യുഎഇ പൊതുമാപ്പ് ഇതുവരെ പ്രയോജനപ്പെടുത്തിയത് 2459 പേര്‍; പ്രവാസികൾ ഇനിയും അറിയേണ്ട വിശദവിവരങ്ങൾ ഇതാ

യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ അല്‍ അവീര്‍ പൊതുമാപ്പ് സേവന കേന്ദ്രം 10,797 അപേക്ഷകരുടെ കാര്യം പരിഗണിച്ചതായി ബ്രി. ജനറല്‍ ഖലഫ് അല്‍ ഗൈത്ത് അറിയിച്ചു. ഈ മാസം ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ക്ക് സേവനം നല്‍കിയത്. 2459 പേര്‍ക്ക് ഔട് പാസ്(എക്‌സിറ്റ് പെര്‍മിറ്റ്) നല്‍കി.

‘താമസ രേഖകള്‍ ഉറപ്പാക്കി ജീവിതം സുരക്ഷിതമാക്കു’ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി വിവിധ രാജ്യക്കാരാണ് അവീറിലെ കേന്ദ്രത്തില്‍ ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ഈ കാലയളവില്‍ താമസ വീസ പുതുക്കിയത് 3422 പേരാണെന്നും അദ്ദേഹം അറിയിച്ചു. പൊതുമാപ്പ് കേന്ദ്രത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ദിവസം കൊണ്ട് 10 ദശലക്ഷം ദര്‍ഹത്തിലേറെ പിഴയാണ് നിയമ ലംഘര്‍ക്ക് വകുപ്പ് ഒഴിവാക്കിക്കൊടുത്തത്. പൊതുമാപ്പ് ദിനങ്ങളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടത്തി വീസയിലേയ്ക്ക് മാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കരിച്ചത് 2107 പേരാണ്. ഇതോടൊപ്പം വിവിധ ആമര്‍ സെന്ററുകള്‍ വഴി 2809 അപേക്ഷകര്‍ അപേക്ഷകളുമായെത്തി. മികച്ച സേവനങ്ങളാണ് നിയമലംഘകരായ താമസക്കാര്‍ക്ക് ലഭിച്ചത്.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഔട് പാസിന്റെ കാലാവധി 21 ദിവസമാണെന്ന് അല്‍ ഗൈത്ത് വ്യക്തമാക്കി. ഇതിന് മുന്‍പ് തന്നെ ആളുകള്‍ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊതുമാപ്പ് സേവനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് അവീറിലെ കേന്ദ്രത്തില്‍ ഒരിക്കിട്ടുള്ളത്. ആദ്യ ദിവസം തന്നെ 1534 അപേക്ഷകരെത്തിയിരുന്നു. രണ്ടാം ദിവസം എത്തിയത് 2464 പേര്‍.

സായിദ് വര്‍ഷാചരണത്തോടനു ബന്ധിച്ചാണ് വിവിധ കാരണങ്ങളാല്‍ താമസകുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമായി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമ ലംഘര്‍ക്ക് പിഴയും മറ്റു ശിക്ഷാനടപടികളും ഇല്ലാതെ തന്നെ സുഗമമായി അവരുടെ താമസ രേഖകള്‍ ഇവിടെ നിന്ന് കൊണ്ട് തന്നെ ശരിയാക്കാനാകും..