട് ഒരു പൂക്കാലം തീർക്കാൻ കഴിയണം. അധികമൊന്നുമില്ലെങ്കിലും എന്നിലെ എന്നെ ഞാനിഷ്ടപ്പെട്ടാൽ, പ്രേമിച്ചാൽ, സ്വർഗം ഭൂമിയിൽ ഇറങ്ങിവരും.

യാഥാർത്യ ബോധം

ഇന്നുകളിൽ ജീവിക്കാൻ മറക്കുന്നവരാണ് അധികവും. കഴിഞ്ഞ കാലത്തെ പിഴച്ച ഓർമകളിൽ, നാളെകളുടെ ആകുല ഉൽകണ്oകളിൽ  പുകയുന്നവർ. നമ്മളറിയേണ്ടത്, ഇന്നലെയും നാളെയും യാഥാർത്യമല്ല എന്നും അത് ഓർക്കാൻ കഴിയുന്നതു കൊണ്ടു മാത്രം സംഭവിക്കുന്ന  ഒരു അനുഭവമാണ്‌ എന്നുമാണ്. എകാഗ്രതയില്ലെന്നും പഠിച്ചത് മറന്നുവെന്നുമൊക്കെ പഴി പറയുന്നവരേ, ഇന്നിന്റെ യാഥാർത്യങ്ങളിലെക്ക് തിരിച്ചു വരിക. ഇന്നത്തെ വർത്തമാനകാലമാണ് നാളത്തെ ഭൂതകാലം. ഇന്നത്തെ കാര്യങ്ങളാണ് നാളെയുടെ ഭാവിക്കും വിലയിടുക.

വിഷാദരോഗികകൾ ഭൂതകാല ദുരന്തഓർമ്മകളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. വരാൻ പോകുന്ന ദുരന്തങ്ങളെ കാത്തിരിക്കുന്ന ആകുലചിത്തരാണ് ഉത്കണ്o രോഗികൾ.

വികാര ജീവികൾ

 ഇന്നത്തെ വ്യക്തികളെ ക്കുറിച്ച് പറയാവുന്ന ഒരു നല്ല വിശേഷണമാണ് വികാര ജീവികൾ. ഉള്ളിൽ വികാര വിക്ഷോഭത്തിന്റെ ഉഗ്ര ബോംബുകളുമായി നടക്കുന്നവർ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അത് എന്നെ ഉദ്ദേശിച്ച് പറഞ്ഞതാണ്,എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്  എന്നു സ്വയം വ്യാഖ്യാനിച്ച് പൊട്ടിത്തെറിക്കുന്നവർ. നമ്മിലെ ക്ഷമയെന്ന വികാരം കെട്ടു പോയിരിക്കുന്നു. ക്ഷുഭിത ബാല്യ, കൗമാര, യൗവ്വന ജീവിതങ്ങൾ ന്യൂജെൻ സ്റ്റൈയ്-ലായി മാറിയിരിക്കുന്നു.

സ്നേഹമാണെങ്കിലും,  ആഹ്ലാദമാണെങ്കിലും ദുഃഖമാണെങ്കിലും അതു പ്രകടിപ്പിക്കുമ്പോൾ ഭ്രാന്തമായി മാറുന്നു. അതുകൊണ്ടല്ലേ ബുൾഡോസറുകളും ”തീ” വണ്ടികളും ചെകുത്താൻമാരുമൊക്കെ നമ്മുടെ ആഘോഷത്തിന്റെ അടയാളങ്ങളായത്?

ബന്ധങ്ങൾ ബന്ധനങ്ങൾ

മാനസികാരോഗ്യമുള്ളവർ ആരോഗ്യകരമായ  ബന്ധങ്ങൾ തുടങ്ങുവാനും അതു നിലനിർത്തുവാനും കഴിവുള്ളവരാണ്. എത്ര മതിലുകൾ കെട്ടി നമ്മൾ ഒതുങ്ങാൻ  ശ്രമിച്ചാലും അതിനപ്പുറം ചില ബന്ധങ്ങളുടെ വാതായനങ്ങൾ നമുക്ക് തുറക്കേണ്ടതുണ്ട്. പലരുടെയും ഉയർച്ചയ്ക്കും ഇടർച്ചയ്ക്കും കാരണം സൗഹൃദങ്ങൾ തന്നെയാണ്. കൂട്ടുകെട്ടുകൾ ഉണ്ടാക്കുമ്പോൾ  കരുതലുണ്ടായിരിക്കണം.

