ഗൾഫിൽ മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഇനി സൗജന്യമായി നാട്ടിലെത്തും: പദ്ധതി ഇങ്ങനെ:

86

ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നത് ഭീമമായ ചെലവ് കാരണമാണ്. ഇതോടെ ബന്ധുക്കൾ നിസ്സഹായരാവുകയും മൃതദേഹം വിദേശത്ത് തന്നെ സംസ്കരിക്കുകയും ചെയ്യുന്നതായിരുന്നു ഇക്കാലമത്രയും പതിവ്. എന്നാൽ പ്രവാസികളുടെ നീണ്ട കാലത്തെ ഈ ആവശ്യത്തിന് ഒരു പരിഹാരമാവുകയാണ്. പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർഇന്ത്യയുമായി നോർക്ക ധാരണയിലെത്തിയതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഗൾഫ് രാജ്യങ്ങളിൽവച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ തൊഴിൽ ഉടമയുടേയോ, സ്പോൺസറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി പ്രകാരം സൗജന്യമായി നാട്ടിലെത്തിക്കുക.

നോർക്ക റൂട്ട്സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവീസ് മുഖേനെ മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ സൗജന്യമായി എത്തിക്കും. ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റായ www. norkaroots. org -ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.