പ്രവാസികളുടെ പ്രധാന അസുഖമായ മൂത്രാശയക്കല്ലിന് ഇതാ ഒരു ശാശ്വത പരിഹാരം; ഈ ചികിത്സാക്രമം ഒരു പരീക്ഷിക്കൂ

61

ഗൾഫ് പ്രവാസികളെ സംബന്ധിച്ച് സര്‍വ്വസാധാരണമായ ഒരു രോഗമാണ്‌ മൂത്രാശയക്കല്ല്‌. മറ്റൊന്നുമല്ല കടുത്ത ചൂടും വെള്ളം കുടിയുടെ കുറവും തന്നെ കാരണം. ചുട്ടുപൊള്ളുന്ന മരുഭൂമിയിലോ അല്ലെങ്കില്‍ ഉഷ്‌ണക്കൂടുതലുള്ള സ്‌ഥലങ്ങളിലോ ജോലിചെയ്യുന്നവര്‍ക്ക്‌ ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ഈ രോഗം വരാം. ഇത് കൂടാതെ പലവിധ കാരണങ്ങള്‍ ഈ രോഗത്തിന്‌ ഹേതുവായി ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ടെങ്കിലും നൂറ്‌ ശതമാനവും സംതൃപ്‌തിദായകമായ ഒരു കാരണമോ മറുപടിയോ ആധുനികശാസ്‌ത്രം നല്‍കുന്നില്ല.

അച്‌ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ ഈ രോഗത്തിന്റെ പ്രവണത ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ മറ്റ്‌ അംഗങ്ങള്‍ക്കും രോഗസാദ്ധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. മൂത്രത്തിലെ ഖരമാലിന്യങ്ങള്‍ വലിച്ചെടുത്ത്‌ വെള്ളത്തില്‍ ലയിപ്പിച്ച്‌ പുറംതള്ളുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൃക്കകള്‍ക്ക്‌ ആവശ്യമായ വെള്ളം കിട്ടാതെവരുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി പരസ്‌പരം ഒട്ടിച്ചേര്‍ന്ന്‌ കല്ലുകള്‍ രൂപപ്പെടുന്നു. അതുകൊണ്ട്‌ സാധാരണഗതിയില്‍ കുടിക്കുന്ന വെള്ളത്തേക്കാള്‍ കൂടിയ അളവില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം കുടിക്കണം. പരലുകളായി അടിഞ്ഞുകൂടുന്ന രാസവസ്‌തുക്കള്‍ പ്രധാനമായും കാത്സ്യം, ഫോസ്‌ഫറസ്‌, യൂറിക്‌ ആസിഡ്‌ എന്നിവയാണ്‌. ആധുനിക മനുഷ്യന്റെ കൃത്രിമ ഭക്ഷണരീതികളും സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ്‌ രോഗകാരണമായി പ്രകൃതിചികിത്സകര്‍ കാണുന്നത്‌. അതുകൊണ്ട്‌ അഴുക്ക്‌ നീക്കുന്നത്‌ രോഗനിവാരണമായും. ഇപ്പോഴത്തെ ഫാസ്‌റ്റ് ഫുഡും കൃത്രിമഭക്ഷണങ്ങളും ടിന്‍ഫുഡും രക്‌തത്തെ വിഷസങ്കലനാവസ്‌ഥയിലേക്ക്‌ നയിക്കുന്നു. ശരീരത്തിലെ ക്ഷാര അമ്ല അനുപാതം ശരിയായ നിലയില്‍ സൂക്ഷിക്കുന്നതിനുവേണ്ടി രാവിലെ വെറുംവയറ്റില്‍ അരഗ്ലാസ്‌ പിണ്ടിനിര്‌/ കുമ്പളങ്ങാനീര്‌, സമം വെള്ളം ചേര്‍ത്ത്‌ കുടിക്കണം. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ്‌ കരിക്കിന്‍വെള്ളവും കുടിക്കുക. മൂത്രാശയക്കല്ല്‌ വരുന്നത്‌ ഒഴിവാക്കാന്‍ ഈ രണ്ട്‌ കാര്യങ്ങളും വിലപ്പെട്ടതാണ്‌. ആഹാരത്തില്‍ ഒരു നേരെത്ത ഭക്ഷണം പഴങ്ങള്‍ മാത്രമാകട്ടെ. ഒരു നേരം അരിയാഹാരമാകാം. അതോടൊപ്പം വേവിച്ച പച്ചക്കറികളും ഇലക്കറികളും ഉള്‍ക്കൊള്ളിക്കണം. ഒരു നേരം- ഗോതമ്പ്‌/ റാഗി ഉപയോഗിക്കാം.
പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച്‌ കറി ഉണ്ടാക്കുന്നതും നല്ലതാണ്‌. മാംസാഹാരം, വറുത്ത സാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍, പഴകിയഭക്ഷണം എന്നിവ ഉപേക്ഷിക്കുക തന്നെ വേണം. കോള മുതലായ കൃത്രിമ ഭക്ഷ്യവസ്‌തുക്കളും വര്‍ജ്‌ജിക്കണം. മൃഗജന്യഭക്ഷണം കഴിക്കുന്നവരില്‍ രക്‌തത്തില്‍ യൂറിക്‌ ആസിഡ്‌ കൂടി കാണുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. ആഹാരത്തില്‍ ഉപ്പ്‌, മുളക്‌, മസാല എന്നിവ കഴിവതും കുറച്ചുമാത്രം ഉപയോഗിക്കുക.