കണ്ടു പരിചയപ്പെട്ട നാളുകളിൽതന്നെ രഹസ്യങ്ങളുടെ കലവറ തുറക്കുമ്പോൾ അറിയുക; ബന്ധുക്കൾ ശത്രുക്കളാകാൻ അധികസമയമൊന്നും വേണ്ടിവരില്ല. പരസ്പര ബഹുമാനത്തോടെ  അടുക്കേണ്ട അകലത്തിൽ അടുത്താൽ, അവയെ ആത്മാർത്ഥത കൊണ്ടു പരിചരിച്ചാൽ, ഏതു കൂട്ടുകെട്ടും ‘കൂട്ടിക്കെട്ടാ’കാതെ താങ്ങും തണലുമായി കാത്തു വയ്ക്കാനാവും. തളരുമ്പോൾ താങ്ങാൻ ഒരു കൂട്ടുള്ളവർക്ക് ഒരിക്കലും മന:ശാസ്ത്രജ്ഞനെ കൂട്ടുകാരനാക്കേണ്ടി വരില്ല.

ഫലമുള്ള വൃക്ഷങ്ങൾ

ഇത് വാഗ്ദാനങ്ങളുടെ തിരഞ്ഞെടുപ്പുകാലമാണ്. പറയുന്നവരും ഭാവിക്കുന്നവരും ഏറെയുണ്ട്. എന്നാൽ, പ്രവർത്തിക്കുന്ന ഫലവൃക്ഷങ്ങൾ കുറവാണ്. പഴി പറയാതെ, ചുറ്റുമുള്ള ഇടങ്ങളിൽ പ്രകാശം പരത്തുന്ന ‘അണ്ണാൻ കുഞ്ഞും തന്നാലായതു’ ചെയ്യുന്ന ഉപകാരമുള്ള വ്യക്തികളിലാണ് മാനസി കാരോഗ്യമുള്ളത്. നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്നവരുടെ എണ്ണമാണ് നമ്മുടെ വില. വെറുക്കപ്പെട്ടവനാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.

നടക്കാത്ത കാര്യങ്ങൾ, നടത്തിയിട്ടേ ഉള്ളു എന്നും വയ്യാത്ത ഭാരം തലയിലേറ്റുമെന്നും വാശി പിടിക്കാതെ, ആകാശങ്ങളെ സ്വപ്നം കാണുന്നതിനു മുൻപ്, യാഥാർദ്ധ്യത്തിന്റെ നിലങ്ങളിൽ കാലുകളുറപ്പിക്കാനും നമുക്ക് കഴിയണം. ലോകം നന്നാക്കാനിറങ്ങുന്നതിനു മുൻപ് കുടുംബവും, കൂട്ടുകാരെ മാറ്റുന്നതിനു മുൻപ് സ്വയം മാറാനും, നമ്മുടെ കണ്ണുകളിൽ വെളിച്ച മുണ്ടാകണം.

ചുരുക്കത്തിൽ പറഞ്ഞാൽ, സ്വയമറിഞ്ഞ്, അംഗീകരിച്ച് യാഥാർധ്യങ്ങളിൽ ജീവിച്ച്,പെരുമാറ്റങ്ങ ളിലും, വികാരങ്ങളിലും, നിയന്ത്രണമുള്ളവരായി, ആരോഗ്യപരമായ ബന്ധങ്ങൾ പുലർത്തി, കർമ നിരതരായ വ്യക്തികളാണ് അഥവാ നോർമൽ.

ഇനി പറയൂ, നിങ്ങൾ നോർമലാണോ………..?