പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ശേഷം കാത്തിരിക്കുന്നത് കനത്ത ശിക്ഷകൾ; പ്രവാസികൾ ശ്രദ്ധിക്കുക

12

പൊതുമാപ്പ് അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ യുഎഇയിലെ അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യംവിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.

പൊതുമാപ്പിനു ശേഷവും രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും തടവുശിക്ഷയും ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പു നല്‍കി. നിയമലംഘകരെ ജോലിക്കുവയ്ക്കുന്ന കമ്പനി ഉടമയ്ക്ക് ആളൊന്നിന് അരലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഒരുലക്ഷം ദിര്‍ഹമാക്കും.

നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്തു തുടരാനോ ഉള്ള അവസരമാണു പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ 31ന് അവസാനിക്കും. 30 ദിവസമാണ് ഇനി അവശേഷിക്കുന്നത്.