ചികിത്സാക്രമം
മൂത്രാശയക്കല്ല്‌ വന്നു കഴിഞ്ഞവര്‍ ഭക്ഷണക്രമത്തോടൊപ്പം ചികിത്സാമുറകളും അനുഷ്‌ഠിക്കേണ്ടതുണ്ട്‌. (1) ഉദരസ്‌നാനം: പ്രത്യേകം തയ്യാറാക്കിയ ടബ്ബില്‍ 20 മിനിട്ട്‌ ഇരിക്കുന്ന രീതി. ആറിഞ്ച്‌ വെള്ളം എടുക്കണം. രാവിലെ വെറും വയറ്റിലാണ്‌ ഇരിക്കേണ്ടത്‌. ഉദരസ്‌നാനത്തിന്‌ ശേഷം 15 മിനിറ്റ്‌ നടക്കണം. ഉദരസ്‌നാനം എടുക്കുമ്പോള്‍ വയര്‍ തടവുന്നത്‌ നന്ന്‌. പലപ്പോഴും കഠിനമായ വേദനപോലും ഉദരസ്‌നാനം എടുക്കുമ്പോള്‍ കുറയുന്നത്‌ കണ്ടിട്ടുണ്ട്‌.

അടിവയറ്റില്‍ തോര്‍ത്തു നനച്ച്‌ പകുതി പിഴിഞ്ഞ്‌ മടക്കി ചുറ്റുന്നതും ഗുണം ചെയ്യും. 20 മിനിറ്റ്‌ ചുറ്റണം. ദിവസവും വേദനയുള്ള ഭാഗം ചൂടുപിടിക്കുന്നതും നല്ലതാണ്‌. 3-5 മിനിട്ട്‌ ചൂടുപിടിക്കാം. ഏകദേശം 2-3 ലിറ്റര്‍ ഞെരിഞ്ഞില്‍ തിളപ്പിച്ചവെള്ളം കുടിക്കണം. 8 മില്ലിമീറ്ററില്‍ താഴെയുള്ള കല്ലുകള്‍ വെളിയില്‍ പോകാന്‍ ഇത്‌ സഹായിക്കും. അതോടൊപ്പം ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടുന്നതിനെ തടയാനും ഞെരിഞ്ഞില്‍ വെള്ളം കുടിക്കുന്നത്‌ സഹായിക്കും.

വേദന കൂടുതല്‍ വരുന്നവര്‍ക്ക്‌ കളിമണ്‍പാക്ക്‌ അടവയറ്റില്‍ 20 മിനിട്ട്‌ വയ്‌ക്കുന്നതും ഗുണം ചെയ്യും. വേദനയുടെ കാഠിന്യമനുസരിച്ച്‌ പലതവണ കളിമണ്‍പാക്ക്‌ ഇടുന്നതും നന്നായിരിക്കും., സര്‍വ്വോപരി ഇതെല്ലാം വരാതിരിക്കാന്‍ ക്രമബദ്ധമായ പ്രകൃതിജീവനതത്വങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്‌തുകൊണ്ട്‌ രോഗമെന്ന ഇരുളിനെ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയും.