പ്രവാസികളുടെ ചിരകാലസ്വപ്നമായ ആ ഉത്തരവ് എത്തി: ഇനി ജോലി മാറാൻ എൻഒസി വേണ്ട ! പകരം ഈ സർട്ടിഫിക്കറ്റ് മാത്രം മതിയാകും

47

ഒമാനിലെ പ്രവാസികളുടെ ചിരകാല സ്വപ്നമായ ഉത്തരവ് ഒടുവിൽ പുറത്തിറങ്ങി. ഇനി ഒമാനിൽ ജോലി മാറുന്നതിന് ഇനി മുതല്‍ നിലവിലെ കമ്പനി ഉടമയുടെ എന്‍ഒസി ആവശ്യമില്ല. ജോലി കരാര്‍ പൂര്‍ത്തിയായി എന്നോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നോ ഉള്ള രേഖ മതിയാകും. കൂടാതെ മറ്റൊരു ഉടമക്ക് കീഴില്‍ ജോലി ചെയ്യാമെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് നല്‍കുന്ന അനുമതിയും ആവശ്യമാണ്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

2014ലാണ് എന്‍ഒസി നിയമം ഒമാനില്‍ നിലവില്‍ വന്നത്. വിദേശികള്‍ക്ക് ജോലി മാറണമെങ്കില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉടമയുടെ എതിര്‍പ്പില്ലാ രേഖ ആവശ്യമാണ് എന്നതായിരുന്നു നിയമം. അല്ലെങ്കില്‍ ഒമാന്‍ വിട്ടു പോയി രണ്ട് വര്‍ഷം കഴിഞ്ഞ് പുതിയ വിസയില്‍ എത്തണമായിരുന്നു. ഈ നിബന്ധനകളെല്ലാം എടുത്തു മാറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പ്രവാസികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന തീരുമാനമാണ് ഭരണകൂടം എടുത്തിരിക്കുന്നത്.

വിദേശികള്‍ക്കുള്ള താമസകാര്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശ്രൈഖിയാണ് തീരുമാനം അറിയിച്ചത്.